Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ അമ്മ തികഞ്ഞ ഇന്ത്യക്കാരി: രാഹുൽ ഗാന്ധി

Rahul Gandhi, Sonia Gandhi രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി

ബെംഗളൂരു ∙ ‘മറ്റു പലരെക്കാളും നല്ല ഇന്ത്യക്കാരിയായാണ് എന്റെ അമ്മ ഇൗ രാജ്യത്തു ജീവിക്കുന്നത്. അവർ ഇറ്റലിക്കാരിയാണ്. എന്നാൽ, ജീവിതത്തിന്റെ ഏറിയ പങ്കും ഇൗ നാട്ടിലാണ് അമ്മ ജീവിച്ചത്. ഇൗ രാജ്യത്തിനു വേണ്ടി ഒരുപാടു ത്യാഗങ്ങളും സഹനങ്ങളും അനുഭവിച്ച ജീവിതമാണ് അവരുടേത്’– വികാരഭരിതനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. സോണിയാ ഗാന്ധിയുടെ ഇറ്റാലിയൻ പൈതൃകത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിനു കർണാടക തിരഞ്ഞെടുപ്പു പ്രചാരണ സമാപനത്തിൽ നടന്ന വാ‍ർത്താസമ്മേളനത്തിലാണു രാഹുൽ മറുപടി പറഞ്ഞത്. കർണാടകയിൽ അധികാരം നിലനിർത്താൻ ഇറ്റലിക്കാരി അന്റോണിയോ മെയ്നോയ്ക്കു കഴിയില്ലെന്ന് സോണിയാ ഗാന്ധിയുടെ പഴയ പേര് എടുത്തുപറഞ്ഞുള്ള ബിജെപിയുടെ പ്രചാരണത്തോട് ഒട്ടും പ്രകോപിതനാകാതെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.

‘അമ്മയെ അധിക്ഷേപിക്കുന്നതിൽ പ്രധാനമന്ത്രി ആഹ്ലാദം കണ്ടെത്തുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ നിലവാരമാണു വ്യക്തമാക്കുന്നത്. ഒരിക്കൽ ബുദ്ധനെ കാണാൻ പോയ ഒരാൾ അദ്ദേഹത്തോട് ആക്രോശിച്ചു; വളരെ മോശമായി പെരുമാറി. ബുദ്ധൻ ഒന്നും തിരിച്ചുപറഞ്ഞില്ല. എന്താണു പ്രതികരിക്കാഞ്ഞതെന്നു ശിഷ്യൻമാർ ചോദിച്ചപ്പോൾ ബുദ്ധൻ പറഞ്ഞു: ‘അയാൾക്കു ദേഷ്യം സമ്മാനമായി കിട്ടിയിട്ടുണ്ട്. ഞാനത് ഏറ്റെടുക്കുന്നില്ല’. അതുപോലെ ഉള്ളിൽ ദേഷ്യവും പകയുമായി സംസാരിക്കുന്നയാളാണു പ്രധാനമന്ത്രി. എല്ലാവരെയും അദ്ദേഹം ഭീഷണിയായാണു കാണുന്നത്. എന്നെയും അദ്ദേഹം ഭീഷണിയായി കാണുന്നു.’

‘കർണാടകയുടെ ഭാവിയെക്കുറിച്ചോ കർഷകരെക്കുറിച്ചോ ഒന്നും പറയാനില്ലാതെ വ്യക്തിപരമായി വിമർശനങ്ങൾക്കുള്ള അവസരമായി അദ്ദേഹം തിരഞ്ഞെടുപ്പിനെ മാറ്റി. 8000 കോടി രൂപയാണു സംസ്ഥാന സർക്കാർ കർഷകർക്കു കടാശ്വാസം നൽകിയത്. കേന്ദ്രം നയാപൈസ നൽകിയില്ല. പുരോഗമനവാദികളായ കർണാടക ജനതയുടെ ജീവിതം ആർഎസ്എസ് നിയന്ത്രിക്കണോ എന്ന് അവർക്കു തീരുമാനിക്കാം. ഗുജറാത്തിൽ കോൺഗ്രസ് 30 സീറ്റ് നേടുമെന്നായിരുന്നു പ്രവചനം. എന്നിട്ട് എന്തു സംഭവിച്ചു? കർണാടകയിൽ കോൺഗ്രസ് അനായാസം അധികാരം നിലനിർത്തും. അതിനാൽ തിരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യസാധ്യതയെക്കുറിച്ച് ഇപ്പോൾ ചർച്ചചെയ്യേണ്ട കാര്യമില്ല.’– രാഹുൽ പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി അധ്യക്ഷൻ ജി.പരമേശ്വര, മന്ത്രി ഡി.കെ.ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരടക്കം കോൺഗ്രസ് നേതൃനിരയിലെ പ്രമുഖരെല്ലാം രാഹുലിന് ഒപ്പമുണ്ടായിരുന്നു. 

‘കൂടുതൽ വാർത്താസമ്മേളനങ്ങൾ നടത്താം, മോദിയെപ്പോലെ അല്ല’

ന്യൂഡൽഹി ∙ വാർത്താസമ്മേളനം നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ ഇന്നലെ വാർത്താസമ്മേളനം നടത്തിയ ശേഷമായിരുന്നു ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ പരിഹാസം. ‘ബെംഗളൂരുവിൽ പ്രാദേശിക, ദേശീയ മാധ്യമങ്ങളുമായി സംസാരിച്ചു. നിറഞ്ഞ സദസ്സായിരുന്നു. സമയക്കുറവുമൂലം എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം കിട്ടാത്തതിനു ക്ഷമ ചോദിക്കുന്നു. പക്ഷേ, കഴിഞ്ഞ നാലുവർഷമായി ഒരുതവണപോലും വാർത്താസമ്മേളനം നടത്താത്ത നമ്മുടെ പ്രധാനമന്ത്രിയെ പോലെയാവില്ല ഞാൻ. കൂടുതൽ വാർത്താസമ്മേളനങ്ങൾ ഞാൻ നടത്തും’. കർണാടക തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരുമായി താൻ നടത്തിയ കൂടിക്കാഴ്ചകളുടെ ചിത്രങ്ങളും രാഹുൽ ട്വിറ്ററിൽ പങ്കുവച്ചു. 

related stories