Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രസർക്കാരിനു മേൽ കരിനിഴൽ വീഴ്ത്തി സിബിഐയിലെ ആഭ്യന്തര കലാപം

CBI-Infight

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തി നിൽക്കേ, നരേന്ദ്രമോദി സർക്കാരിന്റെ പ്രതിച്ഛായക്കു മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണു സിബിഐയിലെ ആഭ്യന്തരയുദ്ധം. സിബഐ മുൻപും വിവാദങ്ങളിൽപ്പെട്ടിട്ടുണ്ടെങ്കിലും ഇതു പോലെ പരസ്യമായ വിഴുപ്പലക്കൽ ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള പഴ്സനൽ ആൻഡ് ട്രെയിനിങ് മന്ത്രാലയത്തിനു കീഴിലാണ് സിബിഐ എന്നതിനാൽ പ്രധാനമന്ത്രി മോദിക്ക് ഈ പ്രതിസന്ധിയിൽനിന്ന് ഒഴിഞ്ഞു മാറാനുമാവില്ല.

ഡൽഹി പൊലീസ് കമ്മിഷനറായിരിക്കെയാണ് 2017 ഫെബ്രുവരിയിൽ അലോക് വർമയെ സിബിഐ ഡയറക്ടറായി നിയമിക്കുന്നത്. രാകേഷ് അസ്താനയെ സിബിഐ അഡീഷനൽ ഡയറക്ടർ തസ്തികയിൽനിന്നാണ് സ്പെഷ്യൽ ഡയറക്ടറാക്കുന്നത്. ഈ നിയമനം അന്നു തന്നെ വിവാദമായിരുന്നു. ഒട്ടേറെ കേസുകളിൽ ആരോപണ വിധേയനായ അസ്താനയെ നിയമിക്കരുതെന്നാണ് അന്ന് അലോക് വർമ വാദിച്ചത്. എന്നാൽ ഗുജറാത്തിൽ മോദിയുടെ വിശ്വസ്തനായിരുന്ന അസ്താനയെ നിയമിക്കാനാണ് സെൻട്രൽ വിജിലൻസ് കമ്മിഷനറും കേന്ദ്രആഭ്യന്തര സെക്രട്ടറിയും പഴ്സനൽ സെക്രട്ടറിയും ശുപാർശ ചെയ്തത്.

അലോക് വർമ ജനുവരിയിൽ വിരമിക്കും. സിബിഐ ഡയറക്ടറെ നിയമിക്കുന്നത് 2 വർഷത്തേക്കാണ്. പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസുമടങ്ങിയ സമിതിയാണ് തിരഞ്ഞെടുക്കുക. കാലാവധിക്കു മുമ്പ് മാറ്റിയതിനെതിരേയാണ് വർമ കോടതിയിലെത്തിയിരിക്കുന്നത്. ഇവിടെയും മോദി സർക്കാർ പ്രതിരോധത്തിലാണ്. അസാധാരണവും മുമ്പില്ലാത്തതുമായ സ്ഥിതിവിശേഷമാണ് സിബിഐ നേരിടുന്നത്. ഒരു അന്വേഷണ ഏജൻസി എന്ന നിലയിൽ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. വർമ

സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത് സിബിഐ ഇപ്പോൾ നടത്തിവരുന്ന പല കേസ് അന്വേഷണങ്ങളും സർക്കാരിന് ഹിതകരമായ ദിശയിലല്ല നീങ്ങുന്നത് എന്നാണ്. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് ഉയർന്ന പല സമ്മർദങ്ങൾക്കും വഴങ്ങാൻ വർമ തയ്യാറായിരുന്നില്ല എന്നു വ്യക്തമായ സൂചനയുണ്ട്. അതു കൊണ്ടു തന്നെ അദ്ദേഹം തുടരുന്നതിൽ സർക്കാരിന് താൽപര്യമുണ്ടായിരുന്നില്ല. റഫാൽ ഇടപാടിനെക്കുറിച്ച് തിങ്കളാഴ്ച കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകണം. ഒരു പക്ഷേ, ഒരന്വേഷണത്തിലേക്ക് നീങ്ങിക്കൂടെന്നില്ല. യശ്വന്ത് സിൻഹയും അരുൺ ഷൂറിയും പ്രശാന്ത് ഭൂഷണും സുപ്രീംകോടതിയെ വീണ്ടും സമീപിച്ചിട്ടുമുണ്ട്.

അസ്താനക്കെതിരേ ഉയർന്ന കേസിലെ മുഖ്യ ശ്രദ്ധാകേന്ദ്രം മൊയിൻ ഖുറേഷിയെക്കുറിച്ച് 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നരേന്ദ്രമോദി പറഞ്ഞത് ശ്രദ്ധേയമാണ്: ഖുറേഷിക്കെതിരേ അന്വേഷണം നടത്താൻ സിബിഐ തയ്യാറാകാത്തത് സോണിയഗാന്ധിയുടെ നിർദേശപ്രകാരമാണ്. സിബിഐയിൽ ഈ ചേരിപ്പോര് തുടങ്ങിയിട്ട് ഏറെ നാളായിരുന്നു. അത് അവസാനിപ്പിക്കുന്നതിനു പകരം വളർത്താനാണ് പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) താൽപ്പര്യപ്പെട്ടത്. അസ്താനയെയാണ് പിന്തുണയ്ക്കുന്നതെന്ന സൂചനയും പിഎംഒ നൽകിയിരുന്നു. ഏതായാലും മോദിക്കും കേന്ദ്രസർക്കാരിനുമെതിരേ പ്രതിപക്ഷത്തിന് ഒരായുധം കൂടി വീണു കിട്ടിയിരിക്കുന്നു. കരുത്തനായ ഭരണാധികാരി എന്ന മോദിയുടെ പ്രതിച്ഛായ ഇതുപയോഗിച്ച് തകർക്കാനാവുമോ എന്നാണ് അവർ ശ്രമിക്കുന്നത്.

related stories