Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തിനറിയണം, സിബിഐ നേരുകൾ

രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ സിബിഐയിലെ പുഴുക്കുത്തുകൾ ആശങ്കയുളവാക്കി വീണ്ടും വെളിപ്പെടുകയാണ്. തലപ്പത്ത് ഏറെനാളായി പുകയുന്ന പ്രശ്നങ്ങളാണു കോഴക്കേസായും ഞെട്ടലുളവാക്കുന്ന ആരോപണങ്ങളായുമൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്വന്തം ഉദ്യോഗസ്ഥർക്കെതിരെ കേസും അറസ്റ്റും സ്വന്തം ഓഫിസ് റെ‌യ്ഡും അടക്കമുള്ള അസാധാരണ നീക്കങ്ങളുടെ ഗൗരവം, സർക്കാരിന്റെ മുന്നിലുള്ള കീറാമുട്ടിയായും മാറിയിരിക്കുന്നു. 

സിബിഐ ഡയറക്ടർ അലോക് വർമയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയുമായുള്ള പോരിനെ തലപ്പത്തുള്ളവരുടെ തമ്മിലടി എന്ന നിലയിൽ മാത്രം കണ്ടാൽ പോരാ. പരസ്പരം ചെളിവാരി എറിയാനെങ്കിലും അവർ പരസ്യമാക്കിയ ആരോപണങ്ങൾ രാജ്യത്തെ അസ്വസ്ഥമാക്കാൻമാത്രം പോന്നതാണ്. കോഴ കൊടുത്താൽ ഏതു വലിയ കേസും തേയ്ച്ചുമായ്ച്ചു കളയാമെന്നും അതിന് ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർതന്നെ നേരിട്ടിടപെടുമെന്നും പണമുണ്ടെങ്കിൽ ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധത്തിനു വാതിൽ തുറന്നുകിട്ടുമെന്നും തുടങ്ങി നാം ലജ്ജകൊണ്ടു തലതാഴ്ത്തേണ്ട വിവരങ്ങളാണു സിബിഐതന്നെ പുറത്തുവിട്ടിരിക്കുന്നത്. ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ഇന്റലിജൻസ് ബ്യൂറോ എന്നിവയിലെ പല ഉന്നത ഉദ്യോഗസ്ഥരും ഒരേ തൂവൽപക്ഷികളാണെന്ന വിവരം പ്രശ്നത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നുമുണ്ട്.

ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ നേരിട്ടിടപെട്ടിരിക്കുന്നു. ഇരുപക്ഷത്തുനിന്നും കൂടുതൽ പ്രശ്നങ്ങളില്ലാതെ, ഒത്തുതീർക്കുന്നതിലേക്കാണു കാര്യങ്ങളുടെ പോക്കെന്നു വേണം വിചാരിക്കാൻ. എന്നാൽ, സർക്കാരിന്റെ പ്രതിച്ഛായാസംരക്ഷണത്തെക്കാൾ, അഴിമതിക്കാരെ മാറ്റിനിർത്തുന്നതിലും അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിലുമാവണം സർക്കാരിന്റെ ശ്രദ്ധ. സിബിഐയുടെ പ്രവർത്തനത്തിനു വിശദമായ മാർഗരേഖ നിർദേശിക്കപ്പെട്ട വിനീത് നാരായൺ കേസിൽ (1997) സുപ്രീം കോടതി പറഞ്ഞതു മറക്കാനുള്ളതല്ല: ‘സിബിഐ കാര്യക്ഷമമായും ഫലപ്രദമായും പ്രവർത്തിക്കുന്നുവെന്നും നിഷ്‌പക്ഷ ഏജൻസിയായി കണക്കാക്കപ്പെടുന്നുവെന്നും ഉറപ്പാക്കേണ്ടതു കേന്ദ്ര സർക്കാരാണ്.’ അങ്ങനെയൊരു ഉറപ്പാക്കൽ നടത്തുന്നുണ്ടോ എന്ന ആത്മപരിശോധന വീണ്ടും ആവശ്യമായിവന്നിരിക്കുന്നു.

ആരോപണങ്ങളുടെ നീണ്ട പട്ടികയിൽ ഇടംപിടിക്കുകയും കേസ് തന്നെ ചുമത്തപ്പെടുകയും ചെയ്ത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സിബിഐക്ക് എങ്ങനെയാണു വിശ്വാസ്യതയോടെ മുന്നോട്ടുപോകാൻ കഴിയുക? പുഴുക്കുത്തുകളെ പുറത്തെറിഞ്ഞു ശുദ്ധീകരണം ഉറപ്പാക്കാൻ വൈകരുതെന്നാണു രാജ്യത്തിന്റെ ആവശ്യം. സംശുദ്ധ പ്രവർത്തനപാരമ്പര്യമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവർക്കെതിരെ കൃത്യമായ അന്വേഷണം ഉറപ്പാക്കുകയും വേണം. 

രാഷ്ടീയ മേലാളന്മാരുടെ പിൻബലത്തിലാണ് എന്തുംചെയ്യാനുള്ള ധൈര്യം ഇക്കൂട്ടർക്കു ലഭിക്കുന്നത്. ഏറെയും രാഷ്ടീയക്കേസുകൾ കൈകാര്യം ചെയ്യുന്ന സിബിഐയെ കൂടുതൽ സ്വതന്ത്രമാക്കണമെന്ന ആവശ്യത്തിന്റെ പ്രസക്തി ഇവിടെയാണ്. താൽപര്യങ്ങൾക്കനുസരിച്ചു രാഷ്ട്രീയക്കാർ സംസ്ഥാന കേഡറുകളിൽനിന്ന് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന രീതിക്കും അവസാനം വേണം. സിബിഐയിലേക്കുള്ള ഉദ്യോഗസ്ഥനിയമനത്തിനു പ്രത്യേക കേഡർ രൂപീകരിക്കാൻ എന്തുകൊണ്ടാണു സർക്കാരുകൾ മടിക്കുന്നത്? 

സിബിഐയുടെ പ്രവർത്തനസ്വാതന്ത്യ്രം ഉറപ്പാക്കാൻ ഉടനെ നിയമമുണ്ടാക്കുന്നതിനു സർക്കാർ തയാറായില്ലെങ്കിൽ തങ്ങൾ അതിനു മുതിരേണ്ടിവരുമെന്ന് അഞ്ചു വർഷം മുൻപേ സുപ്രീം കോടതി  മുന്നറിയിപ്പു നൽകിയിരുന്നു. ‘കൂട്ടിലടയ്ക്കപ്പെട്ട തത്ത’ എന്ന് അന്നു സിബിഐയെ വിമർശിച്ച പരമോന്നത നീതിപീഠംതന്നെ ഇക്കാര്യത്തിൽ മുൻകയ്യെടുക്കേണ്ടതുണ്ട്. ഇതിനായി മുൻപു നടന്ന നീക്കങ്ങൾ പാതിവഴിയിൽ നിലച്ചതുകൂടി പരിഗണിച്ച്, ആശങ്കകൾക്ക് ഇടനൽകാതെ വേണം ഈ പൊളിച്ചെഴുത്ത്. ഒരുകാലത്തു കുറ്റാന്വേഷണത്തിന്റെ അവസാനവാക്കായി നാം അഭിമാനപൂർവം കരുതിയിരുന്ന സിബിഐയുടെ വിശ്വാസ്യത ഒട്ടും വൈകാതെ തിരിച്ചുപിടിച്ചേതീരൂ.