Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: ബിസിനസ് നഷ്ടം 10000 കോടി

flood-business

കൊച്ചി ∙ പ്രളയം സംസ്ഥാനത്തെ വ്യവസായ, വാണിജ്യ മേഖലകൾക്ക് ഏൽപിച്ച ആഘാതം അതിഭീമം. 10,000 കോടി രൂപയുടെയെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെന്നു പ്രാഥമിക കണക്കുകൾതന്നെ വ്യക്തമാക്കുന്നു. വ്യാപാര സ്തംഭനം, സ്റ്റോക്കിനുണ്ടായ നാശം, കെട്ടിടങ്ങൾക്കും യന്ത്രസാമഗ്രികൾക്കുണ്ടായ കേടുപാടുകൾ എന്നിവയ്ക്കു പുറമെ അവസര നഷ്ടത്തിന്റെ മൂല്യവും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാന സർക്കാരിനു ലഭിക്കേണ്ട വാണിജ്യ നികുതി ഇനത്തിൽ 100 കോടി രൂപയുടെയെങ്കിലും ഇടിവുണ്ടാകുമെന്നാണു കണക്കാക്കുന്നത്.

പ്രളയം മൂലമുണ്ടായ ആകമാന നഷ്ടം സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുമെന്നാണു റേറ്റിങ് ഏജൻസിയായ കെയറിന്റെ വിലയിരുത്തൽ. കേരളത്തിന്റെ മൊത്തം വരുമാനത്തിൽ 26% വ്യവസായ മേഖലയുടേതും 66% സേവന മേഖലയുടേതുമാണ്. ഇരു മേഖലകളെയും പ്രളയം പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

അതിവർഷത്തിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടിരിക്കുന്നതു തോട്ടം വ്യവസായത്തിനാണ്. ഈ മേഖലയുടെ നഷ്ടം 1000 കോടി രൂപയ്ക്കു മുകളിലായിരിക്കുമെന്നു കണക്കാക്കുന്നു. റബർ തോട്ടങ്ങൾക്കു മാത്രം 500 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ട്. ഏലം, കുരുമുളക് എന്നിവയ്ക്കും കനത്ത നാശം. തേയിലത്തോട്ടങ്ങളിൽ ഉൽപാദനം 50 ശതമാനത്തോളം കുറഞ്ഞു. കൊച്ചിയിൽ തേയില ലേലം മുടങ്ങുകപോലുമുണ്ടായി.

പറവൂർ ചേന്ദമംഗലം കൈത്തറി ഉൽപാദന മേഖല പാടേ തകർന്നത് ഉൾപ്പെടെ ടെക്സറ്റൈൽ വ്യവസായത്തിനു കനത്ത ആഘാതമാണുണ്ടായത്. വസ്ത്ര വ്യാപാര രംഗത്തും വലിയ തിരിച്ചടി. ഓണത്തിനു മുന്നോടിയായി നടക്കേണ്ടിയിരുന്ന വിൽപന 1000 കോടി രൂപയുടേതെങ്കിലുമാണ്. അതിന്റെ നാലിലൊന്നുപോലും വ്യാപാരം നടന്നില്ല. ഓണക്കാലത്തു മാത്രം വിൽപന പൊടിപൊടിക്കാറുള്ള പ്രത്യേക ഇനം തുണിത്തരങ്ങൾക്കാകട്ടെ ഇത്തവണ ഒട്ടും ആവശ്യക്കാരില്ലാതെപോയി. കേരളത്തിൽനിന്നുള്ള 500 കോടി രൂപയുടെ ഓർഡർ റദ്ദാക്കപ്പെട്ടിട്ടുണ്ടെന്നാണു സൂറത്തിലെ ടെക്സ്റ്റൈൽ വ്യാപാരികളിൽനിന്ന് അറിഞ്ഞത്.

കനത്ത ആഘാതമേൽക്കേണ്ടിവന്നിട്ടുള്ള മേഖലകളുടെ കൂട്ടത്തിൽ ഹോട്ടൽ, ടൂറിസം വ്യവസായങ്ങളും ഉൾപ്പെടുന്നു. റോഡ് ഗതാഗതം സ്തംഭിച്ചതും കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ മുടങ്ങിയതും മൂലം വൻതോതിലാണു ഹോട്ടൽ മുറികളുടെ ബുക്കിങ് റദ്ദാക്കപ്പെട്ടത്. ദിവസം ആയിരത്തിലേറെ ടൂറിസ്റ്റ് വാഹനങ്ങൾ എത്തിയിരുന്ന മൂന്നാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തീർത്തും നിർജീവമായി. കേരള ടൂറിസത്തിന്റെ വിപണനത്തിൽ വലിയ പങ്കുള്ള ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി പോലും നടന്നില്ല. സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിൽ 10% നേടിക്കൊടുക്കുന്ന വ്യവസായത്തിനാണു ദുരവസ്ഥയുണ്ടായത്. ഹൈറേഞ്ച് ടൂറിസത്തിനു 100 കോടി രൂപയുടെ വരുമാനം നഷടമായപ്പോൾ ഹൗസ് ബോട്ട് ടൂറിസത്തിനു നഷ്ടം 10 കോടിയോളം രൂപ.

വിവിധ ജില്ലകളിലായി നാനൂറിലേറെ ഇന്ധന വിൽപനശാലകളെ പ്രളയം പ്രയാസത്തിലാക്കി. എന്നാൽ ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ ഉൽപാദനത്തിനു തടസ്സമുണ്ടായതേയില്ല. 20 ലക്ഷം ബാരലുകളുമായെത്തിയ മൂന്നു ടാങ്കറുകൾക്കു ബർത്തിങ് സൗകര്യം ലഭിക്കാൻ വൈകിയതു മൂലം ക്രൂഡ് ഓയിൽ ലഭ്യതയ്ക്കു താമസം നേരിട്ടെങ്കിലും 10 ദിവസത്തേക്കുവേണ്ട ശേഖരമുണ്ടായിരുന്നതാണു നേട്ടമായത്. 

ദിവസം 30,000 യാത്രക്കാർ ആശ്രയിക്കുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് 250 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണു റിപ്പോർട്ട്. നിർമിതികൾക്കും വിവിധ സാമഗ്രികൾക്കുമുണ്ടായ നാശത്തിനു പുറമെ ബിസിനസിലുണ്ടായ നഷ്ടവും ഭീമമാണ്. വിമാനത്താവള കമ്പനി (സിയാൽ) ക്കു 2500 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുണ്ടെന്നാണ് അറിയുന്നത്.

ഗൃഹോപകരണങ്ങൾ, ഉപഭോക്തൃ ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയുടെ ഓണ വിൽപന ലക്ഷ്യം ഇത്തവണ 1000 കോടി രൂപയ്ക്കു മുകളിലായിരുന്നു. ഇതിന്റെ 60% മാത്രമാണ് ഇപ്പോൾ ലക്ഷ്യം. തുടർച്ചയായി അഞ്ചാം വർഷമാണ് ഈ ഉൽപന്നങ്ങളുടെ വിപണിക്കു ലക്ഷ്യം കൈവരിക്കാനാവാതെ പോകുന്നത്. ചില വ്യാപാരികളുടെ ഗോഡൗണുകളിൽ വെള്ളം കയറി സ്റ്റോക്ക് പൂർണമായും നശിച്ചിട്ടുണ്ട്.

റീട്ടെയ്ൽ രംഗത്തും വലിയ തോതിലുള്ള വ്യാപാര സ്തംഭനമാണുണ്ടായത്. ആയിരക്കണക്കിനു ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്കുണ്ടായ പ്രതിസന്ധി രൂക്ഷമായിരുന്നു. ഈ മേഖലയുടെ നഷ്ടം കോടികൾ വരും. ഏഷ്യയിലെ എറ്റവും വലിയ വ്യാപാര സമുച്ചയമായ കൊച്ചി ലുലു മാൾ ആറു ദിവസമാണ് അടഞ്ഞുകിടന്നത്. 

സാധാരണ ദിനങ്ങളിൽ 60,000 – 70,000 പേർ വന്നുപോയിരുന്ന മാളിൽ ഓണക്കാല സന്ദർശകരുടെ എണ്ണം ഒരു ലക്ഷം വരെ എത്തുന്നതായിരുന്നു പതിവ്. ആറു ദിവസം അടച്ചിടേണ്ടിവന്നതുമൂലമുള്ള നഷ്ടം 50 കോടി രൂപയാണ്. 

എംഎസ്എംഇ വിഭാഗത്തിൽപ്പെട്ട നൂറു കണക്കിനു വ്യവസായ സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കാനാവാത്തത്ര മോശമായ സ്ഥിതിയിലെത്തിയിരിക്കുന്നു. ഈ മേഖലയുടെ നഷ്ടം 1000 കോടി രൂപയ്ക്കു മുകളിലായിരിക്കുമെന്നാണു കണക്കാക്കുന്നത്.

വ്യവസായ, വാണിജ്യ മേഖലകളിലെയും കാർഷിക മേഖലയിലെയും കനത്ത നഷ്ടത്തിന്റെ പ്രത്യാഘാതം സംസ്ഥാനത്തെ ബാങ്കിങ് വ്യവസായത്തിന്റെ കിട്ടാക്കടം വർധിക്കുന്നതിന് ഇടയാക്കിയേക്കാം. കേരളം ആസ്ഥാനമായുള്ള ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ ഓഹരികളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വലിയ വിലയിടിവിനു കരാണം ഈ ആശങ്കയാണ്.

related stories