Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതു മുന്നണി സർക്കാരിന്റെ രണ്ടു വർഷങ്ങൾ : വികസനപാതയിൽ‌ മുന്നോട്ട്

Pinarayi-Vijayan

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭ അധികാരമേറ്റിട്ട് ഇന്നു രണ്ടുവർഷം തികയുകയാണ്. സമാധാനം, ജനക്ഷേമം, വികസനം എന്നിവ ഉറപ്പുവരുത്തി മുന്നേറാനാണ് ഇക്കാലയളവിൽ ശ്രമിച്ചത്. ഹ്രസ്വകാല അടിസ്ഥാനത്തിൽ ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങളിൽ ആശ്വാസംപകരുകയും, ദീർഘകാല അടിസ്ഥാനത്തിൽ അവരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ട ഭാവനാപൂർണമായ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്ന ദ്വിമുഖ രീതിയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സർക്കാരിനു വിഭവപരിമിതിയുണ്ട്.

എന്നാൽ, ഓഖിപോലുള്ള ദുരന്തമുണ്ടായപ്പോഴോ, അതിദുർബല വിഭാഗങ്ങൾ ജീവിതവൈഷമ്യങ്ങൾ നേരിട്ടപ്പോഴോ ആശ്വാസമെത്തിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടു തടസ്സമായില്ല. അടിസ്ഥാനവികസനം ഉൾപ്പെടെയുള്ള പൊതുവികസനത്തിന്റെ കാര്യത്തിൽ നടപ്പുരീതിയിലുള്ള വിഭവസമാഹരണം മതിയാകില്ല എന്നു ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, വിഭവസമാഹരണത്തിനായി മുൻപൊരു കാലത്തും ഇല്ലാത്തവിധം മൗലികമായ രീതികൾ ആവിഷ്‌കരിച്ചു. ബജറ്റിനു പുറത്ത് അഞ്ചുവർഷം കൊണ്ട് 50,000 കോടി രൂപ കണ്ടെത്താൻ ആവിഷ്‌കരിച്ച സംവിധാനം അതിനു തെളിവാണ്.

ആഗോളവൽക്കരണ സാമ്പത്തിക നയത്തിന്റെയും അതിന്റെ ചുവടുപിടിച്ചുള്ള കേന്ദ്ര വ്യവസ്ഥകളുടെയും പരിമിതികൾക്കുള്ളിൽ ഒന്നും ചെയ്യാനാവില്ല എന്നുകരുതി പിൻവാങ്ങുകയല്ല, മറിച്ച് പരിമിതികളെ ബദൽ ജനകീയനയങ്ങൾ കൊണ്ടു മറികടക്കാൻ ശ്രമിക്കുകയാണു ചെയ്തത്.നാലു കാര്യങ്ങളിലൂന്നി മുന്നോട്ടുപോകാനാണു ശ്രമിച്ചത്.

 അധികാരവും അഴിമതിയും അനാശാസ്യതയും കൂടിക്കലർന്ന രാഷ്ട്രീയ ജീർണതകളിൽനിന്നു നാടിനെ മോചിപ്പിച്ച്, പുതിയൊരു രാഷ്ട്രീയ സംസ്‌കാരം പകരംവയ്ക്കാൻ ശ്രമിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് അടക്കമുള്ള വിഷയങ്ങളിൽ ശരിയും ശക്തവുമായ തീരുമാനങ്ങളെടുത്തു.

 പൊതുവികസന പ്രവർത്തനങ്ങൾ നേരിടുന്ന തടസ്സങ്ങൾ നീക്കി ദ്രുതഗതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമമാരംഭിച്ചു.

  സാമൂഹികസുരക്ഷാ പദ്ധതികളാകെ വെട്ടിക്കുറയ്ക്കുക എന്ന കേന്ദ്രസർക്കാർ സമീപനത്തിനു വിരുദ്ധമായി, സാമൂഹികക്ഷേമ മേഖലയിൽ ശ്രദ്ധചെലുത്താനും സമൂഹത്തിലെ അടിസ്ഥാനവർഗത്തിനു പ്രയോജനകരമാകുന്ന തീരുമാനങ്ങളെടുക്കാനും കഴിഞ്ഞു.

 കേരള മോഡൽ സാമൂഹികവികസനം പുതിയ സാഹചര്യങ്ങളിൽ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, അവയെ മറികടന്ന് ദീർഘവീക്ഷണത്തോടെ നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോയി. അതിനായി വിഭാവനം ചെയ്തു നടപ്പിലാക്കിയവയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആർദ്രം, ലൈഫ്, ഹരിതകേരളം മിഷനുകൾ.

സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന ജനവിഭാഗങ്ങളെ ചേർത്തുപിടിച്ചാണു സർക്കാർ മുന്നോട്ടുപോകുന്നത്. ട്രാൻസ്‌ജെൻഡേഴ്‌സിനോടും സ്ത്രീകളോടും കുട്ടികളോടും പട്ടികജാതി–വർഗ വിഭാഗങ്ങളോടുമുള്ള സർക്കാർ സമീപനം, ആ വിഭാഗങ്ങളിൽ നവോന്മേഷം പ്രദാനം ചെയ്തു. പിഎസ്‌സി വഴി എഴുപതിനായിരത്തോളം പേർക്കു നിയമനം നൽകിക്കഴിഞ്ഞു. പതിമൂവായിരത്തോളം തസ്തികകൾ പുതുതായി സൃഷ്ടിക്കാനും കഴിഞ്ഞു. എല്ലാ നിലവാരത്തിലും കേരളം മുന്നേറിയ രണ്ടു വർഷങ്ങളാണു കടന്നുപോയത്. മാനവവികസന സൂചികയിൽ കേരളത്തിന് ഉയർന്ന സ്ഥാനമാണ് ഐക്യരാഷ്ട്ര സംഘടന നൽകിയത്.

വിവിധ രാജ്യാന്തര പുരസ്കാരങ്ങൾ നേട്ടങ്ങൾക്കു തെളിവായുണ്ട്. എന്നാൽ, അതുകൊണ്ട് ഒതുങ്ങിയിരിക്കാൻ പറ്റില്ല. ഇനിയും മുന്നേറേണ്ട മേഖലകളുണ്ട്. ഇച്ഛാശക്തിയും കൃത്യമായ പ്രവർത്തനവുമുണ്ടെങ്കിൽ പലതും ശരിയാക്കിയെടുക്കാൻ കഴിയുമെന്നു രണ്ടുവർഷത്തെ പ്രവർത്തനത്തിലൂടെ തെളിയിച്ചു. ഉന്നതതലങ്ങളിലെ രാഷ്ട്രീയ അഴിമതി തീർത്തും ഇല്ലാതാക്കാനായതു പ്രധാന നേട്ടമാണ്. മാധ്യമങ്ങളും പ്രതിപക്ഷവും കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നിട്ടും ഒരു ആരോപണം പോലും ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതു സുതാര്യതയും ബദൽ രാഷ്ട്രീയത്തിന്റെ കരുത്തുമാണു കാണിക്കുന്നത്.

അഴിമതിക്ക് അറുതി വരുത്തുന്നതുപോലെ പ്രധാനമാണ് അടിസ്ഥാനസൗകര്യ വികസനം. ഇതിനു തുരങ്കം വയ്ക്കാനുള്ള നീക്കങ്ങൾ അനുവദിച്ചുകൊടുക്കാൻ തയാറല്ലെന്ന് ആദ്യംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുതാര്യമായും ജനപങ്കാളിത്തത്തോടെയും വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്ന വാക്കു പാലിക്കും. ദേശീയപാത വികസനം, ഗെയിൽ പൈപ് ലൈൻ സ്ഥാപിക്കൽ, കൂടംകുളം ലൈൻ സ്ഥാപിക്കൽ തുടങ്ങിയവയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയതും അതുകൊണ്ടുതന്നെ.

ഏതു കുറ്റകൃത്യവും ചെയ്തിട്ടു കടക്കാമെന്ന അവസ്ഥയ്ക്കു മാറ്റമുണ്ടാക്കി. മുൻ സർക്കാരിന്റെ കാലത്തുണ്ടായ പെരുമ്പാവൂർ കേസ് മുതൽ ഈയിടെ നടന്ന വിദേശവനിതയുടെ കൊലപാതകം വരെയുള്ള കേസുകളിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. വളരെ വിവാദമായ കേസുകളിൽപോലും മുഖംനോക്കാതെ നടപടികളുണ്ടായി. പൊലീസിന്റെ പ്രവർത്തനങ്ങളിൽ ഗുണപരവും കാര്യക്ഷമവുമായ പല നേട്ടങ്ങളും ഉണ്ടാക്കാനായെങ്കിലും, 100 ശതമാനവും പൊലീസ് നന്നായി എന്നു പറയാനാവില്ല. പൊലീസിൽ ചിലരെയെങ്കിലും പിടികൂടിയിട്ടുള്ള കുറ്റവാസനയെ ഗൗരവത്തോടെയാണു കൈകാര്യം ചെയ്യുന്നത്. വർഗീയ ചേരിതിരിവുകൾക്കും കലാപങ്ങൾക്കുമുള്ള സാമൂഹികവിരുദ്ധ ശക്തികളുടെ പരിശ്രമത്തെയും വച്ചുപൊറുപ്പിക്കില്ല. രാജ്യത്തിന്റെ ഭരണഘടനയെയും മതനിരപേക്ഷതയെയും ഉയർത്തിപ്പിടിക്കുന്നതിന് പ്രഥമ പരിഗണനയാണു സർക്കാർ നൽകുന്നത്. 

കേരള വികസനത്തിനു ലോകത്തിന്റെ ഏതു ഭാഗത്തുള്ള പ്രവാസിയുടെയും പണവും പ്രതിഭയും നൈപുണ്യവും ഉപയോഗിക്കാനും, അവർക്കുകൂടി അതിന്റെ പ്രയോജനം ഉറപ്പുവരുത്താനും ഉതകുന്ന തരത്തിൽ ‘ലോക കേരളസഭ’ എന്ന സങ്കൽപം രൂപപ്പെടുത്തിയതും നടപ്പിലാക്കിയതും ഈ സർക്കാരാണ്. അതിവേഗത്തിലുള്ള മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ, ആശ്വാസത്തോടെയും പ്രതീക്ഷയോടെയും ജനം ഉറ്റുനോക്കുന്ന സർക്കാരാണു കേരളത്തിലുള്ളത്. ഇതു ഞങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നു. നവകേരളത്തിനായി ശരിയായ ദിശയിൽ നമുക്കൊന്നായി മുന്നേറാം.