Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുസ്‌ലിം നേതാക്കളുമായുള്ള കൂടിക്കാഴ്ച: വിമർശനത്തിന് മറുപടിയുമായി രാഹുൽ

Rahul Gandhi രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ മുസ്‌ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാക്കിയ ബിജെപി നേതാക്കൾക്കു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഏറ്റെടുത്ത വിമർശനം കൂടുതൽ ബിജെപി നേതാക്കൾ തുടരുന്നതിനിടെയാണു ട്വിറ്ററിൽ വികാരാധീനനായി രാഹുലിന്റെ പ്രതികരണം. ചൂഷിതനും പാർശ്വവൽക്കരിക്കപ്പെട്ടവനും പീഡിതനും ഉൾപ്പെടെ അവസാന ആളിനൊപ്പവും താനുണ്ടാകുമെന്നും മതമോ ജാതിയോ വിശ്വാസമോ പരിഗണനയല്ലെന്നുമായിരുന്നു രാഹുൽ കുറിച്ചത്.

‘വേദനകളിലും അവരെ ചേർത്തണയ്ക്കും. വെറുപ്പും ഭയവും മായ്ച്ചുകളയും. എല്ലാ ജീവജാലങ്ങളെയും ഞാനിഷ്ടപ്പെടുന്നു, ഞാനാണു കോൺഗ്രസ്’– രാഹുൽ പറഞ്ഞു. കോൺഗ്രസ് മുസ്‌ലിം പാർട്ടിയാണെന്ന വിർമശനത്തെ നേരത്തേ കോൺഗ്രസ് തള്ളിപ്പറഞ്ഞിരുന്നെങ്കിലും രാഹുൽ ഈ വിഷയത്തിൽ പ്രതികരിക്കുന്നത് ആദ്യമാണ്. രാഹുലിന്റേതു കുറ്റസമ്മതമാണെന്ന പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി.

രാഹുലിന്റെ ട്വീറ്റ് വിശദീകരണമെന്നതിനെക്കാൾ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. കോൺഗ്രസ് മുസ്‌ലിം പാർട്ടിയാണെന്ന വിമർശനത്തെ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ല. നാലു വർഷത്തിനുള്ളിൽ എത്ര മുസ്‌ലിംകളെ സൈന്യത്തിലേക്കു റിക്രൂട്ട് ചെയ്തുവെന്ന അസദുദ്ദീൻ ഉവൈസിയുടെ പരാമർശത്തെയും ബിജെപി വിമർശിച്ചു. സേനയിൽ മതം തിരിച്ചു കണക്കെടുക്കാൻ ശ്രമിച്ചതു യുപിഎ സർക്കാരാണെന്നും ബിജെപി ആരോപിച്ചു.

ചർച്ചയായി രാഹുൽ പ്രയോഗം ‘ഐ ആം ദ് കോൺഗ്രസ്’

ന്യൂഡൽഹി∙ മുസ്‌ലിം നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ രാഷ്ട്രീയായുധമാക്കിയ ബിജെപിക്കു രാഹുൽ ഗാന്ധി നൽകിയ മറുപടി ചർച്ചയാകുന്നു. ഇന്ദിരാ ഗാന്ധിയെക്കുറിച്ചുയർന്ന മുദ്രാവാക്യത്തോടാണു രാഹുലിന്റെ ‘ഐ ആം ദ് കോൺഗ്രസ്– ഞാനാണ് കോൺഗ്രസ്’ ട്വിറ്റർ കുറിപ്പിനെ ബിജെപി ഉപമിച്ചത്. ഇന്ദിരയെന്നാൽ ഇന്ത്യ, ഇന്ത്യയെന്നാൽ ഇന്ദിര എന്ന പ്രസ്താവന പോലെയാണു രാഹുലിന്റെ പ്രയോഗമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. എന്നാൽ, കോൺഗ്രസുകാരൻ ആരാണെന്നു വ്യക്തമാക്കുന്നതാണു രാഹുലിന്റെ കുറിപ്പെന്നും കോൺഗ്രസ് ഭരണഘടനയോടു ചേർത്തുവയ്ക്കാവുന്ന പ്രസ്താവനയാണു രാഹുൽ നടത്തിയതെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു.