Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാപാര യുദ്ധം: തിരിച്ചടിച്ച് ചൈന

China-Us

ബെയ്ജിങ് ∙ യുഎസ്–ചൈന വ്യാപാര യുദ്ധം കൂടുതൽ ശക്തിപ്പെടുന്നതിന്റെ സൂചനകൾ നൽകി, യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കു ചൈനയും തീരുവ ചുമത്തി. 6000 കോടി ഡോളറിന്റെ 5207 യുഎസ് ഉൽപന്നങ്ങൾക്ക് അഞ്ചു മുതൽ 10 ശതമാനം അധിക തീരുവയാണു ചുമത്തുന്നത്. ഇതിൽ തേൻ മുതൽ വ്യവസായ ആവശ്യങ്ങൾക്കുള്ള രാസവസ്തുക്കൾ വരെയുണ്ട്.

ചൈനയിൽ നിന്നുള്ള 20000 കോടി ഡോളറിന്റെ ഉൽപന്നങ്ങൾക്കു യുഎസ് തീരുവ ചുമത്തിയതിന്റെ പിന്നാലെയാണു ചൈനയുടെ നടപടി. വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചൈനയെ യുഎസ് ചർച്ചയ്ക്കു ക്ഷണിച്ചിരുന്നു. എന്നാൽ ചർച്ചയിൽ നിന്നു ചൈന പിന്മാറിയതായാണു റിപ്പോർട്ട്.
വ്യാപാര യുദ്ധം മുറുകിയാൽ ആഗോള സാമ്പത്തിക വളർച്ചയ്ക്കു തിരിച്ചടിയാകുമെന്ന് രാജ്യാന്തര റേറ്റിങ് ഏജൻസിയായ ഫിച്ച് പറയുന്നു. അടുത്ത വർഷം ചൈനയുടെ വളർച്ച 0.1% കുറഞ്ഞ് 6.1 ശതമാനത്തിലും ആഗോള വളർച്ച 3.1 ശതമാനത്തിലും എത്തുമെന്നു ഫിച്ച് കണക്കാക്കുന്നു. യുഎസിൽ നിന്നുള്ള ഇറക്കുമതി നടപടികളിൽ ചൈന തടസ്സങ്ങൾ സൃഷ്ടിക്കുന്നതായും യുഎസ് ബിസിനസ് രംഗം ആരോപിക്കുന്നു. കസ്റ്റംസ്, മറ്റു പരിശോധനകൾ വൈകിപ്പിച്ചും, പരിസ്ഥിതി അനുമതി ആവശ്യപ്പെട്ടും ഇറക്കുമതിക്കു താമസം ഉണ്ടാക്കാൻ ശ്രമിക്കുന്നതായാണ് ആരോപണം.

ചൈന തിരിച്ചടിച്ചാൽ പുതുതായി 26700 കോടി ഡോളറിന്റെ ഉൽപന്നങ്ങൾക്കു കൂടി അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഇതു നടപ്പാക്കിയാൽ ചൈനയിൽ നിന്നുള്ള കയറ്റുമതി പൂർണമായും നിലയ്ക്കും.

രാജ്യാന്തര വ്യാപാര ബന്ധങ്ങൾ തകർക്കുന്ന തരത്തിലുള്ള നടപടികളാണു യുഎസ് നടപ്പാക്കുന്നതെന്നു ചൈന പുറത്തിറക്കിയ ധവളപത്രത്തിൽ പറയുന്നു. പലതവണ ചർച്ച നടത്തിയെങ്കിലും ഇതൊന്നും യുഎസ് ഗൗനിച്ചില്ല. പകരം ചൈനയെ വെല്ലുവിളിക്കുകയായിരുന്നു... ധവളപത്രം കുറ്റപ്പെടുത്തുന്നു.