Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്യ രാജ്യം വിട്ടത് മോദിയുടെ അറിവോടെ: കോൺഗ്രസ്

Rahul Gandhi

ന്യൂഡൽഹി∙ വിജയ് മല്യ വിഷയത്തിൽ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ തിരിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 9000 കോടി രൂപയുടെ ബാങ്ക്‌വായ്പാത്തട്ടിപ്പു നടത്തിയ മല്യ രാജ്യം വിട്ടതു മോദിയുടെ അറിവോടെയാണെന്ന ഗുരുതര ആരോപണം രാഹുൽ ഉയർത്തിയതോടെ ബിജെപി–കോൺഗ്രസ് പോരുമുറുകി.

ഇതിനിടെ, മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസ് യുപിഎ സർക്കാരിന്റെ കാലത്ത് നേടിയ ബാങ്ക് വായ്പകളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ സിബിഐ നടപടിയാരംഭിച്ചു. 2008 മുതൽ 2013 വരെയുള്ള കാലയളവിൽ കിങ്ഫിഷറിനു ബാങ്കുകൾ നൽകിയ വായ്പകളുമായി ബന്ധപ്പെട്ടു ധനമന്ത്രാലയത്തിലെ രേഖകൾ സിബിഐ പരിശോധിക്കും.

നിലവിൽ നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യം കൂടി ഉൾപ്പെടുത്താനുള്ള സിബിഐയുടെ നീക്കം തങ്ങളെ ലക്ഷ്യമിട്ടാണെന്നു വിലയിരുത്തിയ കോൺഗ്രസ്, കേന്ദ്രത്തിനെതിരായ ആക്രമണം വരുംദിവസങ്ങളിൽ ശക്തമാക്കും. ഇന്നു ചേരുന്ന പാർട്ടി കോർ കമ്മിറ്റി യോഗം വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യും. ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ രാജി ആവശ്യപ്പെട്ടു കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിയിലേക്കു നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതു സംഘർഷത്തിനിടയാക്കി. 

മല്യ വിഷയത്തിൽ കഴിഞ്ഞ ദിവസം ജയ്റ്റ്ലിയെ കേന്ദ്രീകരിച്ചു നടത്തിയ ആക്രമണത്തിന്റെ തുടർച്ചയായാണ് ഇന്നലെ ട്വിറ്ററിൽ മോദിക്കു നേരെ രാഹുൽ തിരിഞ്ഞത്. മോദിയുടെ അറിവില്ലാതെ മല്യയ്ക്കു രാജ്യം വിടാനാവില്ലെന്ന് അദ്ദേഹം ആരോപിച്ചു. 

രാജ്യം വിടുമെന്ന് കരുതിയില്ല: സിബിഐ 

ന്യൂഡൽഹി∙ മല്യയെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവുകൾ ലഭിക്കാത്തതിനാലാണ് തിരച്ചിൽ നോട്ടിസ് മാറ്റി റിപ്പോർട്ട് നോട്ടിസ് ആക്കിയതെന്നു സിബിഐ. മല്യ വിദേശത്തേക്കു മുങ്ങുമെന്നു കരുതിയില്ലെന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞു.  2015 ജൂലൈ 29നു മല്യയ്ക്കെതിരെ കേസെടുത്തിരുന്നു. 2015 ഒക്ടോബർ 16ന് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുമ്പോൾ മല്യ യുകെയിലായിരുന്നു.

related stories