Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേട്ടിരിക്കാം... ഈ ജീവിതകഥകൾ

story-telling

കഥ കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? കുഞ്ഞുനാളിൽ ഭക്ഷണം കഴിക്കാൻ അമ്മ പറഞ്ഞു തന്ന കാക്കയുടെയും പൂച്ചയുടെയും കഥ മുതൽ വലുതാകുമ്പോൾ കൂട്ടുകാർക്കിടയിലെ കഥ പറച്ചിലുകൾ വരെ നീണ്ടു കിടക്കുന്നു. നമ്മുടെ കഥ തീരും വരെ നമ്മൾ കഥകൾക്കായി കാത്തിരിക്കുന്നു. കാതു കൂർപ്പിച്ച് മറ്റെല്ലാം മറന്ന് കേട്ടു കൊണ്ടിരിക്കുന്നു. കഥയില്ലാത്തവർ എന്നു മുദ്ര കുത്തപ്പെട്ടവർക്ക് പോലും ആ കഥയില്ലായ്മയ്ക്കുള്ളിൽ ഒരു കഥ പറയാനുണ്ടാകും

ഇത് മൊബൈലിന്റെ ഇത്തിരി ചതുരത്തിലോ കമ്പ്യൂട്ടറിന്റെ ഇത്തിരി വലിയ ചതുരത്തിലോ നമ്മൾ തളച്ചിടപ്പെട്ട കാലം; സാന്നിധ്യങ്ങൾ ഇല്ലാതെ സംവദിക്കുന്ന കാലം. പലപ്പോഴും പരസ്പരം കാണാതെ കേൾക്കാതെ നമ്മൾ ആരോടൊക്കെയൊ കഥ പറയുന്നു. അവിടെ നിന്നും സ്വയം പറിച്ചെടുത്ത കുറച്ചു പേർ മുഖത്തോട് മുഖം നോക്കി കഥ പറഞ്ഞാലോ... വാക്കുകളുടെ ശബ്ദവ്യത്യാസത്തിൽ മുഖത്ത് മിന്നി മായുന്ന ഭാവങ്ങളിൽ, തൊട്ടറിയും വിധം കണ്ടറിഞ്ഞ്, കഥ കേൾക്കലിന്റെ മറ്റൊരു തലത്തിൽ പറയുന്നവരും കേൾക്കുന്നവരും എത്തുന്നു. 

കഴിഞ്ഞ ദിവസം കോട്ടയത്ത് ആദ്യമായ് അങ്ങിനെ ചിലർ ഒത്തു ചേർന്നു. കഞ്ഞിക്കുഴിയിലെ ബീൻസ്റ്റോറി കഫേയിൽ കഥകൾ ഒഴുകി പരന്നു. ജീവിതത്തിലെ അനുഭവങ്ങളെ കഥകളാക്കി മറ്റുള്ളവർക്കു മുന്നിൽ പറഞ്ഞു വെച്ചു. സ്വന്തം അനുഭവങ്ങളെ അഞ്ചു മിനുറ്റിൽ അതെ അളവിൽ മറ്റൊരാളെ അനുഭവിപ്പിക്കുന്ന വാക്കുകളുടെ മാന്ത്രിക വിദ്യ. സങ്കടങ്ങൾ സന്തോഷങ്ങൾ തമാശകൾ വിഷയം എന്തെന്നതല്ല, ഓരോരുത്തരും കഥ പറച്ചിലുകാരാവുന്നത് മുന്നിലിരിക്കുന്നവർ കണ്ടറിഞ്ഞു, അതിലേറെ കേട്ടറിഞ്ഞു. 

അമ്പലമുറ്റത്തെ ആൽ തറകൾ, വഴിയോരത്തെ കൂട്ടായ്മകൾ, ആണുങ്ങളുടെ സൊറ പറച്ചിൽ കേന്ദ്രങ്ങൾ...  അടുക്കള ചായ്പ്പിൽ, വേലിക്ക് അപ്പുറമിപ്പുറം പെൺകൂട്ടങ്ങളുടെ കഥ പറച്ചിലുകൾ... കാലം മാറുമ്പോൾ കോലവും മാറുന്നു. നമുക്ക് നഷ്ടമായ കോലായക്കഥകൾ തിരിച്ച് പിടിക്കാനുള്ള ശ്രമമാണ് ഈ ഒത്തുകൂടലുകൾ. സ്വയം ഒറ്റപ്പെടുന്നവർ ആവണമെന്നില്ല, ഒത്തുകൂടാൻ ഇഷ്ടപ്പെടുന്നവർ ഒന്നു ചേർന്ന് കഥകൾ പറഞ്ഞും കേട്ടും പുതിയൊരു തരംഗമാവുന്നു.  

വാരണസിയിലേക്ക് യാത്ര പോയ രണ്ടു കൂട്ടുകാർ അവിടെ കണ്ട കഥ പറച്ചിൽ കൂട്ടായ്മയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്റ്റോറീസ് വർത്ത് ഷെയറിങ് (SWS) തുടങ്ങിയത്. ഹിമാൻഷു പൊസ്വാൾ, മോഹിത് മുഞ്ചാൽ എന്ന സുഹൃത്തുക്കളിൽ നിന്നും തുടങ്ങി ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലേക്കും ഇതു പടർന്ന് പന്തലിച്ചിരിക്കുന്നു. കേരളത്തിൽ തന്നെ പലയിടത്തും പലവുരു കഥപറച്ചിൽ അരങ്ങേറിയിട്ടും കോട്ടയത്തിനു കഥ പറയാനും കേൾക്കാനും പിന്നെയും കാത്തിരിക്കേണ്ടി വന്നു. കഥ പറയാൻ വന്ന പത്തു പേർ, കേൾക്കാൻ വന്ന ഇരുപതോളം പേർ, അങ്ങിനെ ചെറിയ ഒരു കൂട്ടം. ആയിരുന്നു സ്റ്റോറീസ് വർത്ത് ഷെയറിങ്ങിന്റെ ആദ്യ കോട്ടയം എഡിഷനിൽ എത്തിയത്.. 

കേൾക്കാൻ വന്നവർ പോലും കഥ പറയാൻ മുന്നിലോട്ട് വരുന്ന സുന്ദരമായ കാഴ്ച. കഥ കേൾക്കാനായി തൃശ്ശൂർ നിന്നെത്തിയ കൂട്ടുകാർ ശരിക്കും കോട്ടയത്തിന്റെ കഥ പറച്ചിലിന് പൊലിമ നൽകാൻ എത്തിയവരായിരുന്നു. എനിക്ക് എഴുതാനെ അറിയൂ എന്നു പറഞ്ഞ കേൾവിക്കാരി രാരിമ അവസാനം സുന്ദരമായ ഒരു അനുഭവ കഥ പറഞ്ഞപ്പോൾ അതുവരെ കഥ പറഞ്ഞവർ മാറി നിൽക്കേണ്ടി വരുമോ എന്നു തോന്നി. അച്ഛനെ കുറിച്ച് പറഞ്ഞ് അമ്മയുടെ കഥയിലെത്തി ഏവരുടേയും കണ്ണ് നിറയിച്ച ആര്യ, മകൻ അച്ഛനു ഗുരുവാകുന്ന അവസ്ഥ സ്വന്തം അനുഭവത്തിൽ പറഞ്ഞ തോമസ് സഖറിയ, വളർത്തുപട്ടിയല്ലെങ്കിലും ഒരു തെരുവുപട്ടി കാണിച്ചിരുന്ന സ്നേഹം, അതിന്റെ ജീവൻ മറഞ്ഞ ശേഷം മാത്രം തിരിച്ചറിഞ്ഞതിന്റെ വിങ്ങലിൽ ജയ് മോഹൻ, അങ്ങനെ കോട്ടയത്തിനു പറയാൻ കടലോളം കഥയുണ്ടെന്ന് കേട്ടറിഞ്ഞ ഒരു സുന്ദര സായാഹ്നമായിരുന്നു അത്.

ആരും കത്തെഴുതാത്ത കാലത്ത് ഒരു പോസ്റ്റ് കാർഡിനു ഇത്രയും വിലയുണ്ടെന്ന് ഓരോരുത്തരും സ്വയം അറിയുന്ന അവസരം കൂടിയായിരുന്നു. ഓരോ കഥ പറച്ചിലുകാരോടും കേൾക്കുന്നവർക്ക് പറയാനുള്ളത് പോസ്റ്റ് കാർഡിലാണ് എഴുതുന്നത്. മുമ്പ് SWS ഇൽ പങ്കെടുത്തവരുടെ കയ്യിലെ കാർ‍ഡുകളുടെ എണ്ണം കണ്ട് ഞെട്ടിയ പുതുമുഖങ്ങൾ ആയിരുന്നു കോട്ടയത്തുള്ളവർ. 

കൊച്ചിയിൽ കഥപറഞ്ഞു കഥ കേട്ട് എന്റെ കോട്ടയത്തിനും വേണ്ടേ ഇങ്ങനെ ഒരിടം എന്ന തോന്നലിൽ ഇതിനു മുന്നിട്ടിറങ്ങിയ ആൾഡ്രിൻ, ഞാനില്ലേ കൂടെ എന്ന് ഒപ്പം നിന്ന അന്നു, ഇവരായിരുന്നു കോട്ടയത്തെ കഥ പറയിക്കാൻ മുന്നിൽ നിന്നവർ.  

കോട്ടയം ഇനിയും കഥ പറയട്ടെ. കഥ കേൾക്കട്ടെ. പങ്കിട്ടെടുക്കാൻ കൂടുതൽ കഥകളുമായ് ഏവരും ഒത്തുകൂടട്ടെ.