Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിന്റെ തീരുമാനങ്ങൾ ഇനി സാധാരണ പാർട്ടി പ്രവർത്തകരോട് ചോദിച്ചിട്ട്

rahul-gandhi

ന്യൂഡൽഹി∙ സംസ്ഥാനങ്ങളുടെ നാഡിമിടിപ്പ് അറിയാൻ പ്രവർത്തകരിലേക്കു തിരിഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിവിധ വിഷയങ്ങളിൽ സംസ്ഥാന നേതാക്കൾ നൽകുന്ന വിവരങ്ങൾക്കു പുറമേ, താഴേത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം കൂടി പരിഗണിക്കാൻ ദേശീയ ഭാരവാഹികൾക്കു രാഹുലിന്റെ നിർദേശം. ഇക്കാര്യത്തിലുള്ള ആദ്യ പരീക്ഷണമാണു കഴിഞ്ഞ ദിവസം ഡൽഹിയിൽ കോൺഗ്രസ് നടത്തിയത്.

ലഫ്. ഗവർണർ അനിൽ ബൈജലിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‍‌രിവാൾ നടത്തിയ സമരത്തിനു കേരളത്തിലെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പിന്തുണയുമായി രംഗത്തുവന്നതോടെ കോൺഗ്രസും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ, കേജ്‍രിവാളിനെ പിന്തുണയ്ക്കുന്നതു ഗുണം ചെയ്യില്ലെന്നു ഡൽഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി.ചാക്കോ ഉൾപ്പെടെയുള്ളവർ രാഹുലിനെ ഉപദേശിച്ചു.

ഇതിനു പിന്നാലെയാണ്, ഡൽഹിയിലെ പ്രവർത്തകരുടെ മനസ്സിലിരിപ്പു കൂടി അറിയാൻ രാഹുൽ നിർദേശിച്ചത്. പാർട്ടിയുടെ വിവരശേഖരണ വിഭാഗം മേധാവി പ്രവീൺ ചക്രവർത്തിയെ ചുമതലയേൽപ്പിച്ചു. പ്രവർത്തകരുടെ വിശദാംശങ്ങൾ അടങ്ങിയ പട്ടികയുടെ സഹായത്തോടെ 40,000 പ്രവർത്തകരെ നേരിട്ടു ബന്ധപ്പെട്ടു. കേജ്‍രിവാളിനെ പിന്തുണയ്ക്കണമോ എന്ന ചോദ്യം അവരുടെ മൊബൈൽ ഫോണുകളിലേക്ക് അയച്ചു. കേജ്‌രിവാളിൽ നിന്ന് അകലം പാലിക്കുക എന്നു ഭൂരിപക്ഷം പേരും അഭിപ്രായമറിയിച്ചതോടെ, ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കു കൈ കൊടുക്കേണ്ടെന്നു രാഹുൽ തീരുമാനിക്കുകയായിരുന്നു. ഛത്തീസ്ഗഡിൽ കഴിഞ്ഞ മാസം നടത്തിയ റാലിക്കു മുന്നോടിയായി മഹിളാ കോൺഗ്രസ് പ്രവർത്തകരിൽ നിന്നു രാഹുൽ സമാന രീതിയിൽ അഭിപ്രായം ആരാഞ്ഞിരുന്നു.