ADVERTISEMENT

ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ഐഫോണ്‍ സീരിസാണ് എസ്ഇ. ഇതുവരെ ആപ്പിൾ പുറത്തിറക്കിയ എസ്ഇ മോഡലുകള്‍ക്കെല്ലാം കരുത്തുറ്റ പ്രൊസസറുകള്‍ നല്‍കിയിരുന്നു എങ്കിലും, ചെറിയ സ്‌ക്രീനും, പഴഞ്ചന്‍ രൂപകല്‍പ്പനാ രീതിയും ഒക്കെ ആയിരുന്നു ഈ സീരിസിൽ‍ കണ്ടത്. ഇനി ഇറക്കാന്‍ പോകുന്ന എസ്ഇ 4 മോഡലിന് ഫിസിക്കല്‍ ഹോം ബട്ടണ്‍ പോലെയുള്ള പഴയ ഫീച്ചറുകൾ ഇല്ലാത്ത ഡിസൈനും, മികച്ച സ്‌ക്രീനുമെല്ലാം പ്രതീക്ഷിക്കാമത്രെ. 

6.1-ഇഞ്ച് വലിപ്പമുളള ഓലെഡ് ഡിസ്പ്ലേ, ഫെയ്സ് ഐഡി, വയര്‍ലെസ് ചാര്‍ജിങ്!

ഐഫോണ്‍ എസ്ഇ3യ്ക്ക് കേവലം 4.7-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍ ആയിരുന്നു ഉണ്ടായിരുന്നത്. എസ്ഇ4ന് 6.1-ഇഞ്ച് വലിപ്പമുള്ള, ഫുള്‍എച്ഡി റസല്യൂഷനുള്ള ഓലെഡ് ഡിസ്‌പ്ലെ ലഭിക്കുമെന്നാണ് സൂചന. ഇതോടെ, ഇനി ഒരിക്കലും 5-ഇഞ്ചില്‍ താഴെ വലിപ്പമുള്ള ഐഫോണ്‍ മാര്‍ക്കറ്റിലെത്തില്ലെന്ന് ഉറപ്പിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

അടുത്തിടെ 91മൊബൈല്‍സ് പുറത്തുവിട്ട ഡിസൈന്‍ യഥാര്‍ത്ഥമാണെങ്കില്‍ എസ്ഇ3യില്‍ കണ്ട ടച്ച് ഐഡിക്കു പകരം ഫെയ്സ് ഐഡിയും എസ്ഇ4ന് ലഭിക്കും. ഐഫോണ്‍ 13/14 സീരിസില്‍ കണ്ടത്ര വലിപ്പമുള്ള നോച് പ്രതീക്ഷിക്കാമെന്നുംപറയുന്നു. മാഗ്‌സെയ്ഫ് വഴി വയര്‍ലെസ് ചാര്‍ജിങും എസ്ഇ4ന് സാധ്യമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. 

'ഗോസ്റ്റി'ന് ഐഫോണ്‍ 14 പ്രോയുടെ കരുത്ത്; ഒറ്റ ക്യാമറ

ഗോസ്റ്റ് എന്ന കോഡ് നാമത്തിലാണ് ഐഫോണ്‍ എസ്ഇ4 ആപ്പിള്‍ കമ്പനിക്കുള്ളില്‍ ഇപ്പോള്‍ അറിയപ്പെടുന്നതെന്ന് മാക്‌റൂമേഴ്‌സ്. നിലവില്‍ വില്‍പ്പനയിലുള്ള ഐഫോണ്‍ എസ്ഇ3യ്ക്ക് ശക്തിപകരുന്നത് ആപ്പിള്‍ സ്വന്തമായി നിര്‍മ്മിച്ചെടുത്ത എ15 ബയോണിക് പ്രൊസസറാണ്. എന്നാല്‍, എസ്ഇ4ന് ഐഫോണ്‍ 15, 14 പ്രോ സീരിസ് എന്നിവയ്ക്ക് കരുത്തുപകരുന്ന എ16 ബയോണിക് പ്രൊസസര്‍ ആയിരിക്കുമത്രെ. 

Image Credit: husayno/Istock
Image Credit: husayno/Istock

എസ്ഇ4ന്റെ ക്യാമറയുടെ കാര്യത്തില്‍ പ്രചരിക്കുന്നത് രണ്ട് ഊഹോപോഹങ്ങളാണ്. ഒറ്റ 48എംപി ക്യാമറ പ്രതീക്ഷിച്ചാല്‍ മതി എന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍, മജിന്‍ ബു തുടങ്ങിയ ചില ലീക്കര്‍മാര്‍പറയുന്നത്, അതിനൊപ്പം ഒരു 12എംപി അള്‍ട്രാ വൈഡ് ക്യാമറയും ഉള്‍ക്കൊളളിച്ച ഇരട്ട പിന്‍ക്യാമറാ സംവിധാനം പ്രതീക്ഷിക്കാമെന്നാണ്. 

അപ്പോള്‍ വിലയോ? 

ഐഫോണ്‍ എസ്ഇ3 64ജിബി വേരിയന്റിന്റെ വില 49,900 രൂപയാണ്. ഇതില്‍ നിന്ന് കാര്യമായ വര്‍ദ്ധന വന്നേക്കും എസ്ഇ4 മോഡലിനെന്നാണ് പറയുന്നത്. മറ്റൊരു അവകാശവാദം പ്രകാരം, 'ഗോസ്റ്റിന്റെ' നിര്‍മ്മണത്തിന്റെആദ്യ ഘട്ടത്തിലേക്കു മാത്രമെ ആപ്പിള്‍ ഇപ്പോള്‍ പ്രവേശിച്ചിട്ടുള്ളു. 'ഈ വര്‍ഷം എന്നെങ്കിലും' ഇത് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഐഓഎസ് 18 എഐ സമൃദ്ധം

നിര്‍മിത ബുദ്ധിയാല്‍ (എഐ) സമൃദ്ധമായിരിക്കും ഐഓഎസ് 18 എന്ന സൂചന നേരത്തെ തന്നെ വന്നിരുന്നു എങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അത് ക്ലൗഡില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കില്ലത്രെ. ഫോണില്‍തന്നെ ആയിരിക്കും ഇതിന്റെ പ്രൊസസങ് നടക്കുക. ഗൂഗിള്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഫോണുകളില്‍ എഐ നേരത്തെ പ്രവേശിപ്പിച്ചിരുന്നതിനാല്‍, ആപ്പിള്‍ എങ്ങനെയാണ് ഈ മേഖലയിലേക്ക് കാലുവയ്ക്കുക എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ടെക്‌നോളജി പ്രേമികള്‍. 

ഇതുവരെ സ്വന്തമായി എഐ വികസിപ്പിച്ചെടുക്കുന്ന കാര്യത്തില്‍ വിജയിക്കാത്ത ആപ്പിള്‍ മറ്റു കമ്പനികളെ ആശ്രയിച്ചായിരിക്കും നിര്‍മിത ബുദ്ധി എത്തിക്കുക. ഗൂഗിള്‍, ഓപ്പണ്‍എഐ, ബായിഡു എന്നീ കമ്പനികളുടെ എഐ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പനയ്‌ക്കെത്തുന്ന ഫോണുകളില്‍ കണ്ടേക്കാമെന്നു പറയുന്നു. ചാറ്റിജിപിറ്റി, കോപൈലറ്റ് തുടങ്ങിയവയുടെ രീതിയിലുള്ള ഒരു ചാറ്റ് ആപ്പോ സേവനമോ ഐഫോണില്‍ ഉണ്ടായിരിക്കില്ലെന്നും മറിച്ച്, ആപ്പിളിന്റെ നേറ്റീവ് ആപ്പുകളായ സിരി, നോട്‌സ്, സ്‌പോട്ട്‌ലൈറ്റ് സേര്‍ച്ച്, സഫാരി ബ്രൗസര്‍ തുടങ്ങിയെ സൂപ്പര്‍ ചാര്‍ജ് ചെയ്യുകയായിരിക്കും തുടക്ക ഘട്ടത്തിലെന്നും പറയുന്നു. 

samsung-fold - 1

ഐഫോണിനെ പിന്തള്ളി സാംസങ്

ഐഫോണ്‍ കയറ്റുമതി 2024 ആദ്യ പാദത്തില്‍ ഇടിഞ്ഞതോടെ, സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ആപ്പിളിന്റെ അടുത്ത എതിരാളിയായ സാംസങ് ഒന്നാം സ്ഥാനത്തെത്തിയെന്ന് ഐഡിസി. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്‌മെന്റ് 7.8 ശതമാനം വളര്‍ച്ചയാണ് ഈ കാലയളവില്‍ കാണിച്ചത്. ചൈനയില്‍ വില്‍പ്പന കുറഞ്ഞതും ആപ്പിളിന് വിനയായി എന്നും പറയുന്നു. ഒന്നാം പാദത്തില്‍ വിറ്റ 17.3 ശതമാനം ഫോണുകളും ഉണ്ടാക്കിയത് സാംസങ് ആണ്. 

sora open ai
sora open ai

അഡോബിയും, ഓപ്പണ്‍എഐയും കൈകോര്‍ക്കുമോ?

ഫോട്ടോ, വിഡിയോ, ഓഡിയോ കണ്ടെന്റ് എഡിറ്റിങ് ഭീമന്‍ അഡോബിയും, പെട്ടെന്ന് കടന്നുവന്ന് എഐ മേഖലയില്‍ അത്ഭുതം വിരിയിച്ച ഓപ്പണ്‍എഐയും കൈകോര്‍ത്തേക്കാമെന്ന് റോയിട്ടേഴ്‌സ്. തങ്ങളുടെ വിശ്രുതമായ ആപ്പുകള്‍ക്കുള്ളില്‍തേഡ്-പാര്‍ട്ടി ജനറേറ്റിവ് എഐ ടൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാനുള്ള നീക്കവുമായി മുന്നേറുകയാണ് അഡോബിയത്രെ. ഓപ്പണ്‍എഐയുടെ സോറ തുടങ്ങിയ എഐ ടൂളുകള്‍ക്ക് ആതിഥേയത്വം വഹിക്കാനാണ് അഡോബി ഒരുങ്ങുന്നത്. 

അഡോബി പ്രീമിയര്‍ പ്രോ ലോകമെമ്പാടുമുള്ള സിനിമാ, ടിവി വ്യവസായത്തിനു വരെ പിന്‍ബലം നല്‍കുന്നു. ഒരു സീനില്‍ വേണ്ട കാര്യങ്ങള്‍ ജനറേറ്റു ചെയ്തു ചേര്‍ക്കാനുള്ള അവസരമൊരുക്കാനാണ് അഡോബി മറ്റു കമ്പനികളെകൂട്ടുപിടിക്കുന്നത്. അഡോബിയുടെ സ്വന്തം എഐ സേവനമായ ഫയര്‍ഫ്‌ളൈക്ക്, ഓപ്പണ്‍എഐയും, മിഡ്‌ജേണിയുമൊക്കെ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഓപ്പണ്‍എഐക്കു പുറമെ, പികാ ലാബ്‌സ്, റണ്‍വേ എന്നീ കമ്പനികള്‍ക്കും പ്രീമിയര്‍ പ്രോയില്‍ വിഡിയോ ജനറേറ്റു ചെയ്യാനുള്ളഅനുമതി നല്‍കിയേക്കും. 

എഐയുടെ പൊടുന്നനെയുള്ള രംഗപ്രവേശനത്തില്‍, ആപ്പിളിനെ പോലെ തന്നെ കാലിടറിയ കമ്പനിയാണ് അഡോബിയും. ഇതേ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില 20 ശതമാനമാണ് ഇടിഞ്ഞത്. ഈ വര്‍ഷമെങ്കിലും ഫോട്ടോയുടെയും, വിഡിയോയുടെയുംകാര്യത്തില്‍ എഐ നൂതന എഐ ടൂളുകള്‍ എത്തിക്കാനായില്ലെങ്കില്‍ അഡോബിക്ക് അത് ഗുരുതരമായ ബിസിനസ് റിസ്‌ക് ആയിരിക്കുമെന്ന് വാള്‍ സ്ട്രീറ്റ് മുന്നറിയിപ്പു നല്‍കിയിരുന്നു.   

മ്യൂസിക് പ്രോ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ലോസ്‌ലെസ് ഓഡിയോയുമായി സ്‌പോട്ടിഫൈ

പ്രമുഖ ഓഡിയോ സ്ട്രീമിങ് ആപ്പായ സ്‌പോട്ടിഫൈ ലോസ്‌ലെസ് ഓഡിയോ സപ്പോര്‍ട്ട് നല്‍കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത കുറച്ചുകാലമായി പ്രചരിച്ചു വരുന്നതാണ്. പുതിയ റിപ്പോര്‍ട്ട് പ്രകാരം, മ്യൂസിക് പ്രോആഡ് സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് ലോസ്‌ലെസ് ഫോര്‍മാറ്റിലുള്ള ഓഡിയോ ശ്രവിക്കാന്‍ സാധിച്ചേക്കും. 

Deep Fake Artificial Intelligence Abstract Concept, deepfake procedural technology, Fake news creation futuristic cyber threat, social tech issues influence
Deep Fake Artificial Intelligence Abstract Concept, deepfake procedural technology, Fake news creation futuristic cyber threat, social tech issues influence

വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

വിന്‍ഡോസ് അടക്കം മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. വിന്‍ഡോസിനു പുറമെ ഓഫിസ്, ഡിവലപ്പര്‍ ടൂള്‍സ്, ബിങ്, സിസ്റ്റം സെന്റര്‍, ഡൈനാമിക്‌സ്, എക്‌സ്‌ചേഞ്ച് സേര്‍വര്‍ തുടങ്ങി പല മേഖലകളിലും ഭേദ്യത കണ്ടെത്തി. ഏറ്റവും വേഗം പുതിയ സോഫ്റ്റ്‌വെയര്‍ വേര്‍ഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചു തുടങ്ങുക എന്നതാണ് പരിഹാരമാര്‍ഗം.

നയലംഘനത്തിന്റെ പേരില്‍ 2 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടിച്ച് എക്‌സ്

നയലംഘനത്തിന്റെ പേരില്‍ 2 ലക്ഷം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ എക്‌സ് പ്ലാറ്റ്‌ഫോം പൂട്ടിച്ചു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കാലഘട്ടത്തിലെ കണക്കാണ് ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ് പുറത്തുവിട്ടിരിക്കുന്നത്. 

English Summary:

iPhone SE 4: Everything you need to know about Apple’s next-gen ‘budget’ phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com