Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2019 കരുത്തോടെ, കരുതലോടെ

business-newyear

വെല്ലുവിളികളുടെ വർഷമാണു കടന്നുപോകുന്നത്. രാജ്യത്തിന്റെ സാമ്പത്തികരംഗം ആഗോളചലനങ്ങൾക്കൊപ്പവും
നമ്മുടേതുമാത്രമായ കാരണങ്ങൾകൊണ്ടും പ്രകൃതിക്ഷോഭങ്ങൾമൂലവുമൊക്കെ വലിയ ചാഞ്ചാട്ടങ്ങൾക്കു വിധേയമായി. വർഷാവസാനമെത്തുമ്പോൾ പല ഘടകങ്ങളും അനുകൂലമായിവരുന്നു. രാജ്യത്തും നമ്മുടെ സംസ്ഥാനത്തു പ്രത്യേകമായും
പുതുവർഷത്തിൽ പ്രധാനമേഖലകളിൽ എന്തൊക്കെ  പ്രതീക്ഷിക്കാനാകും...

GOLD വിലക്കയറ്റ സാധ്യത

ആകർഷകമായ ആസ്‌തി എന്ന നിലയിൽ സ്വർണത്തോടുള്ള ആഭിമുഖ്യം 2019ൽ വർധിക്കാനാണു സാധ്യതയെന്നു വ്യാപാരികളും വേൾഡ് ഗോൾഡ് കൗൺസിലും അനുമാനിക്കുന്നു. പ്രിയം ഏറുന്നതു വിലക്കയറ്റത്തിനിടയാക്കും. വിപണിയുമായി ബന്ധപ്പെട്ടവർ ഡിമാൻഡ് വർധനയ്‌ക്ക് അനുകൂലമായി നിരത്തുന്ന കാരണങ്ങൾ:

∙സ്വർണത്തിന്റെ ഉപഭോഗത്തിൽ ഏറ്റവും മുന്നിലുള്ള ചൈനയിലെയും ഇന്ത്യയിലെയും മെച്ചപ്പെട്ടുവരുന്ന സാമ്പത്തിക കാലാവസ്‌ഥ.

∙ ‘ടെക് ഇൻഡസ്‌ട്രി’ എന്നു വിശേഷിപ്പിക്കപ്പെടുന്ന മേഖലയിൽനിന്നുള്ള വർധിച്ചുവരുന്ന ഡിമാൻഡ്. സ്‌മാർട്‌ഫോണുകളുടെയും ത്രീ ഡി സെൻസറുകളുടെയും മറ്റും നിർമാണത്തിലാണു സ്വർണത്തിന്റെ ആവശ്യം വർധിച്ചുവരുന്നത്.  സ്വർണത്തിന്റെ നാനോ കണങ്ങൾ വൈദ്യശാസ്‌ത്രരംഗത്തും ജലശുദ്ധീകരണ മേഖലയിലുമൊക്കെ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയതും ഡിമാൻഡ് വർധനയ്‌ക്കു കാരണമാകുന്നു.

∙ യുഎസ് ഡോളർ ദുർബലമാകാനുള്ള സാധ്യത വർധിച്ചിരിക്കെ സ്വർണത്തിനു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയം വർധിക്കാം.

∙ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളിൽനിന്നുള്ള ഡിമാൻഡിലെ വർധന.

RUPEE സാധ്യതകൾ പലത്

2019ൽ യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് വളരെ മുന്നേറുമെന്നും അതല്ല കനത്ത വീഴചയാണു സംഭവിക്കുക എന്നും വ്യത്യസ്‌തമായ വിധത്തിലാണു ഫോറെക്‌സ് വിപണിയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം. ധന സേവന രംഗത്തെ പ്രമുഖ സ്‌ഥാപനമായ മോർഗൻ സ്‌റ്റാൻലി പ്രവചിച്ചിരിക്കുന്ന നിരക്ക് 68.00; ഫിച് റേറ്റിങ്‌സ് പ്രവചിച്ചിട്ടുള്ള വർഷാവസാന നിരക്ക് 75.00 രൂപ. കരുത്തിന്റെ വക്‌താക്കൾ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ:

∙ അസംസ്‌കൃത എണ്ണയുടെ വിലയിടിവ് ഇറക്കുമതിച്ചെലവു ഗണ്യമായി കുറയ്‌ക്കാൻ സഹായകമാകും.
∙ യുഎസ് പലിശ നിരക്കുകളിൽ പരിമിത വർധനയ്‌ക്കു മാത്രം സാധ്യത. തന്മൂലം വിദേശ നിക്ഷേപകർ വലിയ തോതിൽ ഡോളർ പിൻവലിക്കാൻ സാധ്യത കുറവ്.
∙ കുറഞ്ഞ ഭൂരിപക്ഷത്തോടെയാണെങ്കിലും മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയേക്കും. ഇതു സാമ്പത്തിക നയങ്ങളുടെ തുടർച്ച സുഗമമാക്കും.
രൂപയുടെ വീഴ്‌ച പ്രവചിക്കുന്നവർ ഉന്നയിക്കുന്ന കാരണങ്ങൾ:
∙ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി മോദി സർക്കാർ പല ജനകീയ നടപടികളും പ്രഖ്യാപിച്ചേക്കും. ഇവ സാമ്പത്തിക മുന്നേറ്റത്തിനു തടസ്സമാകുമെന്നതിനാൽ വിദേശ ധനസ്‌ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽനിന്നു വൻതോതിൽ പണം പിൻവലിക്കാൻ സാധ്യത.
∙ കറന്റ് അക്കൗണ്ട് കമ്മി വർധിക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ.

BANKING വ്യത്യസ്തമാകും വർഷം

പഞ്ചാബ് നാഷനൽ ബാങ്കിലേതുൾപ്പെടെ 25,000 കോടിയോളം രൂപയുടെ തട്ടിപ്പുകൾ, പെരുകിക്കൊണ്ടേയിരുന്ന കിട്ടാക്കടം, റിസർവ് ബാങ്കും സർക്കാരും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകൾ തുടങ്ങി അനഭിലഷണീയതകളുടെ വർഷമാണു കടന്നുപോകുന്നതെങ്കിൽ 2019 ബാങ്കിങ് മേഖലയ്‌ക്കു വ്യത്യസ്‌തമാകാനാണു സാധ്യത. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട പുതുവർഷ പ്രതീക്ഷകൾ:

∙ വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കാനുള്ള നടപടികളുടെ പൂർത്തീകരണം.
∙ പൊതുമേഖലയിലെ കൂടുതൽ ബാങ്കുകളുടെ സംയോജനം.
∙ കിട്ടാക്കടത്തിന്റെ അളവിൽ ഗണ്യമായ ഇടിവ്.
∙ വായ്‌പകൾക്കു വർധിത തോതിലുള്ള ആവശ്യം.
∙ ബാങ്കുകളുടെ മെച്ചപ്പെട്ട ലാഭക്ഷമത.
∙ പൊതു മേഖലയിലെ 11 ബാങ്കുകളും സ്വകാര്യ മേഖലയിലെ ധനലക്ഷ്‌മി ബാങ്കും പ്രവർത്തന വൈകല്യങ്ങളുടെ പേരിൽ ആർബിഐയുടെ ചില വിലക്കുകൾക്കു വിധേയമാണ് ഇപ്പോൾ. ഇവയിൽ ചില ബാങ്കുകളെങ്കിലും പ്രോംപ്‌റ്റ് കറക്‌ടീവ് ആക്‌ഷൻ (പിസിഎ) എന്നറിയപ്പെടുന്ന നല്ലനടപ്പു വ്യവസ്‌ഥയിൽനിന്നു പുറത്തുവന്നേക്കാനുള്ള സാധ്യത.
∙ ‘ഫിൻടെക്’ എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയുടെ വ്യാപകമായ പ്രയോഗവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക് ചെയിൻ തുടങ്ങിയവയുടെ പ്രയോഗത്തിലൂടെയുള്ള സമഗ്ര മാറ്റവും.
∙ ബാങ്ക് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിൽ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനിൽനിന്നു കൂടുതൽ ഉദാരമായ നിലപാട്.
∙ വായ്‌പ നിരക്കുകളുടെ നിർണയത്തിനു പുതിയ നിബന്ധനകൾ.

KERALA ഖജനാവ്‘ടൈറ്റ്’

ഭരണ കാലാവധി പകുതി പിന്നിട്ട സർക്കാരാണ് നമുക്കു മുന്നിൽ. പോരെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പു വരുന്നു. ഇൗ മാസം 31ന് സംസ്ഥാന ബജറ്റും. ഇനിയങ്ങോട്ട് ജനപ്രിയ പ്രഖ്യാപനങ്ങളിലും നടപടികളിലും സർക്കാർ ശ്രദ്ധയൂന്നുമെന്ന് എടുത്തു പറയേണ്ടതില്ല. എങ്കിലും പ്രളയാനന്തര കേരള പുനർനിർമാണത്തിന് 31,000 കോടി രൂപ കണ്ടെത്താൻ പാടുപെടുന്ന സർക്കാരിന് ജനങ്ങൾക്കായി വാരിക്കോരി പണം ചെലവിടാനാകില്ലെന്ന് ഓർക്കണം.

ഉള്ളവരിൽ നിന്നു പണമെടുത്ത് ഇല്ലാത്തവർ‌ക്കു കൊടുക്കുകയാണ് ഇൗ സർക്കാരിന്റെ പൊതുവെയുള്ള ധനനയം. അതിനാൽ, കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സാമൂഹിക സുരക്ഷാ പെൻഷൻ നിയന്ത്രണം ഇൗ വർഷം കർശനമായി നടപ്പാക്കും. അനർഹരെ കണ്ടെത്തുന്നതിനുള്ള സർവേ തുടങ്ങിയിട്ടുണ്ട്. വിഷുക്കാലത്തെ പെൻഷൻ വിതരണത്തിൽ അനർഹരെ പൂർണമായി ഒഴിവാക്കുമെന്നു കരുതാം. മറ്റൊന്ന്, പെൻഷൻകാരിൽ നിന്നും മറ്റു പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ച് പലിശ നൽകുന്ന ഏർപ്പാടും സർക്കാർ ഇനി പ്രോൽസാഹിപ്പിക്കില്ല. ട്രഷറിയിലെ സ്ഥിര നിക്ഷേപ പലിശ ഒരു ശതമാനം വെട്ടിക്കുറച്ചു കഴിഞ്ഞു. ഇൗ വർഷം വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്നാണു സൂചന. ഇതോടെ ജനങ്ങൾ കൂടുതൽ ലാഭകരമായ മറ്റു നിക്ഷേപ മാർഗങ്ങൾ തേടേണ്ടി വരും.

ഭൂമിയുടെ ന്യായവില ഇൗ വർഷം വീണ്ടും പുതുക്കി നിശ്ചയിക്കുകയാണ്. സാധാരണക്കാരുടെ ഭൂമി ഇടപാടുകൾക്കും റിയൽ എസ്റ്റേറ്റ് കച്ചവടത്തിനും ചെലവേറും. അഞ്ചു വർഷം കൊണ്ട് 50,000 കോടിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ പ്രഖ്യാപിച്ച സർക്കാർ അതിൽ എത്രയെണ്ണം പ്രവൃത്തിപഥത്തിലെത്തിക്കുമെന്നു തെളിയിക്കേണ്ട നിർണായക വർഷം കൂടിയാണു മുന്നിൽ. കിഫ്ബിയിലേക്ക് പുറത്തു നിന്നു പണമെത്തിക്കാൻ ഇതുവരെ സർക്കാരിനായിട്ടില്ല. മസാല ബോണ്ട് വഴി കൊണ്ടുവരുമെന്നു പറഞ്ഞ 5000 കോടി രൂപ എന്നു വരും? ഇനിയും പണമെത്താൻ വൈകിയാൽ, ആരംഭിച്ച 30,000 കോടിയുടെ പദ്ധതികൾ വെള്ളത്തിലാകും. പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പുനഃപരിശോധന, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ തുടക്കം എന്നിവയാണ് സർക്കാർ ജീവനക്കാരും പെൻഷൻകാരും ഇൗ വർഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന തീരുമാനങ്ങൾ.

AUTOMOTIVE വില ഉയരും, സുരക്ഷിതത്വവും

വാഹനവ്യവസായം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പുതുവർഷത്തിലും വളരെ വലിയ പ്രാധാന്യം നിലനിർത്തും. തൊഴിലവസരങ്ങളായാലും രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള മുതൽമുടക്ക് ആയാലും ഈ മേഖലയിൽ കുതിപ്പുതന്നെയാണുണ്ടാവുക. കിയ, എംജി റോവർ എന്നീ രാജ്യാന്തര കമ്പനികൾ ഇന്ത്യയിൽ കാർ ഉൽപാദനം തുടങ്ങും. 2020 ഏപ്രിലിൽ നിലവിൽ വരുന്ന നിർഗമനച്ചട്ടങ്ങൾക്ക് (ഭാരത് സ്റ്റേജ് 6) അനുസൃതമായി വാഹനങ്ങളിൽ മാറ്റം വരുത്താൻ എല്ലാ നിർമാതാക്കളും മുതൽമുടക്കു നടത്തും. വൈദ്യുത വാഹനനിർമാണത്തിനും കൂടുതൽ മൂലധനനിക്ഷേപമെത്തും.

ഉപയോക്താക്കളെ സംബന്ധിച്ച് വാഹന വിപണിയിലെ മാറ്റങ്ങളാണു പ്രധാനം. ഇരുചക്ര വാഹനങ്ങളിൽ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഏപ്രിലിൽ നിലവിൽവരും. 125 സിസി വരെ എൻജിൻശേഷിയുള്ള ഇരുചക്രവാഹനങ്ങളിൽ കോംബി– ബ്രേക്ക് സംവിധാനവും (മുൻ ബ്രേക്കും പിൻബ്രേക്കും ഒന്നിച്ചു പ്രവർത്തിക്കുന്ന സംവിധാനം– സിബിഎസ്) 125 സിസിക്കു മുകളിലുള്ളവയ്ക്ക് ആന്റി–സ്കിഡ് ബ്രേക്കിങ്ങും (എബിഎസ്) നിർബന്ധമാണ്. ഇത് വിലവർധനയ്ക്കു കാരണമാകും. സിബിഎസിന് 1000 രൂപ വരെയും എബിഎസിന് 8000– 12000 രൂപയും അധികച്ചെലവുണ്ടാകുമെന്നു നിർമാതാക്കൾ കണക്കാക്കുന്നു.

രണ്ട് എയർബാഗുകളും റിവേഴ്സ് പാർക്കിങ് സെൻസർ, വേഗം മണിക്കൂറിൽ 80 കിലോമീറ്റർ കടക്കുമ്പോൾ മുന്നറിയിപ്പു നൽകുന്ന സ്പീഡ് വാണിങ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവയും എബിഎസും ജൂലൈ മുതൽ വിൽക്കുന്ന കാറുകളിൽ നിർബന്ധമാണ്. ഇടിയുടെ ആഘാതം സംബന്ധിച്ച പുതിയ വ്യവസ്ഥകൾ ഒക്ടോബറിൽ നിലവിൽവരും. ഇതെല്ലാം നേരിയതോതിലെങ്കിലും വില ഉയർത്തും.
വർഷാവസാനം നിർമാതാക്കൾ നിലവിലെ, ബിഎസ്–4 നിർഗമനച്ചട്ടങ്ങൾ പാലിക്കുന്ന മോഡലുകളെല്ലാം ബിഎസ്–6 നിലവാരത്തിലേക്കു മാറ്റാൻ തുടങ്ങുമ്പോഴാണ് വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാകുക.

പെട്രോൾ കാറുകൾക്ക് 25,000 രൂപ– 60,000 രൂപ വിലവർധനയുണ്ടാകാം; ഡീസൽ കാറുകളുടെ വില 50,000 രൂപ– 1,50,000 രൂപ നിലവാരത്തിൽ ഉയരുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇരുചക്രവാഹനങ്ങൾക്കും വിലക്കയറ്റം ഉറപ്പ്. ഡീസൽ വിലയും പെട്രോൾ വിലയും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്നതും മലിനീകരണനിയന്ത്രണം സംബന്ധിച്ച് സർക്കാർ എന്തു പറയുമെന്ന ആശങ്കയും പെട്രോൾ കാറുകളുടെ വിൽപന ഉയർത്തും.

ഇന്ധനവിലക്കയറ്റം ശമിക്കുന്നതും തിരഞ്ഞെടുപ്പിനുമുൻപും ശേഷവും ഉണ്ടാകാനിടയുള്ള ആനുകൂല്യപ്രഖ്യാപനങ്ങളും വിപണിക്ക് തുണയാകും. ഇരുചക്ര– കാർ– വാണിജ്യവാഹന രംഗങ്ങളിലൊക്കെ ഇക്കൊല്ലത്തെക്കാൾ 10 ശതമാനത്തിൽത്താഴെയുള്ള വളർച്ചയാകും 2019ൽ. വൈദ്യുത വാഹനങ്ങൾ പ്രോൽസാഹിപ്പിക്കാൻ സബ്സിഡി നൽകുന്ന പദ്ധതി വീണ്ടും അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ. പരിസ്ഥിതിസൗഹൃദം കൂടുതലുള്ള ഗതാഗതമാർഗങ്ങൾ പ്രോൽസാഹിക്കാൻ ലക്ഷ്യമിടുന്ന ദേശീയ വാഹന നയവും ഇപ്പോഴത്തെ സർക്കാർ സ്ഥാനമൊഴിയുന്നതിനു മുൻപു പ്രഖ്യാപിച്ചേക്കും.

related stories