ADVERTISEMENT

ലോക പ്രശസ്ത ന്യൂറോ സർജൻ ഡോ. കുമാരൻ ബാഹുലേയന്റെ ആത്മകഥയാണ് ഡോക്ടർ ബി. സാമൂഹിക അസമത്വങ്ങൾ നടമാടിയിരുന്ന കാലത്ത്, അവികസിതമായ ഒരു ഗ്രാമത്തിൽ, ഒരു പിന്നാക്കജാതിയിൽ ജനിച്ചു വളർന്ന്, കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും പിന്നീട് ലോകമറിയുന്ന ഭിഷഗ്വരനുമായി വളർന്ന ഒരു കൊച്ചു മനുഷ്യന്റെ ആശ്ചര്യകരമായ വലിയ കഥയാണ് പുസ്തകത്തിൽ വരച്ചു കാട്ടുന്നത്. ഒരു ആത്മകഥയെ വിലയിരുത്തേണ്ടത് അതിലെ സത്യസന്ധത, ആത്മാർഥത, സാഹിത്യമൂല്യം, കാലഘട്ടത്തിലെ സാമൂഹിക പശ്ചാത്തലം, അത് നൽകുന്ന സന്ദേശം എന്നിവയെ ആസ്പദമാക്കി വേണം. ഡോ. ബാഹുലേയൻ ഇക്കാര്യത്തിൽ വിജയിച്ചു എന്നാണ് എന്റെ വിലയിരുത്തൽ. 

ആത്മകഥയുടെ ആമുഖത്തിൽ അദ്ദേഹം പറയുന്നു, “ചെമ്മിനാകിരി എന്ന കുഗ്രാമത്തിൽ ജനിച്ച്, ബാലകൗമാര യൗവ്വനങ്ങൾ അവിടെ ചെലവഴിച്ച്, അന്യദേശങ്ങളിൽ ജീവിതസഞ്ചാരം പൂർത്തിയാക്കിയെന്നതാണ് എന്റെ കഥയുടെ വൺ ലൈൻ. ആകസ്മികതകളാണ് ഓരോയിടത്തും എനിക്ക് വഴി കാണിച്ചു തന്നത്. കാലവും ദേശവും വ്യക്തികളും സമൂഹവും എന്നെ പരുവപ്പെടുത്തുകയായിരുന്നു. അനായാസമായി സഞ്ചരിക്കാവുന്ന പാതകളൊന്നും എന്റെ മുൻപിൽ ഉണ്ടായിരുന്നില്ല. അവസാനിച്ചെന്നു കരുതിയിടത്തുനിന്നും മുന്നിൽ തുറന്ന വാതായനങ്ങളാണ് എന്റെ ഇന്ന് വരെയുള്ള ജീവിതത്തെ ഇവിടെവരെ എത്തിച്ചത്. അസാധ്യമെന്ന വിചാരം ബാല്യത്തിലെ ഉപേക്ഷിക്കുവാൻ എനിക്ക് കഴിഞ്ഞു." ഇതുതന്നെയാണ് പുസ്തകം വായിച്ചു തീർക്കുമ്പോൾ നമുക്ക് കിട്ടുന്ന സന്ദേശവും.

താൻ ആർജ്ജിച്ച വിജ്ഞാനവും സമ്പത്തും ജനിച്ച നാടിന്റെ ഉന്നമനത്തിനായി ചെലവഴിച്ചു എന്നയിടത്ത്‌ ഡോ. ബാഹുലേയൻ വേറിട്ട്‌ നിൽക്കുന്നു. നിലവിലുള്ള സാമൂഹിക വ്യവസ്ഥക്കനുസരിച്ചായിരിക്കും മിക്ക വ്യക്തികളുടെയും ജീവിതം രൂപപ്പെടുന്നത്. എന്നാൽ നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥിതിക്കൊപ്പം നീങ്ങാതെ അവയ്‌ക്കെതിരെ പട പൊരുതിയോ തന്റേതായ ഒരു പാത നിർമ്മിച്ചോ നീങ്ങുമ്പോഴാണ് ഒരാൾ വിപ്ലവകാരിയാകുന്നത്. മേരി റോയി ഇങ്ങനെ ഒരു മത–സാമൂഹിക വ്യവസ്ഥിതിയെ പുനർനിർമ്മിച്ചാണ് കേരളസമൂഹത്തിൽ ചിരപ്രതിഷ്ഠ നേടിയത്. ഡോ. ബാഹുലേയൻ തന്റെ കാലഘട്ടത്തിലെ സാമൂഹിക അവസ്ഥയിൽ സ്വന്തമായ ഒരു പാത തുറക്കുകയും അതിന്റെ നേട്ടങ്ങൾ തന്റെ അപരിഷ്കൃത നാടിന്റെയും ജനതയുടെയും മുന്നേറ്റത്തിനായി നിരുപാധികം സമർപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ മേരി റോയിക്ക് നൽകിയത് പോലുള്ള ഒരംഗീകാരം കേരളീയ സമൂഹം ഈ പ്രതിഭക്ക് നൽകിയിട്ടില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്. 

Book-Article-dr-b

പുസ്തകത്തിലെ ഭാഷയാണ് പുസ്തകത്തെ വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ട മറ്റൊരു വിഷയം. തീർത്തും ലളിതമായ ഭാഷയും ഋജുവായ പ്രതിപാദനവുമാണ് ആത്മകഥയിൽ ഉടനീളം പുലർത്തിയിരിക്കുന്നത്. സാധാരണക്കാരന് അത്ര പരിചയമില്ലാത്ത ഒരു മേഖലയിലാണ് അദ്ദേഹം പ്രവർത്തിച്ചത്. ദുർഗ്രഹമായ സാങ്കേതികത്വം ഒഴിവാക്കി, തന്റെ ജീവിതകഥയ്ക്ക് ഊന്നൽ നൽകുന്ന സമീപനമാണ് വിവരണത്തിൽ ഉടനീളം പുലർത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏതൊരാൾക്കും മടുപ്പു കൂടാതെ തുടക്കം മുതൽ ഒടുക്കം വരെ വായിച്ചു തീർക്കാം. ഈ വായനാക്ഷമത ആത്മകഥയുടെ മൂല്യം ഉയർത്തുന്നു.  

ഒരു ആത്മകഥയുടെ സാഹിത്യമൂല്യം നിർണ്ണയിക്കുന്നത് അതിൽ തെളിയുന്ന സങ്കീർണ്ണതകളുടെയും വ്യഥകളുടെയും ചിത്രങ്ങളിലാണ്. ലോകമറിയുന്ന ഒരു വ്യക്തിയായിട്ടും, തന്റെ കുറവുകളും വിമർശിക്കപ്പെടാവുന്ന ജീവിതത്തിലെ നിർണ്ണായക തീരുമാനങ്ങളും മറവുകളില്ലാതെ അദ്ദേഹം തുറന്നു പറയുന്നു. പൊതുവെ സമൂഹത്തിൽ ഉന്നതനിലയിൽ എത്തിച്ചേർന്ന, ആദരിക്കപ്പെടുന്ന വ്യക്തികൾ ആത്മകഥാരചന നടത്തുമ്പോൾ സ്വയം പ്രകീർത്തിക്കുന്നത്, എഴുത്തിന്റെ മൂല്യം കുറക്കുന്നു. എന്നാൽ അത്തരമൊരു സമീപനം ഡോ. ബാഹുലേയൻ സ്വീകരിച്ചിട്ടില്ല എന്നത് എടുത്തു പറയേണ്ട ഒന്നാണ്.  

ഈ ആത്മകഥയിലെ ഒരു ന്യൂനതയായി പറയാവുന്നത്, ജാതിവ്യവസ്ഥയും വിവേചനവും സാമൂഹിക അസമത്വവും തൊട്ടുകൂടായ്മയും നടമാടിയിരുന്ന ഒരു കാലഘട്ടത്തിൽ, പിന്നാക്ക വിഭാഗത്തിൽ ജനിച്ച് വളർന്ന ഒരു വ്യക്തി എന്ന നിലയിൽ അതിനെ വിമർശനവിധേയമാക്കുന്നില്ല എന്നതാണ്. ആ വ്യവസ്ഥിതിയോട് ഒരു നിസ്സംഗ ഭാവമാണ് ആത്മകഥാകാരൻ സ്വീകരിക്കുന്നത്. അതിന്‌ കാരണമായി പറയുന്നത് തന്റെ വീട്ടിൽ നിന്നും നേരിട്ട അവഗണനയും, ഭൂരിഭാഗവും പിന്നാക്ക വിഭാഗങ്ങൾ വസിച്ചിരുന്ന തന്റെ ഗ്രാമത്തിൽ ജാതിവ്യവസ്ഥയുടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നതുമാണ്. എന്നാൽ ആ ഗ്രാമത്തിന്റെ പുറത്തു ജീവിക്കാനിടയായ കാലങ്ങളിൽ തനിക്കു ജാതീയമായ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ല എന്ന് പറഞ്ഞു വയ്ക്കുന്നത് അത്ര വിശ്വാസയോഗ്യമല്ല.

ആത്മകഥയുടെ തുടക്കത്തിൽ താൻ ജനിച്ച് വളർന്ന ഗ്രാമത്തെയും സാമൂഹിക വ്യവസ്ഥിതിയെയും കുടുംബപശ്ചാത്തലത്തെയും ചുരുക്കത്തിലെങ്കിലും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ബാല്യത്തിൽ സാമൂഹിക അസമത്വങ്ങളെക്കാളും പട്ടിണിയെക്കാളും തന്നെ ബുദ്ധിമുട്ടിച്ചത് കുടുംബ വ്യവസ്ഥിതിയുടെ ഭാഗമായുണ്ടായ അവഗണനകളും അത് വഴിയുണ്ടായ രൂഢമൂലമായ അപകർഷതാബോധവുമായിരുന്നു എന്നദ്ദേഹം പറയുന്നു. അക്കാലത്തെ ശുചിമുറിയുടെയും ശുദ്ധമായ കുടിവെള്ളത്തിന്റെയും അഭാവം, ആരോഗ്യകാര്യങ്ങളിലെ പൊതുവായ അജ്ഞാത എന്നിവയൊക്കെ പിൽക്കാലത്ത് ആ ഗ്രാമത്തിന്റെ ഉദ്ധാരണത്തിനു പ്രേരണയായി തീർന്നു. 

വൈദ്യന്മാരുടെ ഗൃഹാഗമനം മരണവുമായി ബന്ധപ്പെടുത്തി കാണാനാണ് നാട്ടുകാർ ശ്രമിച്ചത്. അമ്മയുടെ അനാരോഗ്യവും (കടുത്ത ആസ്തമ) ഒരു ഡോക്ടറാകാനുള്ള ആഗ്രഹവും ദൃഢനിശ്ചയവും ഉള്ളിൽ വളർത്തി. അലസനെന്നും തന്നിഷ്ടക്കാരനെന്നും അപഥസഞ്ചാരിയെന്നും പേരുകേട്ട അച്ഛന്റെ നേരെയുള്ള അമ്മവീട്ടുകാരുടെ പുച്ഛം നിറഞ്ഞ സമീപനവും വെളുത്ത നിറമുള്ള അമ്മവീട്ടുകാരുടെ നിറത്തിൽ നിന്നും വ്യത്യസ്തനായ അദ്ദേഹത്തിന്റെ കറുത്ത നിറവും ഒറ്റപ്പെടലിനും ഉള്ളിൽ അപകർഷതാബോധം വളർത്തുന്നതിനുമിടയാക്കി. ഇക്കാലത്ത് അമ്മയുടെ സഹോദരി വാവച്ചിയും സഹോദരൻ പദ്മനാഭനും നൽകിയ സ്നേഹസഹായങ്ങൾ തന്റെ മുന്നോട്ടുള്ള യാത്രയിൽ എത്ര സഹായകരമായി എന്നും വിവരിക്കുന്നു. 

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തുടർപഠനത്തിനായി ഏറ്റവും അടുത്തുള്ള സർക്കാർ സ്‌കൂളായ മടിയത്തറ സ്‌കൂളിലേക്ക് കാൽനടയായി പോകുമ്പോൾ, അവിടെ ഇംഗ്ലീഷ് സ്കൂൾ നടത്തിയിരുന്ന ഹരിഹരസുബ്രമണ്യ അയ്യരെ കണ്ടതും അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം ആ സ്കൂളിൽ ചേർന്നതും ജീവിതയാത്രയിലെ ആദ്യത്തെ ആകസ്മികതയും വഴിത്തിരിവുമായി. പിന്നീട് ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം മദ്രാസ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടുന്നതിനായി തിരുകൊച്ചി നിയമസഭാംഗമായിരുന്ന ഡോ. മാധവന്റെ ഇടപെടലും, ഇംഗ്ലണ്ടിലും അമേരിക്കയിലും വച്ചു പഠനം നിന്നുപോവും എന്ന ഘട്ടത്തിൽ കിട്ടിയ അപ്രതീക്ഷിത സഹായങ്ങളും വിവരിക്കുന്നു. 

വൈക്കം ബോയ്സ് ഹൈസ്കൂളിലെ പഠനകാലത്തെ വിവരണത്തിൽ അക്കാലത്തെ അയിത്തം ചെറിയ തോതിൽ ചർച്ചാവിഷയമാകുന്നുണ്ട്.  പൊതുവഴിയിൽ കൂടി നടക്കാൻ താഴ്ന്ന ജാതിക്കാർക്ക് വിലക്കുണ്ടായിരുന്നതിനാൽ സമാന്തരമായ നടത്താരയിലൂടെയാണ് സ്‌കൂളിലേക്കുള്ള പത്തു കിലോമീറ്റർ ദൂരം നടന്നിരുന്നത്. എന്നാൽ ഈ വിവേചനം അദ്ദേഹത്തെ സ്പർശിച്ചില്ല. കൂടാതെ നഗരപ്രദേശങ്ങളെ പോലെ ചെമിനാകിരിയിൽ ജാതിവിവേചനത്തിന്റെ രൂക്ഷത അനുഭവപ്പെട്ടിരുന്നില്ലെന്നും സാക്ഷ്യപ്പെടുത്തുന്നു. വീട്ടിലെ അവഗണന നേരത്തെ മുതൽ നേരിട്ടിരുന്ന തനിക്കു ഇതിൽ നിസംഗതയാണ് ഉണ്ടാക്കിയത്. തുടർന്നുള്ള അധ്യായത്തിൽ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം ഹ്രസ്വമായി ചർച്ച ചെയ്യുന്നുണ്ട്.

വൈക്കം ബോയ്സ് ഹൈസ്‌കൂളിലും ആലുവ യുസി കോളേജിലും വച്ചു നടത്തിയ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായ പ്രതിസന്ധികളെ മറികടന്നു തന്റെ ഡോക്ടറാകുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം ദൃഢനിശ്ചയത്തോടെ എങ്ങനെ മുന്നോട്ടു കൊണ്ടുപോയി എന്നത് എല്ലാവർക്കും ഒരു മാതൃകയാണ്. 

മെഡിക്കൽ പഠനത്തിനായുള്ള ഭാരിച്ച ചെലവ് കണ്ടെത്താൻ സാമ്പാത്തികമായി പിന്നാക്കം നൽകുന്ന കുടുംബങ്ങളിൽ നിന്നുള്ള ആൺകുട്ടികൾക്ക് തുണയായിരുന്നത് സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിൽ നിന്നുള്ള വിവാഹബന്ധങ്ങളായിരുന്നു. അങ്ങനെയൊരു ബന്ധത്തിൽ നിന്നും പിന്മാറേണ്ടി വന്നതും പിന്നീട് ഇംഗ്ലണ്ടിൽ പഠനത്തിനു പോകുന്നതിനുള്ള വലിയ തുക കണ്ടെത്തുന്നതിനായി താനുമായി ഒരു തരത്തിലും പൊരുത്തമില്ലാത്ത മറ്റൊരു സമ്പന്ന യുവതിയുമായി വിവാഹം നടത്തിയതും അത് പരാജയപ്പെട്ടതും തന്നെ പൂർണ്ണമായും ന്യായീകരിക്കാതെ വിവരിക്കുന്നത് ആത്മകഥയിൽ അദ്ദേഹം പുലർത്തിയിരിക്കുന്ന സത്യസന്ധമായ സമീപനത്തിന് ഉദാഹരണമാണ്. 

മദ്രാസിലേക്കുള്ള യാത്രയിലാണ് ആദ്യമായി അദ്ദേഹം പാദരക്ഷ ഉപയോഗിക്കുന്നത്. ഇംഗ്ലണ്ടിൽ നല്ല സാമ്പത്തിക സ്ഥിതി കൈവരിച്ചശേഷം വിലകൂടിയ കാറുകളും സുന്ദരികളായ സുഹൃത്തുക്കളുമായി ജീവിതം ആഘോഷമാക്കിയ കാര്യം, തന്റെ നിലയും വിലയും കണക്കാക്കാതെ വിവരിക്കുന്നു. താൻ നയിച്ച ആഡംബര ജീവിതവും മോട്ടോർ ബൈക്ക് റെയ്സിങ്ങും വിമാനം സ്വന്തമാക്കിയതും നല്ല ന്യൂറോ സർജൻ എന്നതിനൊപ്പം വിജയിയായ ബിസ്സിനസുകാരനായതുമൊക്കെ വിവരിക്കുന്നുണ്ട്. 

കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനായിട്ടും രാഷ്ട്രീയ കാരണങ്ങളാൽ അവഗണിക്കപ്പെട്ടത് ദുഃഖം നൽകിയെങ്കിലും ലോകമറിയുന്ന സർജനായി തീരാൻ ഇടയാക്കിയതും ആ അവഗണയാണ്. ഏത് തിരിച്ചടിയിൽ നിന്നും ഊർജം കൈക്കൊള്ളുകയും വിജയം നേടുകയും ചെയ്യുക എന്ന സഹജവാസന ഡോക്ടറിന് എന്നും തുണയായിരുന്നു. ഇൻഡോ-പാക്കിസ്ഥാൻ യുദ്ധത്തിന്റെ കാലയളവിൽ സൈനിക സേവനം നടത്തിയത് ഒരു ഡോക്ടർ എന്ന നിലയിൽ സേവനത്തിന്റെ വ്യത്യസത മേഖലകളിൽ പ്രവർത്തിക്കുന്നതിന് അവസരമൊരുക്കി. 

തന്റെ വിജയങ്ങളുടെ വിവരണത്തിനിടയിലും തന്റെ പോരായ്മകളെക്കുറിച്ച് തുറന്നു പറയുന്നു. വിവാഹബന്ധത്തിന്റെ പരാജയവും മകൻ അകന്നതും എപ്പോഴും വേട്ടയാടിരുന്നു. മകനെ തിരിച്ച് കൊണ്ടു വരുന്നതിനായി വേർപിരിഞ്ഞ ഭാര്യയുമായുള്ള പുനർവിവാഹത്തിനുവരെ തയ്യാറായി. ഒടുവിൽ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ മകനെ തന്റെയൊപ്പം അമേരിക്കയ്ക്ക് പോയപ്പോളാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയം നേടിയത്. മകനെ ഹൃദയത്തോട് ചേർത്തപ്പോഴാണ് ജീവിതത്തിന് ശരിയായ അർത്ഥമുണ്ടായത്. 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജൂനിയറായിരുന്ന ഡോ. ഇന്ദിര കർത്തായെയും ഭർത്താവ് ഗോപിനാഥനെയും കണ്ടുമുട്ടിയതും അവരുടെ കുടുംബസുഹൃത്തായി മാറിയതും തന്റെ വ്യക്തിത്വത്തിന് ഗുണപരമായ മാറ്റങ്ങൾ വരുത്തിയതായി വ്യക്തമാക്കുന്നു. ഗോപിനാഥിന്റെ അപ്രതീക്ഷിത മരണാനന്തരം ഡോ. ഇന്ദിര കർത്തായെ വിവാഹം കഴിച്ചതിനെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു, “ഇന്ദിരയുമായുള്ള സഹവാസം എന്റെ സ്വഭാവത്തിലും ആളുകളോടുള്ള പെരുമാറ്റത്തിലും മാറ്റങ്ങൾ വരുത്തുവാൻ കാരണമായി. സഹായം തേടിയെത്തുന്നവരോട് കരുണയോടെ ഇടപെടാൻ ഇതെന്നെ പ്രേരിപ്പിച്ചു. അകക്കാംബിൽ ഒളിപ്പിച്ചു വച്ചിരുന്ന മാനവികത, അനുവാദമില്ലാതെ പുറത്തു കടന്ന സന്ദർഭങ്ങൾ എന്നെത്തന്നെ അമ്പരപ്പിച്ചു.”

ഡോ. ഇന്ദിര കർത്തായുടെ പിന്തുണയോടു കൂടിയാണ് തന്റെ ജന്മഗ്രാമത്തിനായി താൻ ആർജ്ജിച്ചതെല്ലാം സമർപ്പിക്കാൻ ഡോ. ബഹുലേയന് കഴിഞ്ഞത്. നിരവധി പ്രതിസന്ധികളെയും പരാജയങ്ങളെയും, ദൃഢനിശ്ചയവും പരിശ്രമവും കൊണ്ട് മറികടന്ന്, താൻ നേടിയതെല്ലാം പിന്തുടർച്ചാവകാശിക്കും ജന്മനാടിനും പകുത്തു നൽകി. ഒരു നൂറ്റാണ്ടിലേക്കെത്തുന്ന സഫലമായ ആ ജീവിതയാത്രയുടെ വിസ്മയം ജനിപ്പിക്കുന്ന കഥ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ദുഃഖകരം തന്നെയാണ്.

English Summary:

The Incredible Journey of Dr. Kumaran Bahuleyan: From Humble Beginnings to Neurosurgical Pioneer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com