Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്റ്പെയ്ഡ് യുദ്ധം തുടങ്ങി; വരിക്കാർക്ക് ആഹ്ലാദിക്കാം

Telecom

കൊച്ചി ∙ ടെലികോം മേഖലയിൽ ഇനി രണ്ടാംനിരക്കു യുദ്ധമാണ്. പ്രീപെയ്ഡ് മേഖലയെ ഇളക്കിമറിച്ച ഒന്നാംനിരക്കു യുദ്ധത്തിനുശേഷം റിലയൻസ് ജിയോ, പോസ്റ്റ് പെയ്ഡ് മേഖലയിലും യുദ്ധകാഹളം മുഴക്കിക്കഴിഞ്ഞു. ജിയോ ഒറ്റയ്ക്കും മറ്റു ടെലികോം കമ്പനികളെല്ലാം എതിർപക്ഷത്തും അണിനിരക്കുന്ന യുദ്ധത്തിന്റെ അവസാനം എന്തായാലും അത് ഉപയോക്താക്കൾക്കു പ്രയോജനം ചെയ്യുമെന്നുറപ്പാണ്.

പ്രമുഖ ടെലികോം സേവന ദാതാക്കൾ ഇപ്പോൾ നൽകുന്ന പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ പകുതി വിലയ്ക്ക് അധികം ഡേറ്റ, ഐഎസ്ഡി സേവനം എന്നീ പ്രത്യേകതകളോടെയാണ് ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ വരുന്നത്. ഒന്നുകിൽ ജിയോയുടെ അത്രയും വില കുറയ്ക്കുക, അല്ലെങ്കിൽ ജിയോയെക്കാൾ അധികസേവനം നൽകുക: ഈ രണ്ടു വഴികളാണ് ഇനി ഭാരതി എയർടെലിന്റെയും ഐഡിയ സെല്ലുലാറിന്റെയും  വോഡഫോണിന്റെയും മുന്നിലുള്ളത്. 

ഓൺലൈൻ ഓഡിയോ, വിഡിയോ കോളുകളുടെ വരവോടെ പ്രസക്തി നഷ്ടപ്പെട്ട ഐഎസ്ഡി കോൾ മേഖല വീണ്ടും ടെലികോം കമ്പനികൾക്കു മുന്നിൽ തുറന്നിടുകയാണ് ജിയോ. 50 പൈസയ്ക്കാണ് ജിയോ ഐഎസ്ഡി കോൾ ലഭ്യമാക്കുന്നത്.  നാളെ മുതലാണു ജിയോയുടെ സീറോ ടച്ച് പോസ്റ്റ് പെയ്ഡ് പ്രാബല്യത്തിൽ വരുന്നത്. രണ്ടാം നിരക്കുയുദ്ധം, ഉപയോക്താക്കൾക്ക് എങ്ങനെ എന്നു പരിശോധിക്കാം. 

ജിയോ  @199

ബില്ലിങ് കാലപരിധിയിൽ 199 രൂപയ്ക്ക് 25 ജിബി ഡേറ്റ നൽകുന്നതാണ് ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ. എല്ലാ ലോക്കൽ, എസ്ടിഡി, നാഷനൽ റോമിങ് കോളുകളും ഇക്കാലയളവിൽ സൗജന്യമാണ്. സൗജന്യ എസ്എംഎസുമുണ്ട്. ജിയോ പോസ്റ്റ് പെയ്ഡിൽ രാജ്യാന്തര കോളുകൾക്ക്  മിനിറ്റിന് 50 പൈസയാണു നിരക്ക്. രാജ്യാന്തര  റോമിങ്ങ് വോയ്സ്-ഡേറ്റ, എസ്എംഎസ് സേവനങ്ങൾക്ക് മിനിറ്റി രണ്ടു രൂപയാണ് ഈടാക്കുന്നത്. ജിയോ സീറോ ടച്ച് പോസ്റ്റ് പെയ്ഡിൽ രാജ്യാന്തര കോളുകൾ, ഡേറ്റ, എസ്എംഎസ് എന്നീ സേവനങ്ങൾ തുടക്കത്തിൽ തന്നെ ആക്ടീവായിരിക്കും. രാജ്യാന്തര കോളിനായി സെക്യൂരിറ്റി ഡിപ്പോസിറ്റും ആവശ്യമില്ല. മിനിറ്റിനു രണ്ടു രൂപയാണ് ഇൻർനാഷനൽ റോമിങ് നിരക്ക്.  ജിയോ മൂവീസ്, ജിയോ ടിവി തുടങ്ങിയ മറ്റു സേവനങ്ങളും പോസ്റ്റ് പെയ്ഡ് പ്ലാനിൽ സൗജന്യമായി ലഭിക്കും. 25 ജിബിയിൽ ബാക്കി വരുന്ന ഡേറ്റ അടുത്ത ബില്ലിങ് കാലപരിധിയിലേക്കു മാറ്റാൻ കഴിയില്ല. മറ്റു ടെലികോം കമ്പനികളുടെ ഉപയോക്താക്കൾക്കു നിലവിലുള്ള നമ്പർ മാറാതെതന്നെ ജിയോ പോസ്റ്റ് പെയ്ഡിലേക്കു മാറാം. 

എയർടെൽ @399

ഭാരതി എയർടെൽ നൽകുന്ന ഏറ്റവും ചെലവു കുറഞ്ഞ പോസ്റ്റ് പെയ്ഡ് പ്ലാനാണ് 399. ബില്ലിങ് സമയപരിധിയിൽ 20 ജിബി ഡേറ്റയാണു  ലഭിക്കുന്നത്. ഓൾ ഇന്ത്യാ റോമിങ്ങും ലോക്കൽ എസ്ടിഡി കോളുകളും സൗജന്യമാണ്. 100 എസ്എംഎസുകളും പ്ലാനിൽ ഉൾപ്പെടും. എയർടെല്ലിന്റെ സേവനങ്ങളായ വിങ്ക് മ്യൂസിക്, എയർടെൽ ടിവി എന്നിവയും പ്ലാനിൽ ലഭിക്കും. ഐഎസ്ഡി കോളിങ് ആവശ്യമുണ്ടെങ്കിൽ ഉപയോക്താക്കൾ പ്രത്യേകമായി ആക്ടിവേറ്റ് ചെയ്യണം. ഉപയോഗിക്കാത്ത ഡേറ്റ അടുത്ത മാസത്തെ ഡേറ്റയോടൊപ്പം ചേർക്കുന്ന ഡേറ്റ റോൾ ഓവർ സേവനം എയർടെൽ ഉപയോക്താക്കൾക്കു നൽകുന്നുണ്ട്. ഇങ്ങനെ 200 ജിബി ഡേറ്റ വരെ ലഭിക്കും. 

വോഡഫോൺ @399

399 രൂപയ്ക്കു സൗജന്യ കോളുകളും 20 ജിബി ഡേറ്റയും നൽകുന്ന പ്ലാനാണ് വോഡഫോണും നൽകുന്നത്. നാഷനൽ റോമിങ് ചാർജ് ഇല്ല. വലിയ എസ്എംഎസ് സൗകര്യങ്ങൾ പ്ലാനിൽ ഇല്ല. 200 ജിബി ലിമിറ്റിൽ ഡേറ്റ റോൾ ഓവർ സൗകര്യം വോഡഫോൺ നൽകുന്നുണ്ട്. വിഡിയോ സ്ട്രീമിങ്ങിനു വേണ്ടി വോഡഫോൺ പ്ലേ ആപ്പും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വോഡഫോണിന്റെ ഉയർന്ന നിരക്കിലുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്ന സേവനങ്ങൾ പലതും ഈ പ്രാരംഭനിലവാരത്തിലുള്ള പ്ലാനിൽ ഇല്ല. സൗജന്യ നെറ്റ്ഫ്ലിക്സ് ഈ പ്ലാനിൽ  ലഭ്യമല്ല.

ഐഡിയ@389

20 ജിബി ഡേറ്റ, സൗജന്യ ലോക്കൽ എസ്ടിഡി കോളുകൾ എന്നിവ  നൽകുന്നതാണ് ഐഡിയയുടെ 389 രൂപയുടെ പ്ലാൻ. ദിവസവും 100 എസ്എംഎസുകൾ പ്ലാനിലുണ്ട്. 200 ജിബി വരെ ഡേറ്റ റോൾ ഓവർ ചെയ്യാം. ഗെയിം, മ്യൂസിക്, സിനിമകൾ എല്ലാം അടങ്ങിയ ഐഡിയയുടെ ഡിജിറ്റൽ സ്യൂട് സ്ട്രീമിങ് സേവനവും പ്ലാനിൽ ഉൾപ്പെടും. ഐഡിയ മൂവീസ്, മ്യൂസിക്, ഗെയിംസ് എന്നിവ പ്ലാനിൽ സൗജന്യമാണ്.

ഇനി?

നിലവിൽ ഒരു മാസത്തെ പ്രീപെയ്ഡ് സേവനങ്ങളെക്കാൾ മൂന്നിരിട്ടി ചാർജ് അധികമാണ് പോസ്റ്റ് പെയ്ഡ് സേവനങ്ങൾക്ക്. പ്രീപെയ്ഡിൽ പ്രതിമാസം 150 രൂപ കോളിനും ഇന്റർനെറ്റിനുമായി ചെലവു വരുമ്പോൾ പോസ്റ്റ് പെയ്ഡിൽ അത് 500 രൂപയോളം വരും. അഞ്ചു ശതമാനം വരുന്ന പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളിൽനിന്ന് കമ്പനികൾ 25 ശതമാനത്തോളം വരുമാനം നേടുന്നത് ഈ വ്യത്യാസം കൊണ്ടാണ്. 

വിപണിയിൽ ഒരേ സേവനങ്ങൾക്കു തുല്യവില എന്ന സ്ഥിതിയുണ്ടായില്ലെങ്കിൽ വിപണിയിൽ അനാരോഗ്യകരമായ മത്സരം വരും. ഇത് കമ്പനികളുടെ പിടിച്ചുനിൽപിനെ ബാധിക്കും. പുതിയ സാഹചര്യത്തിൽ പുതിയ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളെ നേടാൻ ഐഡിയയും വോഡഫോണും എയർടെല്ലും നന്നായി വിയർപ്പൊഴുക്കേണ്ടിവരും. നിലവിലുള്ള ‘പ്രീമിയം’ ഉപയോക്താക്കളെ നിലനിർത്താനും വിപണിയിലെ പിടിച്ചുനിൽപിനുമായി പോസ്റ്റ് പെയ്ഡ് നിരക്കുകൾ ഇവർക്കു വെട്ടിക്കുറയ്ക്കേണ്ടിവരും. മൊബൈൽ ഫോൺ സേവനങ്ങളുടെ മാത്രമല്ല, വർഷങ്ങളായി മാറ്റമില്ലാതെതുടർന്ന ഇന്റർനാഷനൽ കോളുകളുടെയും ചെലവു വീണ്ടും കുറയുകയാണ്.

സ്മാർട് ഫോൺ ഉപയോഗിക്കാത്തവർക്കു പോലും ഇനി വിദേശത്തുള്ളവരോടു പിശുക്കില്ലാതെ സംസാരിക്കാവുന്ന സ്ഥിതി വരും. ഉറ്റവർ ഓൺലൈനിലെത്തുന്നതുവരെ  കാത്തിരിക്കുകയും വേണ്ട.