Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഡിഎഫ് ഭരണം: എല്ലാം തകർത്ത രണ്ടുവർഷം

Ramesh chennithala

കഴിഞ്ഞ ജൂലൈയിൽ ഒരു സമാധാന ചർച്ച റിപ്പോർട്ട് ‌ചെയ്യാൻ തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിൽ എത്തിയ വാർത്താലേഖകരോടു ക്ഷുഭിതനായി ‘കടക്കു പുറത്ത് ’എന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ ആജ്ഞാപിച്ചത്. മുഖ്യമന്ത്രിയുടെയും രണ്ടു വർഷം പ്രായമെത്തുന്ന ഇടതുസർക്കാരിന്റെയും മുഖമുദ്രയാണ് ആ ആജ്ഞ. സാധാരണക്കാരായ ജനങ്ങളെയും പാവങ്ങളെയും ആട്ടിപ്പായിച്ചുകൊണ്ടുള്ള ഭരണത്തിന്റെ രണ്ടാം വാർഷികമാണു നടക്കുന്നത്. ഓഖി ദുരന്തമുണ്ടായപ്പോഴും, പകർച്ചപ്പനി നാടുനീളെ മരണം വിതച്ചപ്പോഴും, സ്വാശ്രയപ്രവേശന കെണിയിൽപെട്ടു കുട്ടികളും രക്ഷിതാക്കളും കണ്ണീരുകുടിച്ചപ്പോഴും, ദേശീയപാത  വികസനത്തിനു കിടപ്പാടം നഷ്ടപ്പെട്ട പാവങ്ങൾ പ്രതിഷേധിച്ചപ്പോഴുമെല്ലാം സാധാരണക്കാരെ ചവിട്ടിമെതിക്കുന്ന ഈ മനോഭാവം തെളിഞ്ഞുകണ്ടു. 

മന്ത്രിസഭയുടെ രണ്ടുവർഷത്തെ വിലയിരുത്തുമ്പോൾ ആദ്യം വിലയിരുത്തേണ്ടതു മുഖ്യമന്ത്രിയുടെ പ്രവർത്തനമാണ്. അദ്ദേഹം നേരിട്ടു കൈകാര്യം ചെയ്യുന്ന വകുപ്പാണ് ആഭ്യന്തരം. ഈ സർക്കാരിൽ പൂർണമായി പരാജയപ്പെട്ടതും ഈ വകുപ്പാണ്. കൊള്ളയും കൊലപാതകങ്ങളും ഗുണ്ടാ ആക്രമണവും സ്ത്രീപീഡനങ്ങളും വീട്ടിൽക്കയറിയുള്ള വൻകവർച്ചകളും നാടുനീളെ പടർന്നുപിടിച്ചത് ഒരു ഭാഗത്ത്. പൊലീസിന്റെ അതിരുവിട്ട അതിക്രമങ്ങൾ മറുഭാഗത്ത്. രണ്ടു വർഷത്തിനുള്ളിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ചവരുടെ എണ്ണം ഒൻപതാണെന്നതു ഞെട്ടിക്കുന്ന വസ്തുതയാണ്. പൊലീസ് സ്റ്റേഷനുകളും ലോക്കപ്പുകളും കൊലക്കളങ്ങളായി മാറിയതിനു മുഖ്യമന്ത്രിയല്ലാതെ ആരാണ് ഉത്തരവാദി? 

സ്ത്രീസുരക്ഷയെക്കുറിച്ചു മുതലക്കണ്ണീരൊഴുക്കിയാണ് ഇടതു സർക്കാർ അധികാരത്തിലെത്തിയതെങ്കിലും, പീഡന പരമ്പരകളാണുണ്ടായത്. വിനോദസഞ്ചാരത്തിനെത്തുന്ന വിദേശവനിതകൾക്കുപോലും രക്ഷയില്ലെന്നാണു കോവളത്തെ ദാരുണമായ കൊലപാതകം വെളിവാക്കുന്നത്. 24 മാസത്തിനുള്ളിൽ 25 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. പന്ത്രണ്ടും മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലും പരിസരത്തുമായപ്പോൾ, ഗവർണർക്കു നാലുതവണ വിശദീകരണം ചോദിക്കേണ്ടിവന്നു. 

വികസനമെന്നാൽ തറക്കല്ലിടൽ അല്ലെന്നു പ്രതിപക്ഷ നേതാവ് അറിയണമെന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രസംഗിച്ചതു മുൻകൂർ ജാമ്യമെന്നേ കരുതാനാവൂ. തറക്കല്ലിടണമെങ്കിൽത്തന്നെ പുതിയ എന്തെങ്കിലും പദ്ധതി വേണ്ടേ? ഈ സർക്കാരിനു പുതുതായി ഒരൊറ്റ പദ്ധതിയെങ്കിലും ചൂണ്ടിക്കാണിക്കാനാവുമോ? മറുഭാഗത്ത് യുഡിഎഫ് വിജയകരമായി നീക്കിയ വിഴിഞ്ഞം തുറമുഖത്തിന്റെ പണി പ്രതിസന്ധിയിലാണെന്ന് അദാനി ഗ്രൂപ്പ് രേഖാമൂലം സർക്കാരിനെ അറിയിച്ചിരിക്കുകയാണ്. 

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം 45 മാസം കൊണ്ടാണു യുഡിഎഫ് പൂർത്തിയാക്കിയതെങ്കിൽ, രണ്ടാം ഘട്ടം എവിടെയെങ്കിലും എത്തിക്കാനായോ? കണ്ണൂർ വിമാനത്താവളത്തിന്റെ പണി മിക്കവാറും പൂർത്തിയാക്കിയിട്ടാണു യുഡിഎഫ് മാറിയത്. ഇപ്പോഴോ? തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ കഥകഴിഞ്ഞസ്ഥിതിയാണ്. മെട്രോയുടെ ശിൽപി ഇ.ശ്രീധരനെ ഓടിച്ചുവിട്ട ഇടതുസർക്കാരിനു കേരളം എങ്ങനെയാണു മാപ്പു നൽകുക. 

കശുവണ്ടിയും കയറും ഉൾപ്പെടെയുള്ള  പരമ്പരാഗത വ്യവസായങ്ങൾ ഒന്നൊഴിയാതെ നിലംപൊത്തുകയാണ്. യുഡിഎഫ്  വിജയകരമായി നടപ്പാക്കിയിരുന്ന സാമൂഹിക സുരക്ഷാ പദ്ധതികളെല്ലാം തകിടംമറിച്ചു. പകരം കൊണ്ടുവന്ന ലൈഫ്, ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം  എന്നിവയൊന്നും ടേക്ക് ഓഫ് ചെയ്തിട്ടുമില്ല. സാമ്പത്തിക അച്ചടക്കമില്ലായ്മ ആരോപിച്ചു യുഡിഎഫിനെതിരെ ധവളപത്രമിറക്കിയവർ, അധികാരത്തിലെത്തി രണ്ടു വർഷമാകുന്നതിനു മുൻപ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കയത്തിലേക്കു തള്ളിയിട്ടു. വികസനസ്വപ്‌നങ്ങളെല്ലാം പടുത്തുയർത്തുന്നതു കിഫ്ബി എന്ന സങ്കൽപത്തിന്മേലാണ്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും മദ്യമൊഴുക്കി എന്നതാണ് ഏക നേട്ടം. 

രണ്ടു വർഷത്തിനിടയിൽ രാജിവയ്‌ക്കേണ്ടി വന്നതു മൂന്നു മന്ത്രിമാർക്ക്. കീഴാറ്റൂരിലെ വയൽക്കിളി സമരത്തെയും ദേശീയപാതാ വികസനസമരത്തെയുമെല്ലാം  ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കിയപ്പോൾ കണ്ടതു ജനകീയസമരങ്ങളോടുള്ള അസഹിഷ്ണുത. ജിഷ്ണു പ്രണോയിയുടെ അമ്മയെ റോഡിലൂടെ വലിച്ചിഴച്ചപ്പോഴും തെളിഞ്ഞത് ഇതേ വികൃതമുഖമായിരുന്നു. 

സോളർ അന്വേഷണ റിപ്പോർട്ടിന്റെ മറപിടിച്ചു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും മറ്റു യുഡിഎഫ് നേതാക്കളെയും വ്യക്തിഹത്യ ചെയ്യാനുള്ള ഹീനശ്രമത്തിനു കോടതിയിൽനിന്നു കനത്ത തിരിച്ചടിയാണു സർക്കാരിനു വാങ്ങേണ്ടിവന്നത്. പെട്രോൾ, ഡീസൽ വിൽപനയിൽ കേന്ദ്രത്തിലെ ബിജെപി സർക്കാരുമായി ചേർന്നു ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ അതൊരു അവകാശമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. എല്ലാം ശരിയാക്കുമെന്ന മോഹന വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടതു സർക്കാർ എല്ലാം തകർത്തെറിയുകയാണു ചെയ്തത്. അതിന്റെ തെളിവാണ് ഈ  രണ്ടുവർഷത്തെ പ്രകടനം.