ഈ പഴങ്ങളുടെ വിത്തുകൾ കഴിക്കുന്നത് സുരക്ഷിതമോ? അറിയാം
Mail This Article
ഈ വേനലിൽ നിന്ന് അൽപം ആശ്വാസം കിട്ടാൻ പഴങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കും. തണ്ണിമത്തൻ, മസ്ക്ക്മെലൺ തുടങ്ങിയ പഴങ്ങളോടൊപ്പം അവയുടെ കുരുവും നമ്മൾ കഴിക്കാറുണ്ട്. എന്നാൽ പഴങ്ങളുടെ വിത്തുകൾ കഴിക്കുന്നത് സുരക്ഷിതമല്ല എന്നു പറയുന്നവരും ഉണ്ട്. ഇതിന്റെ വാസ്തവമറിയാം.
തണ്ണിമത്തൻ കുരു
ഇനി മുതൽ തണ്ണിമത്തൻ, കുരു കളയാതെ തന്നെ കഴിക്കാം. കാരണം ഇവ സുരക്ഷിതമാണെന്നു മാത്രമല്ല, പോഷകഗുണങ്ങളും ഏറെയാണ്. തണ്ണിമത്തന്റെ കുരുവില്‍ ഉയർന്ന അളവിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വൈറ്റമിനുകൾ, ധാതുക്കളായ മഗ്നീഷ്യം, അയൺ, സിങ്ക് എന്നിവയുണ്ട്.
തണ്ണിമത്തൻ കുരുവിനെക്കുറിച്ചുള്ള ഒരു തെറ്റായ ധാരണ, അത് അപ്പൻഡിസൈറ്റിസ് ഉണ്ടാക്കും എന്നുളളതാണ് ഇതിൽ വാസ്തവമില്ല.
തണ്ണിമത്തന്റെ കുരു വറുത്ത് ലഘുഭക്ഷണമായും സ്മൂത്തികളിൽ ചേർത്തു കഴിക്കുന്നത് ഏറെ നല്ലതാണ്. ഇത് പൊടിച്ച് പ്രോട്ടീൻ സപ്ലിമെന്റ് ആയും ഉപയോഗിക്കാം.
മസ്ക്ക്മെലൺ വിത്ത്
മസ്ക്ക് മെലണിന്റെ കുരുവും അപ്പൻഡിസൈറ്റിസിനും ദഹനപ്രശ്നങ്ങൾക്കും കാരണമാകും എന്നാണ് പലരും ധരിച്ചുവച്ചിട്ടുള്ളത്. എന്നാല്‍ മസ്ക്ക് മെലണിന്റെ കുരു പോഷകങ്ങൾ അടങ്ങിയതും സുരക്ഷിതവുമാണ്. ഭക്ഷ്യനാരുകൾ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, വൈറ്റമിനുകൾ, പ്രത്യേകിച്ച് വൈറ്റമിൻ എ, വൈറ്റമിൻ സി, ധാതുക്കൾ എന്നിവ ഇതിലുണ്ട്.
മസ്ക്ക്മെലണിന്റെ കുരുവിന് ഔഷധഗുണങ്ങളും ഉണ്ട്. ആയുർവേദത്തിൽ നിരവധി രോഗങ്ങൾക്ക് മരുന്നായി ഇത് ഉപയോഗിക്കുന്നു. മൂത്രസംബന്ധമായ പ്രശ്നങ്ങൾ, ദഹനപ്രശ്നങ്ങൾ, ശ്വസനപ്രശ്നങ്ങൾ ഇവയ്ക്കെല്ലാം ഇത് പരിഹാരമേകും. പൊടിച്ചോ അരച്ച് പേസ്റ്റ് ആക്കിയോ ഇത് ഉപയോഗിക്കാം.
പഴവിത്തുകളുടെ ഗുണങ്ങൾ
തണ്ണിമത്തന്റെയും മസ്ക്ക് മെലണിന്റെയും വിത്തുകൾ പോഷകങ്ങളുടെ കലവറയാണ്. ശരീരത്തിന് ആവശ്യമായ വൈറ്റമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ ഇവയെല്ലാം നൽകാൻ ഇവയ്ക്കാകും.
∙ഈ പഴങ്ങളുടെ വിത്തുകളിൽ നാരുകൾ ധാരാളമുണ്ട്. ഇത് ദഹനം എളുപ്പമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
∙പഴവിത്തുകളിൽ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകളും ഹൃദയാരോഗ്യമേകുന്ന പോഷകങ്ങളും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും.
∙ഇവയിടലടങ്ങിയ വൈറ്റമിനുകളും ധാതുക്കളും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
∙പഴവിത്തുകളിലടങ്ങിയ പ്രോട്ടീനും ഫൈബറും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ശരീരഭാരം കൂടാതെ കാക്കുന്നു.
മുന്‍കരുതൽ ആവാം
തണ്ണിമത്തന്റെയും മസ്ക്ക്മെലണിന്റെയും കുരു പൊതുവെ സുരക്ഷിതമാണെങ്കിലും ഇവ കഴിക്കുന്നതിന് അൽപം മുൻകരുതൽ എടുക്കാം.
∙കഴിക്കാം മിതമായി
മറ്റേതൊരു ഭക്ഷണത്തെയും പോലെ ഈ വിത്തുകളും മിതമായി കഴിക്കണം. അമിതമായി കഴിച്ചാൽ ദഹനപ്രശ്നങ്ങൾക്കും കാരണമാകും.
∙അലര്‍ജികൾ
ചിലരിൽ ഇവ അലർജി ഉണ്ടാക്കും. അതുകൊണ്ട് ആദ്യം വളരെ ചെറിയ അളവിൽ മാത്രമേ കഴിക്കാവൂ.
കഴിക്കേണ്ട വിധം
പഴവിത്തുകൾ ഉപയോഗിക്കുന്നതിനു മുമ്പ് വറക്കുന്നതും ഉണക്കുന്നതും രുചി കൂട്ടും.
തണ്ണിമത്തന്റെയും മസ്ക്ക്മെലണിന്റെയും വിത്തുകൾ സുരക്ഷിതവും പോഷകപ്രദവുമാണ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഇവ ഇനി മുതൽ വലിച്ചെറിയാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കാം: വിഡിയോ