ADVERTISEMENT

പുരയിടമാകെ ഉദ്യാനമായി മാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പൂച്ചെടികളും പുൽത്തകിടിയും നടപ്പാതകളും നീന്തൽകുളവും മത്സ്യക്കുളവും പക്ഷിക്കൂടുകളുമൊക്കെയുള്ള ഒന്നാംതരം ആരാമത്തിനു നടുവിൽ അകത്തളസസ്യങ്ങളാൽ അലംകൃതമായ വീട്! ആ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് കായംകുളം പത്തിയൂർ സ്വദേശി വിദ്യാസാരംഗും ഭാര്യ ബീനാ സാരംഗും. ബിസിനസുകാരനായ സാരംഗിന്റെ വീട്ടിലേക്കു കടന്നുവരുന്ന അതിഥികൾക്കെല്ലാം ഈ പൂന്തോട്ടം മറക്കാനാവാത്ത കാഴ്ച.

പുരയിടമാകെ പൂന്തോട്ടമാക്കിയാൽ അടുക്കളയിലേക്കു വേണ്ടതൊക്കെ എവിടെ കൃഷി ചെയ്യുമെന്നാവും നിങ്ങളുടെ സംശയം.   അടുക്കളത്തോട്ടത്തിനും  ഈ ഉദ്യാനത്തിൽ ഇടമുണ്ടെന്നാണ്  മറുപടി. ചൊകചൊകന്ന ചീരയും വയലറ്റ് വഴുതനയും പച്ചപ്പിന്റെ കൂടാരം തീർക്കുന്ന പയറുമൊക്കെയുള്ളപ്പോൾ എന്തിനു വേറൊരു പൂച്ചെടികളുടെ വർണക്കൂട്ടെന്നാണ് ഈ ദമ്പതികള്‍ ചോദിക്കുന്നത്.

vegetable-alapuzha-2
വീടിനു മുന്നിലെ ഉദ്യാനത്തിലെ കുളം

ഭംഗിയായി നട്ടു വളർത്തിയാൽ പച്ചക്കറിവിളകളും ഉദ്യാനശോഭ പകരുമെന്ന് കാണിച്ചുതരികയാണിവർ. ബോക്സ് പോലെ കെട്ടിത്തിരിച്ച ഇടങ്ങളിൽ തിങ്ങിനിറഞ്ഞു വളരുന്ന കാബേജ് ഇനങ്ങള്‍. അവ കണ്ട്  നടപ്പാതയിലൂടെ നടന്നുവരുമ്പോൾ മേലേയ്ക്കു നോക്കിയാല്‍ നടപ്പാതയ്ക്കു മേലാപ്പു തീർക്കുന്ന പാവലിന്റെയും പടവലത്തിന്റെയും കായ്കൾ പല നിറങ്ങളിൽ അഴക് വിതറുന്നതു കാണാം. അവയ്ക്കിടയിലൂടെ നടക്കുന്നതുതന്നെ കുളിർമ പകരുന്ന അനുഭവം.  

vegetable-alapuzha-1
വീടിനു മുന്നിലെ പച്ചക്കറിത്തോട്ടത്തിൽ ബീന

ലാൻഡ്സ്കേപ്പിങ് നടത്തുമ്പോൾ അലങ്കാരസസ്യങ്ങൾക്കൊപ്പം പഴങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്കും ഇടം നൽകുന്നത് ആരാമത്തെ കൂടുതൽ ആകർഷകമാക്കുമെന്ന് സാരംഗ്. ചെടികളെ ഇഷ്ടപ്പെടുന്നവർക്ക് ഏതു വിളയും ആകർഷകമായി വിന്യസിക്കുന്നത് ആവേശകരമാണ്. നന്നായി ക്രമീകരിച്ച വിളകൾ ക്കിടയിൽ ജോലി ചെയ്യുന്നതുതന്നെ എന്തു സുഖകരമാണെന്നു ബീന. ആകെയുള്ള 35 സെന്റിൽ ഒരിഞ്ച് പോലും പാഴാക്കിയിട്ടില്ല ഇവര്‍. നടപ്പാതയ്ക്കു മീതേ കമാനാകൃതിയിൽ പന്തലിട്ടാണ് പടരുന്ന പച്ചക്കറി യിനങ്ങൾ വളർത്തുന്നത്. സ്ക്വയർ ട്യൂബും ഇരുമ്പുവലയുമുപയോഗിച്ചുള്ള സ്ഥിരം പന്തലാണ് ഇവിടെ താൽക്കാലിക പന്തലുകൾപോലെ തകർന്നുപോകാത്തതിനാൽ ഇവ സുന്ദരമായി സൂക്ഷിക്കാന്‍ എളുപ്പം. പ്രാരംഭ മുതൽമുടക്ക് കൂടുമെങ്കിലും ദീർഘകാലത്തേക്കു  പന്തലിനായി മറ്റൊരു മുതൽമുടക്ക് വേണ്ടിവരില്ല.   

vegetable-alapuzha-3

മറ്റിനങ്ങൾക്കായി ഇഷ്ടികകൊണ്ടുള്ള ബോക്സുകൾ പല നിരകളായി  ഒരുക്കിയിട്ടുണ്ട്. അവിടെ സീസണ്‍ അനുസരിച്ച് കാബേജും കോളിഫ്ളവറും ചീരയുമൊക്കെ വളര്‍ത്തുന്നു. ബോക്സിനുള്ളിലെ വളക്കൂറുള്ള നടീൽമിശ്രിതം ഒലിച്ചുപോവില്ലെന്നത് ഈ രീതിയുടെ മെച്ചം. ഉയർന്നു നിൽക്കുന്ന ബോക്സിൽ കളശല്യം കുറവായിരിക്കും. കിളിർത്തുവരുന്നവയെ നീക്കംചെയ്യാന്‍ എളുപ്പവും. ലാൻഡ്സ്കേപ്പിങ് ഡിസൈൻ മാറ്റാതെതന്നെ വിളകൾ പതിവായി മാറ്റിനടാറുണ്ട്. ഉദ്യാനത്തിനു പുതുമ പകരാനും, ഉൽപാദനക്ഷമത നിലനിർത്താനുമാണ് ഈ മാറ്റിനടീല്‍. ശീതകാലവിളകളുടെ സീസൺ കഴിഞ്ഞാലുടൻ  പ്ലാന്റിങ്ബോക്സിൽ ചീരയോ പയറോ വെണ്ടയോ നടും. ഏതാനും ദിവസം കുമ്മായം ചേർത്തു വെറുതെയിട്ട ശേഷമാണ് അടുത്ത വിള നടുക. വിത്തു പാകി തൈകളുണ്ടാക്കുന്നത് സമയനഷ്ടമായതിനാൽ വളർന്നു തുടങ്ങിയ തൈകൾ വാങ്ങി നടുകയാണ് പതിവ്. തൈകൾ വേഗം വളർന്ന് തോട്ടത്തിന്റെ പച്ചപ്പ്  വീണ്ടെടുക്കുകയും ചെയ്യും. 

ഫോൺ: 9446546545

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com