വിവാദ കത്ത് തയാറാക്കിയത് മേയറോ? ഫൊറൻസിക് ഫലം നിർണായകം; കുഴങ്ങി ക്രൈംബ്രാഞ്ച്
Mail This Article
തിരുവനന്തപുരം∙ പാർട്ടിക്കാർക്കു ജോലി നൽകാൻ മേയർ ആര്യ രാജേന്ദ്രൻ ഔദ്യോഗിക ലെറ്റർ പാഡിൽ സിപിഎം ജില്ലാ സെക്രട്ടറിക്കു കത്തു നൽകിയെന്ന വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു. മേയറുടെ ഓഫിസിലെ കംപ്യൂട്ടറുകളുടെ ഫൊറൻസിക് പരിശോധനാഫലം വരാത്തതിനെ തുടർന്നാണ് അന്വേഷണം എങ്ങുമെത്താതെ നിൽക്കുന്നത്. കത്ത് മേയറുടെ ഓഫിസിൽനിന്നാണോ തയാറാക്കിയത് എന്നറിയാനാണ് കംപ്യൂട്ടറുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചത്.
ക്രൈംബ്രാഞ്ച് അന്വേഷണം ഒന്നരവർഷം പിന്നിട്ടിട്ടും പരിശോധനാഫലം ലഭിച്ചില്ല. എന്നു ലഭിക്കുമെന്ന് ഉദ്യോഗസ്ഥർക്കു വ്യക്തതയില്ല. 2022 നവംബറിലാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. മേയറുടെ കാലാവധി അവസാനിക്കുന്നതിനു മുൻപ് അന്വേഷണം പൂർത്തിയാകാനും സാധ്യതയില്ല. കത്ത് വിവാദത്തിൽ പാർട്ടി നടത്തുന്ന അന്വേഷണവും എങ്ങുമെത്തിയില്ല. സി.ജയൻബാബു, ഡി.കെ.മുരളി, ആർ.രാമു എന്നിവരടങ്ങിയ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്.
2022 നവംബർ അഞ്ചിനാണ് മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലുള്ള കത്ത് പുറത്തു വന്നത്. കോർപറേഷനിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് 295 താൽക്കാലിക നിയമനങ്ങൾക്കായി പാർട്ടിയുടെ മുൻഗണനാപട്ടിക ആവശ്യപ്പെട്ടുള്ള കത്ത് സിപിഎം വാട്സാപ് ഗ്രൂപ്പുകളിലൂടെ പുറത്തായതാണ് വിവാദമായത്. അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ അഭിസംബോധന ചെയ്തായിരുന്നു കത്ത്. ഡിസംബർ 31നാണ് ക്രൈംബ്രാഞ്ച് സംഘം മേയറുടെ ഓഫിസിൽനിന്ന് 5 ഹാർഡ് ഡിസ്കുകൾ പിടിച്ചെടുത്തത്. കത്തിന്റെ പേരിൽ ഗുരുതര ആരോപണം ഉയർന്ന കോർപറേഷൻ മരാമത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷൻ ഡി.ആർ.അനിലിന്റെ മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.
കോടതി മുഖേന ഇവ ഫൊറൻസിക് ലാബിനു കൈമാറുകയും ചെയ്തു. ഹാർഡ് ഡിസ്ക് പരിശോധിച്ച് റിപ്പോര്‍ട്ട് കൈമാറാൻ ഒരാഴ്ച മതിയാകും. കെട്ടിക്കിടക്കുന്ന പഴയ കേസുകൾ തീർക്കാൻ കോടതിയുടെ നിർദേശമുള്ളതിനാലാണ് ഫൊറൻസിക് പരിശോധന വൈകുന്നതെന്ന് ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന്റെ പേരിൽ പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയതായി സ്ഥിരം സമിതി അധ്യക്ഷനായിരുന്ന ഡി.ആർ.അനിൽ സമ്മതിച്ചിരുന്നു. അനിലിനെ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തുനിന്നും ആനാവൂർ നാഗപ്പനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. താനെഴുതിയ കത്ത് നശിപ്പിച്ചെന്നാണ് അനിൽ പറഞ്ഞത്. മേയറുടെ പേരിൽ പ്രചരിച്ച കത്തിന്റെ യഥാർഥ പകർപ്പ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. താൻ ഉപയോഗിച്ച ലെറ്റർ ഹെഡ് എഡിറ്റ് ചെയ്താണ് കത്ത് തയാറാക്കിയതെന്നായിരുന്നു മേയർ ആര്യ അന്ന് പ്രതികരിച്ചത്.