ജീവിതത്തിൽ എന്റെ മകൾ പോയ ദുഃഖം കഴിഞ്ഞാൽ ഏറ്റവും വലിയ ദുരന്തമാണ് ആ സിനിമ: സുരേഷ് ഗോപി അഭിമുഖം
Mail This Article
തോക്ക് ചൂണ്ടി വില്ലനും കള്ളന്മാർക്കും പിന്നാലെ പായുന്ന, ചില്ലുപൊട്ടുംപോലെ വർത്തമാനം പറയുന്ന സ്ഥിരം സുരേഷ് ഗോപി എല്ലാവർക്കും പരിചിതനാണ്. എന്നാൽ വല്ലപ്പോഴുമാണ് കരളിൽതൊട്ടു സംസാരിക്കുമ്പോൾ കണ്ണ് നിറയുന്ന, മക്കളെപ്പറ്റിപ്പറയുമ്പോൾ വാത്സല്യം തുളുമ്പുന്ന സുരേഷ് ഗോപിയെ കാണാനാവുക. ചിലപ്പോഴൊക്കെ വീട്ടുകാരനും അച്ഛനും ഭർത്താവുമായി സൗമ്യനാവും. മകളുടെ മോതിരം സ്നേഹത്തോടെ കട്ടെടുക്കുന്ന, അവളുടെ വിവാഹത്തിനുള്ള ലെഹങ്കയുടെ ഡിസൈനിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സുരേഷ് ഗോപിയുമുണ്ട്. സിനിമയും ജീവിതവും സന്തോഷങ്ങളും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സുരേഷ് ഗോപി
എത്രയെത്ര പൊലീസ് കഥാപാത്രങ്ങൾ
ഒറ്റനോട്ടത്തിൽ എല്ലാ പൊലീസുകാരും ഒരുപോലെയാണ്. സത്യസന്ധത, കുറ്റം ഉറപ്പു വരുത്താതെ ശിക്ഷിക്കാതിരിക്കുക എന്നതൊക്കെ അടിസ്ഥാനപരമായി പൊലീസിന്റെ ഗുണങ്ങളാണ്. അതിന് ഓരോരുത്തർക്കും ശുദ്ധമായ മനസ്സുണ്ടായിരിക്കണം. അങ്ങനെയുള്ള എത്ര പൊലീസുകാരുണ്ടാകും എന്നു നമുക്കറിയില്ല. പുറത്തിറങ്ങാനിരിക്കുന്ന ‘ഗരുഡൻ’ എന്ന സിനിമയിൽ സിദ്ദീഖ് അവതരിപ്പിക്കുന്ന ഐപ്പ് എന്ന കഥാപാത്രം ചോദിക്കുന്നുണ്ട് ‘‘നമുക്ക് എവിടെയാടോ പിഴച്ചത്?’’ എന്ന്. അതിനുള്ള മറുപടിയാണ് ഈ സിനിമയുടെ കഥ.
ഇരുപത്തിയഞ്ചോ മുപ്പതോ പൊലീസ് വേഷങ്ങൾ ചെയ്തു കഴിഞ്ഞിരിക്കുന്നു. അപ്പോൾ ഓരോ പൊലീസ് കഥാപാത്രവും വ്യത്യസ്തമാക്കാൻ എനിക്കും ആഗ്രഹമുണ്ട്. സംവിധായകരും എഴുത്തുകാരും ആ കഥാപാത്രത്തെ വ്യത്യസ്തമാക്കണം. അവരാണ് അത് ശ്രദ്ധിക്കേണ്ടത്. അങ്ങനെയാണ് ഞാൻ വ്യത്യസ്തനാകുന്നത്. അത് വ്യത്യസ്തമായില്ലെങ്കിൽ എന്നെ ആവർത്തന വിരസമായി തോന്നും. എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ഞാനും തെറ്റ് ചെയ്തിട്ടുണ്ട്
നമ്മൾ മനുഷ്യരെ തിരിച്ചറിയേണ്ട. നമ്മളേയും ആരും തിരിച്ചറിയണമെന്ന് നിർബന്ധവും വേണ്ട. ഞാൻ ദൈവത്തിനു നിരക്കുന്ന കാര്യങ്ങളാണ് ഏറ്റവും കൂടുതൽ ചെയ്യുന്നത്. തെറ്റ് ചെയ്തിട്ടില്ല എന്നു ഞാൻ ഒരിക്കലും പറയുകയേ ഇല്ല. അങ്ങനെ തെറ്റു ചെയ്യാത്ത മനുഷ്യരില്ല. കൊലപാതകികൾ വരെ മന്ത്രിക്കസേരയിൽ ഇരിക്കുന്നുണ്ട്. ആർക്കും ദ്രോഹം ഏൽക്കാത്ത കാര്യങ്ങൾ ചെയ്തു പോയാൽ ജീവിതത്തിൽ സമാധാനമുണ്ടാകും. തെറ്റുകൾ മനുഷ്യസഹജമാണ്. അതുകൂടി ഇല്ലെങ്കിൽ നമ്മൾ ദൈവമാകില്ലേ. ?അതാണെന്റെ വിശ്വാസം. നമ്മളിൽനിന്നു ഗുണം ലഭിക്കുന്നവർ അതു കൃത്യമായി മനസ്സിലാക്കും. ഞാൻ എന്തു പറഞ്ഞാലും അതിനെ വക്രീകരിക്കുന്നവർ ഉണ്ട്. അവരുടെ ജീവിതം നോക്കൂ, വളരെ മോശമായിരിക്കും.
ഗോകുൽ സുരേഷിന്റെ കാക്കി
കിങ് ഓഫ് കൊത്തയുടെ കഥ കേട്ടുകഴിഞ്ഞപ്പോൾത്തന്നെ ഗോകുൽ പറഞ്ഞു, "അച്ഛൻ സിനിമയിൽ പൊലീസല്ലായിരുന്നെങ്കിൽ എനിക്കിത്രയും പ്രഷർ വരില്ലായിരുന്നു. ഇപ്പോൾ ഞാൻ എങ്ങനെ ചെയ്യും? എന്തു ചെയ്യും?" എന്ന്. പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചോദിച്ചു, "അച്ഛന്റെ പൊലീസ് യൂണിഫോം സ്റ്റിച്ച് ചെയ്തു തരുന്ന പളനിയങ്കിളിനെ വച്ചു ഞാൻ എന്റെ കോസ്റ്റ്യൂം സ്റ്റിച്ച് ചെയ്തോട്ടെ?" എന്ന്. അത് അവന്റെ സ്വാതന്ത്ര്യമാണല്ലോ.
ജയറാമിന്റെ തമാശ
ജയറാം ഫോണിൽ വിളിച്ചു. എന്നിട്ടു പറഞ്ഞു "ഡാ, നീ തെലുങ്ക് ഇത്രയും പാടും അല്ലേ?" എന്ന്. അതിൽ ഉച്ചാരണശുദ്ധി പ്രശ്നങ്ങളുണ്ട് എന്ന് എനിക്കുതന്നെ അറിയാം. അതിപ്പോൾ ദിലീപിന്റെ സിനിമയിൽ ഉദിത് നാരായൺ മലയാളം പാട്ടു പാടുമ്പോൾ പ്രശ്നങ്ങളില്ലേ. എന്നിട്ടും അത് എന്തൊരു സ്വീറ്റ് ആണ്. എനിക്ക് ആ സ്വീറ്റ്നെസ് കൊടുക്കാൻ പറ്റിയില്ലെങ്കിലും പാടാനുള്ള എന്റെ ശ്രമം എനിക്കു തന്നെ ഇഷ്ടമാണ്.
ചിലർ പറഞ്ഞു ‘സാമജ വരഗമന’ എന്ന പാട്ടിലെ ഒരു വാക്ക് മാത്രം ഞാൻ പാടിയതിൽ ശരിയായി വന്നില്ല എന്ന്. പക്ഷേ പിന്നീടു ഞാൻ ആ പാട്ടു പോയി കേട്ടു. അപ്പോൾ ഞാൻ പാടിയത് തന്നെയാണ് ശരി എന്നു മനസ്സിലായി. ഇതാണ് പറയുന്നത് , എനിക്കെതിരെ കുറെപ്പേർ നേരത്തേ സ്ക്രിപ്റ്റെഴുതി വച്ചിരിക്കയാണ്.
കമ്മിഷണർ സിനിമയിൽ ഒരു നെടുനീളൻ ഡയലോഗ് പറഞ്ഞു ഞാൻ വന്നു കാർ തുറക്കുന്ന സീനുണ്ടല്ലോ. ആ ഒരു സീനിൽ ഞാൻ എല്ലാം വെടിപ്പായി പറഞ്ഞു ഷോട്ട് ഒക്കെ ആകാൻ പോകുമ്പോൾ കാറിന്റെ ലോക്ക് തുറക്കാൻ പറ്റിയില്ല. ഡ്രൈവർ അകത്ത് ലോക്ക് ഇട്ടു വച്ചു. പിന്നെ രണ്ടാമതും വലിച്ചപ്പോളാണ് ആരോ ലോക് മാറ്റി ഡോർ തുറന്നത്. അന്നു മോണിറ്റർ ഒന്നുമില്ലല്ലോ. അതുകൊണ്ട് പ്രശ്നം മനസ്സിലായില്ല. ഇപ്പോൾ ആ സീൻ കണ്ടിട്ട് കുറെ പേർ ട്രോളുന്നുണ്ട്. വലിയ കാര്യത്തിൽ വന്നിട്ട് കണ്ടോ, ചമ്മിപ്പോയി എന്നൊക്കെ... അവർ പറഞ്ഞോട്ടെ. എനിക്കു കുഴപ്പമേയില്ല.
സുരേഷേ, നീ വൈകി
പത്തു മണിക്ക് ഷൂട്ട് തുടങ്ങണം എന്നു പറഞ്ഞിട്ട് അഞ്ചു മിനിറ്റു വൈകിയാൽ എനിക്ക് ദേഷ്യം വരും. ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട്, പത്ത് എന്നുള്ളത് പത്തരയായിക്കോട്ടെ നമുക്കെന്താ എന്നു വിചാരിക്കണം എന്ന്. പക്ഷേ നടക്കുന്നില്ല.
ഞാൻ രാത്രി പത്തരയ്ക്കു കിടന്നു രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കുന്ന ആളാണ്. ഇന്നത്തെ തലമുറ അങ്ങനെയാണോ. അപ്പോൾ ഞാൻ നിർബന്ധം പിടിക്കാൻ പാടില്ലെന്ന് എനിക്കറിയാം. പക്ഷേ എട്ടുമണിക്കെങ്കിലും ഷൂട്ട് തുടങ്ങിയില്ലെങ്കിൽ എനിക്കു പ്രശ്നമാണ്.
റാഫി മെക്കാർട്ടിൻ, സിദ്ദീഖ് (സംവിധായകൻ) എന്നിവരൊക്കെ ഏഴു മണിക്ക് ഷൂട്ട് എന്നു പറഞ്ഞാൽ 6.55 ന് ലൈറ്റ് അപ് ചെയ്ത്, എടുക്കേണ്ട ഷോട്ടിന്റെ ലൈനപ് വരെ തയാറാക്കി കയ്യും കെട്ടി കസേരയിൽ ഇരിക്കും. നമ്മൾ 7 മണിക്കു ചെന്നാൽ മതി. ഷോട്ടെടുത്തിരിക്കും. 9 മണിക്ക് ബ്രേക് ഫാസ്റ്റ് കഴിച്ചിരിക്കും. തെങ്കാശിപ്പട്ടണം അങ്ങനെ മാത്രം ഷൂട്ട് ചെയ്തതാണ്. ആദ്യത്തെ ദിവസം 7 മണിക്ക് ഫസ്റ്റ് ഷോട്ട് എന്ന് അവർ പറഞ്ഞു. അവർ കൃത്യനിഷ്‌ഠയുള്ളവരാണെന്ന് ഞാൻ കരുതിയില്ല. ഞാൻ ഒരു ഏഴരയൊക്കെ ആയപ്പോൾ ചെന്നു. അപ്പോൾ അവർ "ചേട്ടാ ഞങ്ങൾ റെഡിയാണേ" എന്നു പറഞ്ഞു. എനിക്കു ഭയങ്കര കുറ്റബോധമായിപ്പോയി. അടുത്ത ദിവസം മുതൽ ഞാൻ ആറേമുക്കാലിന് എത്തും. അപ്പോഴും അവർ റെഡിയായിട്ടിരിപ്പുണ്ട്. അതാണ് പ്രഫഷനലിസം.
രാജസേനനും ഇപ്പറഞ്ഞതുപോലെ വളരെ നേരത്തേ വന്നു കയ്യും കെട്ടി ക്യാമറയുടെ പുറകിൽ നിൽക്കും. നമ്മൾ ചെന്നു കഴിഞ്ഞാൽ "സുരേഷ് 10 മിനിറ്റ് ലേറ്റാണേ. സാരമില്ല തുടങ്ങാം" എന്നു പറയും. ഇതു പറയുന്നത് നാളെ ഈ പത്തു മിനിറ്റ് വൈകാതിരിക്കാനാണ്.
അമിതാഭ് ബച്ചൻ പറഞ്ഞ ഡബ്ബിങ് ട്രിക്ക്
പണ്ട് സെൽഫോണില്ലല്ലോ. പക്ഷേ ലാൻഡ് ഫോണിലൊക്കെ ഏഴു മണിയാകുമ്പോൾ കോൾ വന്നു തുടങ്ങും. അങ്ങനെ സംസാരിച്ചു കഴിയുമ്പോൾ വെർജിൻ വോയിസ് നമുക്ക് നഷ്ടപ്പെടും. ഒരിക്കൽ അമിതാഭ് ബച്ചൻ പറഞ്ഞു, രാവിലെ എഴുന്നേറ്റാൽ നാക്കുപോലും വൃത്തിയാക്കരുത്. പല്ലു തേച്ചു വെള്ളമൊഴിച്ച് തല ഒന്നു തണുപ്പിച്ച് വേഗം ഡബ് ചെയ്യാൻ പോകണം. നാലു മണിക്കെത്തി തുടങ്ങണം. അങ്ങനെ തുടങ്ങിയാൽ കിട്ടുന്ന ഒരു വോയിസിന്റെ ഗ്രാവിറ്റി ഗംഭീരമാണ്. ബച്ചൻ സാർ അങ്ങിനെയാണ് ചെയ്യുന്നതത്രെ. 1995 മുതലുള്ള ജനാധിപത്യം, സിന്ദൂരരേഖ, ലേലം, പത്രം, വാഴുന്നോർ, തെങ്കാശിപ്പട്ടണം തുടങ്ങിയ സിനിമകളൊക്കെ ഞാൻ അങ്ങനെ ചെയ്തിട്ടുള്ളതാണ്. ഞാൻ അങ്ങനെ ചെയ്യുന്നതു കൊണ്ട് പുതിയ ചെറുപ്പക്കാരെല്ലാം പ്രാകുന്നുണ്ടാകും എന്നെ.
ഷാജി കൈലാസ് പറഞ്ഞ വഴക്ക്
പണ്ടൊരു ദിവസം എഫ്ഐആറിന്റെ ലൊക്കേഷനിൽ ഏഴു മണിക്ക് ഫസ്റ്റ് ഷോട്ട് എന്നു പറഞ്ഞു. ഷാജി കൈലാസ് അങ്ങനെ കൃത്യ സമയത്ത് വരാറേയില്ല. ഞാൻ അല്പം നേരം വൈകിച്ചെല്ലുമ്പോൾ ഷാജി വെരുകിനെപ്പോലെ നടക്കുകയാണ്. "എന്തു തോന്ന്യാസമാണ് കാണിച്ചത്? എനിക്കാ സൺ അവിടെ നിന്ന് ഉയർന്നു വരുമ്പോൾ നിങ്ങൾ അവിടെ നിന്ന് കേറി വന്ന് ആ സണ്ണിനെ കവർ ചെയ്ത് സൂര്യനായി മാറി വരണമായിരുന്നു. ഇന്ന് ഷോട്ട് എടുക്കുന്നില്ല. ബ്രേക്ക്." എന്നെല്ലാം പറഞ്ഞു ദേഷ്യപ്പെട്ടു. ഞാൻ വല്ലാതേ വിഷമിച്ചു പോയി. ഷാജിയോട് സോറി പറഞ്ഞു. നാളെ നേരത്തെ വരാമെന്നൊക്കെ പറഞ്ഞിട്ടും ഷാജി തണുത്തില്ല. അടുത്ത ദിവസം ഞാൻ പേടിച്ചിട്ട് ആറരയായപ്പോഴേ ചെന്നു. ആറരയ്ക്കു ചെന്നു ഷോട്ട് എടുത്തു. "അപ്പോൾ നിനക്ക് പറ്റും" എന്നെന്നോടു പറഞ്ഞു.
അങ്ങനെ രണ്ടു മൂന്നു ദിവസം കഴിഞ്ഞു. വീണ്ടും രാവിലെ ഏഴു മണിക്ക് ഷൂട്ടെന്ന് പറഞ്ഞു. ഞാൻ ആറരയായപ്പോഴെ എത്തി. ഷാജി വന്നത് എട്ടു മണിക്ക്. ഷോട്ട് എടുത്തത് ഒൻപതു മണിക്ക്. മാത്രമല്ല വന്നിറങ്ങിയ ഉടനെ വേറെ ആരുടെയൊക്കെയോ ഷോട്ട് എടുത്തിട്ട് എന്നെ വിളിച്ചു. അപ്പോൾ ഞാൻ "സോറി ഇന്ന് ഞാൻ വർക്ക് ചെയ്യത്തില്ല" എന്നു പറഞ്ഞ് കാറിൽ കേറി ഞാൻ പോയി. ഞാൻ അതും ആണ്. ഇമോഷനൽ മൃഗങ്ങളാണ് എല്ലാവരും. അന്നേരം കുറ്റപ്പെടുത്തലും അങ്ങോട്ടുമിങ്ങോട്ടും വഴക്കും തെറിവിളിയുമൊക്കെയുണ്ടെങ്കിലും പിന്നെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന ആളുകളാണ് ഞങ്ങൾ.
പിണങ്ങിയാൽ ഞാൻ പട്ടിണികിടക്കും
ഞാനൊരു പിണക്കപ്രാന്തനാണ്. ചില വഴക്കുകൾക്കിടയിൽ ചിലപ്പോൾ ഒന്നു കണ്ണു നിറയും. ചിലപ്പോൾ അപ്പുറത്തു മാറി മിണ്ടാതിരിക്കും. ഭക്ഷണം കഴിക്കാൻ വിളിച്ചാൽ ചെല്ലില്ല. ഏറ്റവും പുതിയ ഈ സിനിമയുടെ സെറ്റിൽ വരെ ഞാൻ ഭക്ഷണം കഴിക്കാതെയൊക്കെ ഇരുന്നിട്ടുണ്ട്. അടുപ്പിച്ചു രണ്ടു ദിവസം രണ്ടു മണിയായി ബ്രേക്ക് ചെയ്യാൻ. ഞാൻ പറഞ്ഞു ഭക്ഷണം കഴിക്കത്തില്ലെന്ന്. അവരു വിചാരിച്ചു ചുമ്മാ പറയുന്നതായിരിക്കുമെന്ന്. ഞാനന്നു ഭക്ഷണം കഴിച്ചതേയില്ല.
രഞ്ജിത്ത് പറഞ്ഞു, "വെറുതെയല്ല ആ സിനിമ പൊട്ടിയത്"
‘രണ്ടാംഭാവം’ എന്ന സിനിമ എനിക്ക് ഓർമിക്കാൻ ഇഷ്ടമല്ല. ജീവിതത്തിൽ എന്റെ മകൾ പോയ ദുഃഖം കഴിഞ്ഞാൽ ഏറ്റവും വലിയ ദുരന്തമാണ് 'രണ്ടാംഭാവം'. ഞാനിപ്പോഴും വിശ്വസിക്കുന്നു ലാൽ ജോസിന്റെയും എന്റെയും ഏറ്റവും മികച്ച സിനിമയാണെന്ന്. അതിലൊന്നും പിഴവു പറ്റിയിട്ടില്ല. എന്തോ ഒരു തലയിലെഴുത്ത് കാരണമാണ് അത് പരാജയപ്പെട്ടത്. കലാകാരൻ എപ്പോഴും ഡിറ്റാച്ച്ഡ് ആയിരിക്കണം. എനിക്കങ്ങനെ ഡിറ്റാച്ച് ചെയ്യാൻ പറ്റാത്ത ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്. എത്ര പിണങ്ങിയാലും വൈരാഗ്യം തോന്നിയാലും അപ്പോൾ തന്നെ ഡിറ്റാച്ച്ഡ് ആകണം. രണ്ടാംഭാവം കണ്ടിട്ട് എന്നെ ആദ്യം വിളിച്ചത് രഞ്ജിത്താണ്. "എടാ ഡാഷ് മോനേ, അമ്മ ഓതിത്തന്ന ഹരിനാമ ജപം പഠിച്ചിട്ട് കൊല്ലാൻ നീ മറന്നു പോയി എന്നൊക്കെ പറഞ്ഞാൽ ആരാണ് കേട്ടിരിക്കുക. ആ തോക്ക് എടുത്ത് തിലകന്റെ കയ്യിൽ കൊടുക്കുകയല്ല. അവന്റെ ദേഹത്തു മുഴുവൻ ബുള്ളറ്റ് നിറയ്ക്കണമായിരുന്നു. അതാ തിയറ്ററിൽ നിന്നു ജനം മോഹിച്ചത്. അതുകൊണ്ടാ പടം പൊട്ടിയത്" എന്നാണ് പറഞ്ഞത്. ഇതേ കാര്യം ലാൽജോസിനോട് ഞാനും പറഞ്ഞതായിരുന്നു. "ചേട്ടാ, ചേട്ടൻ ഷാജി കൈലാസ് ചേട്ടന്റെയും ജോഷിസാറിന്റെയുമൊന്നും പടത്തിൽ അഭിനയിക്കുന്നത് വച്ച് എന്റെ പടത്തെ അസസ് ചെയ്യല്ലേ" എന്നാണ് അയാൾ അന്നു പറഞ്ഞത്. ആ ദുഃഖത്തിൽ നിന്നു രക്ഷപ്പെടാൻ ഞാൻ സമയമെടുത്തു. രഞ്ജിത് പറഞ്ഞ അഭിപ്രായം ഭയങ്കര പെയിൻഫുൾ ആണ്.
സുരേഷെന്ന രാഷ്ട്രീയക്കാരൻ
എന്റെ രാഷ്ട്രീയം നിഷ്കർഷിക്കുന്ന രാഷ്ട്രീയക്കാരനാകാൻ എനിക്കു പറ്റില്ല. ഞാൻ എന്താണോ അതാണെന്റെ രാഷ്ട്രീയവും. ഡിപ്ലമാറ്റിക് ആവുകയേ ഇല്ല. എന്റെ നേതാവ് എന്നോടു ചോദിച്ചിട്ടുണ്ട്. കുറച്ചൊക്കെ വിട്ടുവീഴ്ചകൾ ചെയ്തുകൂടെ എന്ന്. അന്ന് അത് "ബുദ്ധിമുട്ടാണ്" എന്നായിരുന്നു എന്റെ മറുപടി.
‘ഗരുഡൻ’ എന്ന സിനിമ
അരുൺ വർമ എന്ന പുതുമുഖ സംവിധായകനെ വിലയിരുത്താൻ ഞാൻ ആളല്ല. അയാൾ നല്ല വിഷനുള്ള സംവിധായകനാണ്. സിനിമയെ പറ്റിയും ഞാൻ പറയുന്നില്ല. നമ്മുടെ സിനിമാ ആസ്വാദകർ വിലയിരുത്തട്ടെ.
ഈ സിനിമയുടെ ട്രെയിലറിൽ 1മിനിറ്റ് 47 സെക്കൻഡിൽ വരുന്ന എന്തോ ഒന്നിനെ ആളുകൾ കമന്റിൽ വൗ എന്നു പറഞ്ഞു. ആയിരം കമന്റുണ്ട്. പോയി നോക്കുമ്പോൾ ഹെൽമറ്റ് എടുത്ത് ഒരുത്തന്റെ മുഖം അടിച്ചു പൊളിക്കുന്നതാണ്. അതൊരു വല്ലാത്ത അടിയാണ്. അത് തെറ്റായ ഒരു എക്സ്പറ്റേഷനാണ്. ആദ്യം മുതൽ അവസാനം വരെ സുരേഷ് ഗോപിയുടെ എയർലിഫ്റ്റ് സ്പ്ലിറ്റ് കാണാം എന്നൊന്നും വിചാരിക്കരുത്. അങ്ങനത്തെ സിനിമയേ അല്ല. ഒരു ക്രൈം ത്രില്ലറിൽ നമ്മൾ കാണാത്ത ഒരുപാട് മുഖങ്ങൾ ഇതിനകത്തുണ്ട്. മിഥുൻ മാനുവൽ തോമസും അരുണും ചേർന്ന് ഇതൊരു നല്ല സിനിമയാക്കിയിട്ടുണ്ട്.
സിനിമയുടെ എണ്ണം കുറച്ചു പറയണം
സുരേഷ് ഗോപി 255 സിനിമകളാണ് ചെയ്തതെന്ന് കേട്ടിരിക്കില്ലേ. ശരിക്കും അതിലും കൂടുതലാണ് എണ്ണം. എപ്പോഴും കുറച്ചു പറയണം. അതാണ് നമ്മുടെ രാശിക്ക് നല്ലത്. അന്ധവിശ്വാസമായിരിക്കും. പക്ഷേ അതു നമുക്കു മാത്രമല്ല എല്ലാ രാജ്യക്കാർക്കും ഉണ്ട്. വിദേശികളാണ് അതേറ്റവും കൂടുതൽ പ്രചരിപ്പിക്കുന്നത്. പപ്പുവേട്ടൻ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ പറഞ്ഞതുപോലെ "എന്റെ വിശ്വാസം വിശ്വാസമാണ്. നിങ്ങളുടെ വിശ്വാസം അന്ധവിശ്വാസമാണെങ്കിൽ അതാണ് നിങ്ങളുടെ വിശ്വാസം".
അടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കണം
എന്റെ കയ്യിൽ ഒരുപാട് ആഭരണങ്ങൾ ഉണ്ട്. ഈ ഒരു മോതിരം എന്റെ മകളിൽനിന്ന് അടിച്ചു മാറ്റിയതാണ്. എന്റെ നല്ല ദിവസങ്ങളിൽ ഈ മോതിരം ഉണ്ടായിട്ടുണ്ട്. എന്റെ ചിന്തയെയും നല്ല സംസാരത്തെയും ഈ മോതിരം സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിൽ നിന്ന് വിമാനത്തിൽ വരുമ്പോൾ എന്റെ സീറ്റിന്റെ ഇടയിലേക്ക് മോതിരം വീണു. കുറച്ചുകഴിഞ്ഞു ഒരാൾ അത് എടുത്തു തരികയും ചെയ്തു. പക്ഷേ അത്രയും നേരം എനിക്ക് വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. അപ്പോൾ ഞാൻ തീരുമാനിച്ചു, ഈ മോതിരം ഇനി ലോക്കറിൽ സൂക്ഷിക്കണം.
ഈ ആഭരണങ്ങളൊക്കെ അണിയാൻ അടുത്ത ജന്മത്തിൽ എങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം. മകളുടെ കല്യാണത്തിന് വലിയൊരു മുത്തുമാല വാങ്ങിത്തരാമെന്നു ഭാര്യ രാധിക പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ ആ സ്റ്റൈൽ പരീക്ഷിച്ചേക്കും.
രാധികയുടെ ഒരു സാരി ഒഴികെ ബാക്കിയെല്ലാം ഞാൻ അവളില്ലാത്തപ്പോൾ വാങ്ങി കൊടുത്തിട്ടുള്ളതാണ്. അവൾ അതെല്ലാം ആവേശത്തോടെ വാങ്ങിയതുമാണ്. പക്ഷേ, മകളുടെ കല്യാണം വന്നപ്പോൾ എന്റെ സിലക്ഷൻ ഒന്നും കുട്ടികൾക്ക് ഇഷ്ടപ്പെടുന്നില്ല. അപ്പോൾ ഞാൻ ഭാര്യയോട് ചോദിച്ചു, "എന്റെ ഫാഷൻ സെൻസ് പോയോ" എന്ന്. അവൾ പറഞ്ഞത് "കാലം മാറിയില്ലേ, എനിക്ക് ഏട്ടന്റെ സ്റ്റൈൽ ഇഷ്ടപെട്ടതുപോലെ കുട്ടികൾക്ക് ഇഷ്ടപ്പെടില്ല" എന്നാണ്.
മകളുടെ കല്യാണം
ഒരുക്കങ്ങൾ ഗംഭീരമായി നടക്കുന്നു. ഈ അടുത്ത് ലെഹങ്ക പറഞ്ഞേൽപ്പിച്ചു. അപ്പോൾ മകൾ വിളിച്ചു ചോദിച്ചു, "അച്ഛാ നമുക്ക് ആ ലെഹങ്ക മാറി ചിന്തിച്ചാലോ" എന്ന്. ശേഷം അവൾ അയച്ച ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടിപോയി. എന്റെ അതേ ഇഷ്ടം. അപ്പോൾ പുതിയ കാലത്തും നമ്മുടെ സ്റ്റൈലും ടേസ്റ്റും കുട്ടികൾക്കും ഇഷ്ടപ്പെടുന്നുണ്ട്.
മകൾ കല്യാണം കഴിഞ്ഞു പോകുന്നതിൽ വിഷമമില്ല. അത് അച്ഛന്റെയും അമ്മയുടെയും കടമയാണ്. പെൺകുട്ടികളെ സുരക്ഷിതമായി ഏൽപ്പിക്കുന്നത് ധൈര്യമാണ്. പിന്നെ പഴയ കാലമല്ലല്ലോ. കല്യാണം കഴിഞ്ഞാലും മക്കൾ അടുത്ത് തന്നെയില്ലേ.