Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിതിൻ സന്ദേസരയ്ക്ക് സിബിഐ ഉന്നതനുമായി അടുത്ത ബന്ധം

Nitin-Sandesara നിതിൻ സന്ദേസര

ന്യൂഡൽഹി ∙ 5000 കോടി രൂപ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട നിതിൻ സന്ദേസരയ്ക്കു സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയുമായി അടുത്ത ബന്ധമെന്നു റിപ്പോർട്ടുകൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു പുറമേ സിബിഐയും കേസ് അന്വേഷിക്കുന്നതിനിടെയാണു നിതിനും കുടുംബവും രാജ്യം വിട്ടത്. 6 കേസുകളിൽ അസ്താനയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നുണ്ടെന്ന സിബിഐ ഡയറക്ടർ അലോക് വർമയുടെ റിപ്പോർട്ടാണ് അസ്താന–സന്ദേസര ബന്ധം തുറന്നുകാട്ടുന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ടു ലഭിച്ച ഡയറിയിൽ രണ്ടുതവണ അസ്താനയുമായുള്ള ബന്ധം പരാമർശിച്ചിട്ടുണ്ട്. ഗുജറാത്തിലായിരിക്കെ അസ്താനയ്ക്കു സന്ദേസര ഗ്രൂപ്പിൽനിന്നു പ്രതിമാസം 40,000 രൂപ മാസപ്പടി ലഭിച്ചിരുന്നുവെന്ന് ആക്ഷേപമുണ്ട്. സന്ദേസരയുടെ ആദായനികുതി ഇടപാടുകളിൽ വഴിവിട്ടു സഹായിച്ചു, സന്ദേസരയുടെ വിമാനങ്ങൾ ഉപയോഗിച്ചു എന്നിവയാണു മറ്റ് ആരോപണങ്ങൾ. ഗാന്ധിനഗറിലുള്ള കെട്ടിടം വാടകയ്ക്കു നൽകിയ ഇനത്തിലാണു സന്ദേസരയിൽനിന്നു പണം ലഭിച്ചതെന്ന് അസ്താനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിശദീകരിക്കുന്നു.