ADVERTISEMENT

പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് ജോയിന്റ് സുപ്രണ്ടായി 2017ൽ വിരമിച്ച കോഴിക്കാട് മലാപ്പറമ്പ് വായ്പുകാട്ടിൽ പി.എം.സെബാസ്റ്റ്യൻ വിശ്രമജീവിതം എന്ന പേരിൽ ഒരു ദിവസം പോലും വീട്ടിലിരുന്നിട്ടില്ല. കൃഷിമോഹവുമായി ഈ രംഗത്തേക്കു വരുന്നവർക്ക് ലാഭേച്ഛയില്ലാതെ അറിവു പകരുകയാണ് അദ്ദേഹത്തിന്റെ ദൗത്യം. വിശേഷിച്ചും നഗരമധ്യത്തിൽ 5–10 സെന്റിൽ താമസിക്കുന്ന കൃഷിപ്രേമികൾക്ക്. 5 സെന്റ് പുരയിടത്തിൽനിന്നുപോലും വീട്ടാവശ്യത്തിനും വിൽപനയ്ക്കും വഴിതെളിക്കുന്ന വിളക്കൂട്ടുകൾ അദ്ദേഹം നിർദേശിക്കും. കോട്ടയം മണിമലയിൽനിന്നു കോഴിക്കാട് കട്ടിപ്പാറയിലേക്കു കുടിയേറിയ കർഷക കുടുംബത്തിലെ അംഗമായ സെബാസ്റ്റ്യൻ ഉദ്യോഗാർഥം കോഴിക്കോട് ടൗണിൽ താമസമാക്കിയെങ്കിലും കൃഷിമോഹം വിട്ടിരുന്നില്ല. വീടിരിക്കുന്ന എട്ടര സെന്റിനെ പറ്റാവുന്നത്ര കൃഷിസമൃദ്ധമാക്കി. സർവീസിൽനിന്നു പിരിഞ്ഞതോടെ അട്ടപ്പാടിയിൽ 17 ഏക്കറിൽ വിപുലമായി പപ്പായക്കൃഷിയും തുടങ്ങി. നിലവിൽ പപ്പായ ഉൾപ്പെടെ പഴവർഗവിളകൾക്ക് ഊന്നൽ നൽകിയുള്ള പുരയിടക്കൃഷിയുടെ പ്രചാരകനായി പ്രവർത്തിക്കുകയാണു സെബാസ്റ്റ്യൻ.

home-garden-2

ഉദ്യോഗത്തിൽനിന്നു വിരമിച്ചു കൃഷിയിലേക്കു തിരിയുന്നവരിൽ, ലാഭം കണ്ടു മുതൽ മുടക്കുന്നവരെക്കാൾ കൃഷി നൽകുന്ന സന്തോഷം പ്രതീക്ഷിക്കുന്നവരാണു കൂടുതൽ. എങ്കിലും  കൃഷിയിൽനിന്നു ലഭിക്കുന്ന ചെറിയ വരുമാനം പോലും അവർക്കെല്ലാം തുടർക്കൃഷിക്കുള്ള ഊർജവുമായി മാറുമെന്നു സെബാസ്റ്റ്യൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നു സയന്റിഫിക് ഓഫീസറായി വിരമിച്ച ബാബു(പി.വി.ദേവസ്യ) അങ്ങനെയൊരാളാണ്. നഗര നടുവിൽ വീടിനു പിന്നിലുള്ള 9 സെന്റിൽ സെബാസ്റ്റ്യന്റെ മേൽനോട്ടത്തിൽ കൃഷി ചെയ്യുന്ന ബാബുവിനിന്ന് ഈ ചെറുകൃഷിയിടത്തിൽനിന്ന് വീട്ടാവശ്യത്തിനും വിൽപനയ്ക്കുമുള്ള പഴങ്ങളും പച്ചക്കറികളും ലഭിക്കുന്നു. സ്ഥലപരിമിതി മനസ്സിലാക്കി കൃത്യമായ മുന്നൊരുക്കത്തോടെ തികച്ചും ശാസ്ത്രിയമായി ആസൂത്രണം ചെയ്തിരിക്കുന്ന കൃഷിയിടമാണിത്. പ്ലാവും മാവും പേരയും റംബുട്ടാനും അബിയുവും പപ്പായയും വാഴയും മുതൽ പൈനാപ്പിൾ വരെ ഇടം പിടിച്ചിരിക്കുന്ന ഈ 9 സെന്റിന്റെ അതിരുകളിലായി 42 കമുകും കൃഷി ചെയ്തിരിക്കുന്നു. അവ കൂടി വിളവിലെത്തുന്നതോടെ വരുമാനത്തിൽ മികച്ച വർധനയുണ്ടാകുമെന്നു ബാബു.

Read also: പച്ചക്കറി വേണം പക്ഷേ, വീട് നശിക്കരുത്; ടെറസ്സിൽ പച്ചക്കറിക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാടു പിടിച്ചു കിടന്ന സ്ഥലം ഇങ്ങനെയൊരു കൃഷിയിടമാക്കാൻ വേണ്ടി വന്ന ചെലവാകട്ടെ ഏകദേശം 35,000 രൂപ മാത്രവും. ടാങ്ക് ആവശ്യമില്ലാതെ, മോട്ടോർ പ്രവർത്തിപ്പിച്ചു കുറഞ്ഞ സമയംകൊണ്ടു നന സാധിക്കുന്ന മിനി സ്പിന്നർ സൗകര്യം ഒരുക്കിയിരിക്കുന്നതിനാൽ അധ്വാനവും കുറവ്. ഒരു വർഷം മുൻപു മാത്രമാണു കൃഷി തുടങ്ങിയതെങ്കിലും വീട്ടാവശ്യം കഴിഞ്ഞ് 9000 രൂപയുടെ വാഴക്കുല ഇതുവരെ വിറ്റെന്ന് ബാബു. പച്ചമുളകുൾപ്പെടെ വിവിധ പച്ചക്കറികളും വിൽക്കാനുണ്ട്. വാങ്ങാനാണെങ്കിൽ നഗരത്തിൽ ഇഷ്ടം പോലെ അയൽക്കാരും.

ഫോൺ: 9846445631 (സെബാസ്റ്റ്യൻ– വാട്സാപ് മാത്രം), 7034382201 (ദേവസ്യ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com