Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവഭക്തിയിൽ രാഹുലിന്റെ കൈലാസ തീർഥാടനം; ഇന്നു കഠ്മണ്ഡുവിൽനിന്ന് നേപ്പാൾഗഞ്ചിലേക്ക്

Rahul Gandhi

ന്യൂഡൽഹി∙ തലനാരിഴയ്ക്കു രക്ഷപ്പെട്ട വിമാനാപകടത്തിനുശേഷം നേരത്തെ പറഞ്ഞതു പോലെ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൈലാസ–മാനസസരോവർ തീർഥാടനം തുടങ്ങി. ഇന്നലെ രണ്ടോടെ കഠ്മണ്ഡുവിലെത്തിയ രാഹുൽ ഇന്നു നേപ്പാൾഗഞ്ചിലേക്കു പുറപ്പെടും. ഏപ്രിലിൽ കർണാടകയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ഡൽഹിയിൽ നിന്നു പുറപ്പെട്ട രാഹുലിന്റെ വിമാനം അപകടത്തിൽപ്പെട്ടിരുന്നു. മൂന്നുദിവസങ്ങൾക്കു ശേഷം നടന്ന തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിലാണ് കൈലാസ–മാനസസരോവർ യാത്രയ്ക്കുള്ള തന്റെ മോഹത്തെക്കുറിച്ചു രാഹുൽ പറഞ്ഞത്.

കഠ്മണ്ഡുവിലെത്തിയതിനു പിന്നാലെ ‘അസതോമ സദ്ഗമയ, തമസോമ ജ്യോതിർഗമയ’ എന്ന പ്രാർഥനാസൂക്തം രാഹുൽ ട്വീറ്റ് ചെയ്തു. നാലുദിവസത്തെ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്കു മടങ്ങിയതിനു പിന്നാലെയാണ് രാഹുൽ നേപ്പാളിലെത്തിയതെന്നതും കൗതുകമായി. തീർഥാടനം പൂർത്തിയാക്കി സെപ്റ്റംബർ 12ന് അദ്ദേഹം മടങ്ങിയെത്തുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബറിൽ തീർഥാടനകാലം അവസാനിക്കാനിരിക്കെയാണ് രാഹുലിന്റെ യാത്ര.

ഇതിനിടെ, കൈലാസ യാത്രയെക്കുറിച്ചു പരാമർശിക്കാതെ രാഹുലിനു ചൈനീസ് ബന്ധമുണ്ടെന്ന് ആരോപണവുമായി ബിജെപി രംഗത്തെത്തി. ദോക്‌ലാ സംഘർഷസമയത്തു സർക്കാരിനെ വിശ്വാസത്തിലെടുക്കുന്നതിനു പകരം രാഹുൽ ചൈനയുടെ അംബാസഡറെ കാണാനാണ് ശ്രമിച്ചതെന്നു ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു. രാഹുലിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ലെന്നും ചൈനയുമായി അദ്ദേഹത്തിനും കുടുംബത്തിനുമുള്ള പ്രത്യേക ബന്ധം വ്യക്തമാക്കണമെന്നും സംബിത് പറഞ്ഞു.

രാഹുലിന്റെ യാത്ര തടസ്സപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ബിജെപിയുടേതെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി. രാഹുലിന്റെ യാത്രയിൽ ബിജെപിക്കും മോദിക്കും പരിഭ്രമം എന്തിനാണെന്നും വക്താവ് രൺദീപ് സിങ് സുർജേവാല ചോദിച്ചു.