ADVERTISEMENT

പച്ചമുളകോ... നമ്മുടെ നാട്ടിലോ... അതൊന്നും ഉണ്ടാവില്ലെടാ ഉവ്വേ... നമ്മുടെ നാട്ടിലെ പൊതുവേയുള്ള ചിന്താഗതിയാണിത്. സ്വന്തം നാട്ടിൽ ഉണ്ടാവില്ല എന്ന് കരുതി ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ലോറികൾക്കായി കാത്തുനിൽക്കാനാണല്ലോ മലയാളികൾക്ക് ഇഷ്ടം. എന്നാൽ, പച്ചമുളക് ഇവിടെ കൃഷി ചെയ്തിട്ടേയുള്ളൂവെന്ന ദൃഢനിശ്ചത്തോടെ മുന്നിട്ടിറങ്ങിയ 5 സുഹൃത്തുക്കളുടെ അധ്വാനം വെറുതെയായില്ല എന്നതിന് തെളിവ് കോട്ടയം ജില്ലയിലെ പാലായിൽ കാണാം. പാലാ അരുണാപുരത്തുനിന്ന് ഊരാശാല വഴിയേ പോയാൽ ഗ്രീൻ ചില്ലി എന്ന കൂട്ടായ്മയിലെ 5 സുഹൃത്തുക്കൾ 30 സെന്റിൽ ചിട്ടപ്പെടുത്തിയെടുത്തിരിക്കുന്ന പച്ചമുളക് പാടം കാണാം.

തരിശായി കിടന്നിരുന്ന 30 സെന്റ് സ്ഥലം വൃത്തിയാക്കി ഗ്രോബാഗുകളിലാണ് പച്ചമുളക് കൃഷി ചെയ്തിരിക്കുന്നത്. കളപറിക്കാനുള്ള സൗകര്യവും ചെടികളുടെ സംരക്ഷണവും മുൻനിർത്തിയാണ് കൃഷി ഗ്രോബാഗിലാക്കാം എന്ന് ഈ സുഹൃത്തുക്കൾ തീരുമാനിച്ചത്. ഇവരുടെ പരിശ്രമത്തിൽ 2500 പച്ചമുളക് ചെടികൾ ഇവിടെ വളരുന്നു. ഒപ്പം മികച്ച വിളവും തരുന്നു.

green-chilly-farming
മുളകുതോട്ടം

സുഹൃത്തുക്കളും അയൽക്കാരുമായ സിബി ഇരുപ്പക്കാട്ട്, പ്രിൻസ് കിഴക്കേക്കര, ജിമ്മി ജോസഫ് തയ്യിൽ, മാത്യു ജോസഫ് എടാട്ടുപറമ്പിൽ, ജോസഫ് ജോർജ് തൊട്ടിയിൽ എന്നിവരാണ് ഈ ഉദ്യമത്തിനു പിന്നിൽ. 5 പേരും വ്യത്യസ്ത പ്രൊഫഷനുകളിലാണെങ്കിലും കാർഷികപശ്ചാത്തലത്തിൽനിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ കൃഷിയിൽ അൽപം വ്യത്യസ്തമായി ചിന്തിക്കാമെന്ന് അഞ്ചു പേരും തീരുമാനിക്കുകയായിരുന്നു.

പച്ചമുളക് കൃഷി വലിയ രീതിയിൽ ചെയ്യുക എന്നതായിരുന്നില്ല ഈ കൂട്ടായ്മയുടെ ലക്ഷ്യം. വീടുകളിലെ പ്രായമായവർക്ക് മാനസികോല്ലാസത്തിനായി ഗ്രോബാഗിൽ പച്ചക്കറിത്തൈ വിതരണം ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം. എന്നാൽ, പച്ചമുളക് നല്ലരീതിയിൽ ഉൽപാദിപ്പിക്കാനാകും എന്ന് കൃഷി ചെയ്ത് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ തങ്ങൾ ഇവ മറ്റുള്ളവർക്ക് നൽകൂ എന്ന് സിബി ഇരുപ്പക്കാട്ട്. ഇപ്പോൾ പച്ചമുളക് നട്ടിട്ട് 72 ദിവസമായി. മികച്ച വിളവും ലഭിച്ചു. അതുകൊണ്ടുതന്നെ വിജയകരമായി പച്ചമുളക് കൃഷിചെയ്യാനാകുമെന്ന് ഉറപ്പു നൽകാനാകുമെന്ന് അദ്ദേഹം പറയുന്നു.

ആന്ധ്രയിൽനിന്നെത്തിച്ച തേജ ഇനത്തിൽപ്പെട്ട പച്ചമുളകാണ് ഇവിടെ കൃഷി ചെയ്തത്. പ്രോട്രേകളിൽ പാകി മുളപ്പിച്ച തൈകൾ ഗ്രോബാഗിലേക്ക് പൈറിച്ചുനടുകയായിരുന്നു. പ്രോട്രേകളിൽ വിതച്ച വിത്തുകൾ 8 ദിവസംകൊണ്ടാണ് മുളയ്ക്കുക. ശേഷം 20 ദിവസത്തെ വളർച്ചയായപ്പോൾ ഗ്രോബാഗിലേക്കു മാറ്റിനട്ടു. അതായത്, വിത്തു പാകി 28–ാം ദിവസമെങ്കിലും പ്രോട്രേയിൽനിന്ന് തൈ ഗ്രോബാഗിലേക്ക് മാറ്റി നട്ടിരിക്കണം. അല്ലാത്തപക്ഷം ചെടിയുടെ വളർച്ചയെ പ്രതീകൂലമായി ബാധിക്കും. 60–ാം ദിവസം മുതൽ വിളവെടുപ്പു തുടങ്ങാം. 

മണ്ണ്, ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്താണ് നടീൽ മിശ്രിതം തയാറാക്കിയത്. തൈ നട്ട് ഓരോ ആഴ്ചയും ചാണകം, സ്യൂഡോമൊണാസ്, പുളിപ്പിച്ച കടലപ്പിണ്ണാക്ക് എന്നിവ ചേർത്ത വളക്കൂട്ടിന്റെ തെളി ഒഴിച്ചു നൽകും. ഇതിലെ സ്ലറി ഫംഗസ് ബാധയ്ക്കു കാരണമായേക്കാവുന്നതുകൊണ്ട് തെളി മാത്രമേ ചെടിക്ക് നൽകൂ. കായുൽപാദനം തുടങ്ങിയതോടെ ചെറിയ തോതിൽ പൊട്ടാഷും നൽകുന്നുണ്ട്. ഇത് മികച്ച ഉൽപാദനത്തിന് സഹായിക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്ന രീതി ഇവിടില്ല. അതുകൊണ്ടുതന്നെ രോഗം വരാതിരിക്കാനായി വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം ആഴ്ചയിൽ ഒന്ന് എന്ന തോതിൽ തളിച്ചു കൊടുക്കുന്നു. ജലസേചനത്തിനായി തിരിനന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

green-chilly

ദിവസവും രാവിലെ 2 മണിക്കൂർ വീതമാണ് ഈ സുഹൃത്തുക്കൾ കൃഷിയിടത്തിൽ വിനിയോഗിക്കുന്നത്. രാവിലെ ഏഴു മുതൽ 9 വരെ എല്ലാവരും ഇവിടുണ്ടാകും. വളപ്രയോഗവും കളപറിക്കലും വിളവെടുപ്പും പുതിയ ഗ്രോബാഗ് നിറയ്ക്കലുമെല്ലാം ഈ അഞ്ചുപേരും ഒരുമിച്ചുതന്നെ. അതുകൊണ്ടുതന്നെ പുറമേനിന്ന് തൊഴിലാളികളെ വിളിക്കേണ്ടി വന്നിട്ടില്ല. 

ഓർഡർ അനുസരിച്ചുള്ള വിളവെ‌‌ടുപ്പാണ് ഇവരുടെ മറ്റൊരു പ്രത്യേകത. വിളവെടുത്തശേഷം ആവശ്യക്കാരെ തേടുന്ന രീതി ഇല്ല. അതുകൊണ്ടുതന്നെ വിൽപനയ്ക്കു ബുദ്ധിമുട്ടും ഉണ്ടാവുന്നില്ലെന്ന് 5 പേരും പറയുന്നു. പ്രധാനമായും കടകളിൽനിന്നുള്ള ഓർഡറാണ് ലഭിക്കുക. എങ്കിലും കൃഷിയിടത്തിലെത്തി വാങ്ങുന്നവരുമുണ്ട്. ഇവർക്ക് 200 ഗ്രാം പായ്ക്കുകളിലാക്കിയാണ് വിൽക്കുക. 

7 ദിവസം കൂടുമ്പോഴാണ് വിളവെടുപ്പ്. ഒരു ചെടിയിൽനിന്ന് ശരാശരി 150 ഗ്രാം മുളക് ലഭിക്കുന്നുണ്ട്. ആകെ 4 മാസത്തോളം ഒരു ചെടിയിൽനിന്ന് വിളവെടുക്കാനാകും. അതായത്, നല്ല രീതിയിൽ സംരക്ഷിച്ചാൽ ഒരു ചെടിയിൽനിന്ന് ശരാശരി 2 കിലോ മുളക്.

ഈ പച്ചമുളക് പഴുത്തശേഷം ഉണങ്ങിയെടുത്താൽ വറ്റൽ മുളകായി ഉപയോഗിക്കാം. നമ്മുടെ കാലാവസ്ഥയിൽ മുളക് കീറി ഉണങ്ങിയെങ്കിൽ മാത്രമേ കൃത്യമായി ഉണങ്ങിലഭിക്കൂ എന്ന് സിബി പറയുന്നു. ഇത്തരത്തിൽ കുറച്ചു മുളകുചെടികൾ വീടുകളിൽ വളർത്തിയാൽ വീട്ടിലേക്കാവശ്യമായ പച്ചമുളകും മുളകുപൊടിയും തനിയേ ഉൽപാദിപ്പിക്കാവുന്നതേയുള്ളൂ. ആ സന്ദേശം എല്ലാവരിലുമെത്തിക്കാനാണ് ഈ 5 സുഹൃത്തുക്കളുടെയും ശ്രമം. ആ ശ്രമത്തിൽ വിജയിക്കാനാകുമെന്ന ശുഭാഭ്തിവിശ്വാസത്തിലാണ് ഈ 5 സുഹൃത്തുക്കൾ. 

ഫോൺ: 9495165043, 9446350323

English summary: Farming, Green Chilli Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com