ADVERTISEMENT

സാഹിത്യ സ്നേഹികൾക്കു വായന മാത്രമല്ല ഒത്തുകൂടലും പ്രിയപ്പെട്ടതാണ്. പുസ്തകപ്രേമികൾക്ക് ഒത്തുകൂടാനായി 2024 ലെ സാഹിത്യോത്സവങ്ങളുടെ തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. സാഹിത്യപ്രതിഭകളും കലാകാരന്മാരും വിവിധ വിഷയങ്ങളിലെ വിദഗ്ധരും ഒരു കുടക്കീഴിൽ ഒത്തുചേരുമ്പോൾ, സാഹിത്യവേദികൾ ഉത്സവങ്ങളായി മാറുന്നു. കലയും കായികവുമടക്കം എല്ലാ വിഷയങ്ങളെക്കുറിച്ച് ചർച്ചകളും കാണികൾക്ക് മറക്കാനാവാത്ത അനുഭവം നൽകുന്ന സാംസ്കാരിക പരിപാടികളും കൊണ്ട് സമൃദ്ധമായ നിരവധി സാഹിത്യ സംഗമങ്ങൾ ഇന്ത്യയിൽ നടക്കാറുണ്ട്. 2024 ലെ യാത്രാ കലണ്ടറിലേക്ക് ചേർക്കാവുന്ന, കേരളത്തിനു പുറത്തുള്ള നാലു പ്രധാന ഇന്ത്യൻ സാഹിത്യോൽസവങ്ങളെപ്പറ്റി അറിയാം.

ജയ്പുർ ലിറ്ററേച്ചർ ഫെസ്റ്റിവല്‍

ജയ്പുർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ 17-ാമത് പതിപ്പാണ് 2024 ഫെബ്രുവരി 1 മുതൽ 5 വരെ നടക്കുന്നത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രശസ്തരായ എഴുത്തുകാർ, കവികൾ, ചിന്തകർ, സാംസ്കാരിക നായകർ എന്നിവരുൾപ്പെടെ പ്രഭാഷകരുടെ വൻ നിരയാണ് ഉൽ‌സവത്തിനെത്തുന്നത്. ജയ്പുരിലെ ഹോട്ടൽ ക്ലാർക്സ് അമേറിൽ നടക്കുന്ന ഫെസ്റ്റിവലിൽ സാഹിത്യം, ചരിത്രം, രാഷ്ട്രീയം, സമകാലിക സംഭവങ്ങൾ, സാമൂഹിക വിഷയങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളെ അധികരിച്ചു ചർച്ചകളുണ്ടാകും. പാനൽ ചർച്ചകൾക്കൊപ്പം രചയിതാക്കളുടെ പുസ്തകവായന, പുസ്തക പ്രകാശനങ്ങൾ, കവിതാ പാരായണപരിപാടികൾ എന്നിവയുമുണ്ടാകും. 

റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവചരിത്രത്തിന് പുലിറ്റ്‌സർ സമ്മാനം നേടിയ കെയ് ബേർഡ്, ബുക്കർ പ്രൈസ് ജേതാക്കളായ ഡാമൺ ഗൽഗട്ട്, ജോർജി ഗോസ്‌പോഡിനോവ്, ഹെർണൻ ഡയസ്, പോൾ ലിഞ്ച് എന്നിവരടക്കമുള്ള രാജ്യാന്തരപ്രശസ്തരായ എഴുത്തുകാര്‍ക്കൊപ്പം പെരുമാൾ മുരുകൻ, സുധാ മൂർത്തി, ചിത്ര ബാനർജി, ഗുൽസാർ, ശശി തരൂർ തുടങ്ങിയവരും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു. വെൻ ചായ് മെറ്റ് ടോസ്റ്റ്, ദ ടാപ്പി പ്രൊജക്റ്റ് തുടങ്ങിയ ബാൻഡുകളുടെയും സൽമാൻ ഇലാഹി, ഹർപ്രീത് എന്നീ കലാകാരന്മാരുടെയും സംഗീത പ്രകടനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈനായും ഫെസ്റ്റിവൽ ഗേറ്റുകളിലും ഡേ പാസുകൾ, ഫുൾ ഫെസ്റ്റിവൽ പാസുകൾ, വിഐപി പാസുകൾ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള ടിക്കറ്റുകൾ ലഭ്യമാണ്.

കലിംഗ സാഹിത്യോത്സവം

10-ാമത് കലിംഗ സാഹിത്യോത്സവം 2024 ഫെബ്രുവരി 9 മുതൽ 11 വരെ ഒഡീഷയിലെ ഭുവനേശ്വറിലെ സ്വോസ്തി പ്രീമിയത്തിൽ നടക്കും. പ്രതിഭാ റായ്, കെ.ആർ. മീര, അരുന്ധതി സുബ്രഹ്മണ്യം, സതീഷ് പത്മനാഭൻ, രാധിക അയ്യങ്കാർ എന്നിവരുൾപ്പെടെ 300 ലധികം പ്രഭാഷകർ പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ പ്രാദേശിക എഴുത്തുകാരും പങ്കാളികളാകും. 250 സെഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.  മഹാഭാരതവും രാമായണവും പോലുള്ള ഇതിഹാസങ്ങളും ഇന്നത്തെ ലോകത്തിൽ അവയുടെ പ്രസക്തിയും ചർച്ച ചെയ്യപ്പെടും. വിവിധ വിഭാഗങ്ങളിലെ മികവ് പരിഗണിച്ച് കെഎൽഎഫ് ബുക്ക് അവാർഡുകൾ പ്രഖ്യാപിക്കും. ചടങ്ങിന്റെ ഭാഗമായി ഭുവനേശ്വറിൽ 1000 ഔഷധ ചെടികൾ നട്ടുപിടിപ്പിക്കും

kalinga-lit-fest
കലിംഗ സാഹിത്യോത്സവത്തിൽ കലാകാരൻ സുദർശൻ പട്നായിക്കിന്റെ മണൽകല, Photo Credit: thenewsmill

ഹൈദരാബാദ് ലിറ്റററി ഫെസ്റ്റിവല്‍

ഹൈദരാബാദ് ലിറ്റററി ട്രസ്റ്റ് എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഹൈദരാബാദ് ലിറ്റററി ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് 2024 ജനുവരി 26 മുതൽ 28 വരെ ഹൈടെക് സിറ്റിയിലെ സത്വ നോളജ് സിറ്റിയിൽ നടക്കും. ഇന്ത്യൻ ഭാഷകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹൈദരാബാദ് സാഹിത്യോത്സവത്തിന്റെ ഈ വർഷത്തെ ‘ഇന്ത്യൻ ലാംഗ്വേജ് ഇൻ ഫോക്കസ്' ഒഡിയയാണ്. ‘കൺട്രി ഇൻ ഫോക്കസായ’ നോർവേയുടെ സാഹിത്യ പാരമ്പര്യത്തെയും സാംസ്കാരിക ഭൂപ്രകൃതിയെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്ന പാനൽ ചർച്ചകൾ ഉണ്ടായിരിക്കും. ശാസ്ത്രം, പരിസ്ഥിതി, വംശനാശഭീഷണി നേരിടുന്നതും തദ്ദേശീയവുമായ സംസ്കാരങ്ങളുടെ സംരക്ഷണം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നൽകും. നൊബേൽ ജേതാവ് കൈലാഷ് സത്യാർഥി, ജ്ഞാനപീഠം ജേതാവ് പ്രതിഭ റായ്, ചലച്ചിത്ര സംവിധായകൻ പ്രഹ്ലാദ് കക്കർ, ആക്ടിവിസ്റ്റ് എഴുത്തുകാരൻ ആകർ പട്ടേൽ തുടങ്ങിയ പ്രഭാഷകർ ഫെസ്റ്റിവലിൽ പങ്കെടുക്കും.

kolkata-lit-fest
അപീജയ് കൊൽക്കത്ത ലിറ്റററി ഫെസ്റ്റിവല്‍, Photo Credit: Alamy stock Photo

അപീജയ് കൊൽക്കത്ത ലിറ്റററി ഫെസ്റ്റിവല്‍

സുധാ മൂർത്തി, ബുക്കർ പ്രൈസ് ജേതാവ് ഡാമൺ ഗാൽഗട്ട്, ദ ബോയ് ഇൻ ദ സ്‌ട്രൈപ്പ്ഡ് പൈജാമാസിന്റെ രചയിതാവ് ജോൺ ബോയ്ൻ, ശ്രീലങ്കൻ എഴുത്തുകാരൻ അശോക് ഫെറി, ജ്ഞാനപീഠം ജേതാവ് അമിതാവ് ഘോഷ് തുടങ്ങിയ എഴുത്തുകാർ അണിനിരക്കുന്ന കൊൽക്കത്ത ലിറ്റററി മീറ്റ് 2024 ജനുവരി 23 മുതൽ 27 വരെ വിക്ടോറിയ മെമ്മോറിയൽ ഗ്രൗണ്ടിൽ നടക്കും. റീട്ടെയിൽ ശൃംഖലയായ ഓക്‌സ്‌ഫഡ് ബുക്ക്‌സ്റ്റോർ ക്യൂറേറ്റ് ചെയ്യുന്ന ഈ സാഹിത്യോത്സവം കൊൽക്കത്തയുടെ മൂർത്തവും അദൃശ്യവുമായ പൈതൃകത്തിന്റെ ഭാഗമായ സാഹിത്യത്തെ പര്യവേക്ഷണം ചെയ്യുന്നു. അപീജയ് കൊൽക്കത്ത ലിറ്റററി ഫെസ്റ്റിവലിന്റെ ഓരോ എഡിഷനും പ്രമുഖ എഴുത്തുകാർ, കവികൾ, പത്രപ്രവർത്തകർ, കലാകാരന്മാർ, കായികതാരങ്ങൾ എന്നിവരുടെ ചർച്ചകൾ സംഘടിപ്പിക്കുന്നു. ഇത്തവണ രത്‌ന പഥക് ഷായുടെ കലാപ്രകടനവും അനുപം റോയ്, ശുഭ മുദ്ഗൽ എന്നിവരുടെ സംഗീത പരിപാടിയും ഇൻഡോ-പോളീഷ് നൃത്ത പരിപാടിയും ഉണ്ടായിരിക്കും. യുവ വായനക്കാർക്കും എഴുത്തുകാർക്കും വേണ്ടിയുള്ള ജൂനിയർ കൊൽക്കത്ത ലിറ്റററി മീറ്റ് (JKLM) ജനുവരി 10-നായിരിക്കും നടക്കുക.

English Summary:

Indian Literature Festivals in 2024