Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കരുത്, ഈ മഴക്കാല പാഠങ്ങൾ

Heavy rains wreak havoc across Kerala

ആലപ്പുഴ മുതൽ വയനാടുവരെ ദുരിതം വിതച്ച പെരുമഴക്കാലം കേരളത്തെ ശരിക്കും വിറപ്പിച്ചു. വയനാട്ടിൽ പ്രശ്നങ്ങൾ ഇപ്പോഴും നിയന്ത്രണത്തിലായിട്ടില്ല. കെഎസ്ഇബിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും പ്രവർത്തനത്തിലെയും ആസൂത്രണത്തിലെയും കഴിവും പരിമിതിയും നമുക്കു കാണാനായി. ദൃശ്യ- നവമാധ്യമങ്ങളുടെ കാലത്ത് ദുരന്തനിവാരണത്തിന്റെ രീതി എങ്ങനെ മാറണമെന്നു ചിന്തിക്കാനുള്ള അവസരവുമായി.

∙ വളരുന്ന പ്രഫഷനലിസം

പൊതുവേ പറഞ്ഞാൽ, ദുരന്തനിവാരണം കൂടുതൽ പ്രഫഷനലാകുന്നതാണ് കേരളത്തിലെ കാഴ്ച. കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിക്ക് 10 വർഷംപോലും പ്രായമില്ല. എന്നിട്ടും ഒരു പരിധിവരെ, അവർ വേണ്ട നിർദേശങ്ങളൊക്കെ കൊടുക്കുന്നുണ്ട്. ദുരന്തമുണ്ടായാൽ മന്ത്രിമാരെല്ലാം ദുരന്തസ്ഥലത്തേക്ക് ഓടിയെത്തുന്ന രീതി മാറി. ദുരന്തമുണ്ടാകുന്നതിനു മുൻപുതന്നെ തയാറെടുപ്പുകൾ നടത്തുക, തിരുവനന്തപുരത്തും ജില്ലാ ആസ്ഥാനങ്ങളിലുമായി വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, താഴേക്കിടയിൽ പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ളവർ ദുരന്തനിവാരണത്തിനു മുന്നിൽനിന്നു നേതൃത്വം നൽകുക... ഇവയൊക്കെത്തന്നെ ദുരന്തനിവാരണത്തിന്റെ ശരിയായ മാതൃകകളാണ്.

∙ ദീർഘവീക്ഷണത്തിന്റെ കുറവ്

ഇക്കൊല്ലം മഴ നേരത്തേ തുടങ്ങിയതിനാലും പതിവിൽ കൂടുതൽ സാന്ദ്രതയോടെ പെയ്യുന്നതിനാലും, ജൂലൈ ആകുമ്പോഴേക്കും നമ്മുടെ ഡാം കെട്ടിയുണ്ടാക്കിയ കൃത്രിമ ജലാശയങ്ങൾ നിറയുമെന്ന് ജനീവയിലിരുന്നു ഞാൻ മുന്നറിയിപ്പു നൽകിയത് ജൂൺ പതിനാലിനാണ്. പാക്കിസ്ഥാനിലെയും തായ്‌ലൻഡിലെയും അനുഭവത്തിൽ നിന്നാണ് ഞാനതു പറഞ്ഞത്. നിർഭാഗ്യവശാൽ നമ്മുടെ എൻജിനീയർമാരിൽനിന്ന് ഇത്ര ദീർഘവീക്ഷണത്തോടെയുള്ള ഒരു പ്ലാനിങ് ഉണ്ടായില്ല.

ഒടുവിൽ കേരളത്തിലെ 24 അണക്കെട്ടുകൾ ഒരേസമയം തുറന്നുവിടേണ്ട സാഹചര്യമുണ്ടായി. വേണ്ടത്ര മുൻകരുതലുകളോടെയും മുന്നറിയിപ്പോടെയുമാണ് ഇടുക്കി ഡാം തുറന്നത്. എന്നാൽ, അതേസമയംതന്നെ ഇടമലയാർ ഡാം തുറന്നതും, വേണ്ടത്ര മുന്നറിയിപ്പില്ലാതെ ബാണാസുരസാഗർ ഡാം തുറന്നതും സൂചിപ്പിക്കുന്നത്, നമ്മുടെ എൻജിനീയർമാർ റിസർവോയർ പ്ലാനിങ്ങിലെയും വെള്ളപ്പൊക്ക പ്രവചനത്തിലെയും ദുരന്തനിവാരണത്തിലെയും ആധുനികപാഠങ്ങൾ ഇനിയും പഠിച്ചിട്ടില്ല എന്നുതന്നെയാണ്. ഇതിനു മാറ്റമുണ്ടാകണം.

∙ ദുരന്തകാലത്തെ ടൂറിസം

സെൽഫോണും സമൂഹമാധ്യമങ്ങളും വ്യാപകമായതോടെ ഏതു ദുരന്തസ്ഥലത്തും എത്താനും സ്വന്തം മുഖമുൾപ്പെട്ട ചിത്രമെടുത്ത് വൈറൽ ആക്കാനുമുള്ള യുവാക്കളുടെ ആവേശം കൂടിവരികയാണ്. റോഡിൽ വള്ളംകളിതൊട്ടു വെള്ളംകുടിവരെ നടത്തുന്നതൊക്കെ വിഡിയോയിൽ കാണാൻ ഭംഗിതന്നെ. പക്ഷേ, ഇതൊക്കെ മരണത്തിലെത്താൻ ഒരു നിമിഷം മതി. ഈ മഴക്കാലത്ത് കേരളത്തിൽനിന്നു കണ്ട മിക്ക ചിത്രങ്ങളും വിഡിയോകളും, മനുഷ്യർ എത്ര ബുദ്ധിശൂന്യരും ഔചിത്യമില്ലാത്തവരും ആണെന്ന് കാണിക്കുന്നവയായിരുന്നു. ചൈനയിലും തായ്‌ലൻഡിലും എന്തിന്, ചെന്നൈയിൽവരെ ദുരന്തകാലത്ത് ആശ്വാസപ്രവർത്തനങ്ങളുടെ മുന്നിൽനിന്നത് അവിടത്തെ യുവാക്കളായിരുന്നു.

കേരളത്തിലും ഇത്തരം സംരംഭമുണ്ടായി. എന്നാൽ, ഇവരുടെ ശക്തി വേണ്ടരീതിയിൽ സർക്കാർ സംവിധാനങ്ങളുമായി ഏകോപിപ്പിക്കപ്പെട്ടില്ല. സെൽഫി എടുക്കുന്നവരെയും ദുരിതാശ്വാസ പ്രവർത്തനം നടത്താൻ താൽപര്യമുള്ളവരെയും ഒരുപോലെ സംയോജിപ്പിക്കുന്ന ഒരു സംവിധാനം - കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായർ ചെയ്തതുപോലെ ഉണ്ടാക്കിയിരുന്നെങ്കിൽ നമ്മുടെ ദുരന്തനിവാരണം ലോകത്തിനു മാതൃകയായേനെ. എങ്ങനെയാണ് യുവാക്കളുടെ ഊർജവും മറുനാട്ടുകാരുടെ അനുകമ്പയും കേരളത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നതെന്ന് യുവജന കമ്മിഷൻ ഉൾപ്പെടെയുള്ളവർ ഇനിയെങ്കിലും ചിന്തിക്കണം.

∙ ശാസ്ത്രത്തിന്റെ ഉപയോഗം

ദുരന്തങ്ങൾ പ്രവചിക്കുകയും നേരിടുകയും ചെയ്യുന്നതിൽ ശാസ്ത്ര സാങ്കേതികരംഗത്തു വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ഉപഗ്രഹങ്ങളുടെ ഉപയോഗം, സെൽഫോൺ വഴി കൃത്യമായ മുന്നറിയിപ്പു നൽകുന്ന രീതി, സെൽഫോൺ സന്ദേശങ്ങളുടെ ഒഴുക്കു നോക്കി ബിഗ് ഡേറ്റ അനാലിസിസിലൂടെ ദുരന്തത്തിന്റെ ഹോട്സ്പോട്ടുകൾ വേഗത്തിൽ കണ്ടുപിടിക്കുന്ന രീതി, മാത്തമറ്റിക്കൽ മോഡലിങ്ങിലൂടെ വെള്ളപ്പൊക്കം മാത്രമല്ല, ഉരുൾപൊട്ടലും കാട്ടുതീയും വരെ മുൻകൂട്ടി പ്രവചിക്കുന്ന രീതി ഇങ്ങനെ ആധുനിക മാറ്റങ്ങൾ ഒട്ടേറെ. നമ്മൾ ഇവയുടെ ശക്തി തിരിച്ചറിഞ്ഞിട്ടില്ല, പഠിക്കാൻ ശ്രമിക്കുന്നുമില്ല.

∙ മറുനാട്ടുകാരെ മാനിക്കണം

ഇതര സംസ്ഥാന തൊഴിലാളികൾ ഇപ്പോൾ കേരള ജനസംഖ്യയുടെ പത്തു ശതമാനത്തോളമുണ്ട് എന്നാണു കരുതുന്നത്. എന്നിട്ടും ദുരന്ത‌മുന്നറിയിപ്പുകളൊന്നും അവർക്കു മനസ്സിലാകുന്ന ഭാഷയിൽ ഉണ്ടായിരുന്നില്ല. ലോകത്തെവിടെയും, മറുനാട്ടുകാരാണ് ദുരന്തസാധ്യത കൂടുതലുള്ള ഇടങ്ങളിൽ താമസിക്കുന്നതും ദുരന്തസമയത്തു കഷ്ടപ്പെടുന്നതും. അവരെപ്പറ്റി ചിന്തിക്കാത്ത ദുരന്ത ലഘൂകരണ - നിവാരണ പദ്ധതികൾ ആധുനികമല്ല, മറുനാടൻ മലയാളികളുടെ അധ്വാനത്തിൽ വളർന്ന കേരളത്തിന് അതൊട്ടും ഭൂഷണവുമല്ല.

∙ മാധ്യമങ്ങൾ പഠിക്കേണ്ടത്

നമ്മുടെ ദൃശ്യമാധ്യമങ്ങൾ പൊതുവേ യുവാക്കളാൽ നിയന്ത്രിക്കപ്പെടുന്നവയാണ്; സമൂഹമാധ്യമങ്ങളും. പക്ഷേ, ദുരന്തസമയത്ത് സ്വയരക്ഷ നോക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവർക്കു വേണ്ടത്ര പരിശീലനമില്ല. ദുരന്തബാധിതരോടു പെരുമാറേണ്ട രീതികൾ, ദുരന്തസമയത്ത് എടുത്തുകാണിക്കേണ്ട വസ്തുതകൾ, കുറ്റം കണ്ടുപിടിക്കുന്നതിൽനിന്ന് ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കുന്നതിലേക്കു ശ്രദ്ധമാറ്റേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെ, വിഷയങ്ങളേറെയുണ്ട് പഠിക്കാൻ. മാധ്യമങ്ങളും ജേണലിസം സ്‌കൂളുകളും ഇക്കാര്യത്തിൽ ശ്രദ്ധ കാണിക്കണം.

∙ വരാനിരിക്കുന്നത്

പരിസ്ഥിതി നാശം, വളരുന്ന സമ്പത്ത്, വലിയ ജനസാന്ദ്രത എന്നിവ കേരളത്തെ വലിയ ദുരന്തസാധ്യതയുള്ള പ്രദേശമാക്കി മാറ്റിയിരിക്കുന്നു. ക്വാറിയും മണ്ണെടുപ്പും അശാസ്ത്രീയ റോഡ് നിർമാണവും മലനിരകളിൽ ഉരുൾപൊട്ടൽ സാധ്യത വർധിപ്പിച്ചു. വയലുകൾ നികത്തി കെട്ടിടങ്ങൾ ഉണ്ടാക്കിയത്, വെള്ളത്തിന്റെ ഒഴുക്കു മനസ്സിലാക്കാതെ റോഡുകൾ നിർമിച്ചത് ഒക്കെ ഇടനാട്ടിലെ വലിയ ദുരന്തത്തിനാണു വഴിമരുന്നിട്ടിരിക്കുന്നത്.തീരദേശ സംരക്ഷണനിയമം ഒട്ടും പാലിക്കാതെ, കണ്ടൽക്കാടുകളുടെയും താഴ്ന്ന നിലങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കാതെ, കടൽഭിത്തിയും ബണ്ടുകളും നൽകുന്ന ഉറപ്പിൽ ജനവാസം വർധിച്ചത് തീരപ്രദേശത്തും വൻ ദുരന്തസാധ്യതകളാണു തുറന്നിട്ടിരിക്കുന്നത്. 

കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർഥ്യമാണ്. കടൽനിരപ്പ് ഉയരുകയാണ്. മഴയുടെ സാന്ദ്രത ഇനിയും കൂടിവരും. കൊച്ചിയുൾപ്പെടെയുള്ള പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം വാർഷികസംഭവമാകും. തീരദേശത്തെയും കുട്ടനാട്ടിലെയും   മലനാട്ടിലെയും സ്ഥലവിനിയോഗത്തെപ്പറ്റി, ഏറെ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ ഈ തലമുറ എടുക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ വൻ ദുരന്തസാധ്യതയുള്ള ഒരു ഭൂപ്രദേശമായിരിക്കും, നമ്മൾ അടുത്തതലമുറയ്ക്കു കൈമാറുക. 

                              (ഐക്യരാഷ്ട്ര സംഘടന ദുരന്തലഘൂകരണ വിഭാഗം മേധാവിയാണ് ലേഖകൻ)