Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രത്തിനെതിരെ പാർലമെന്റിൽ സംയുക്ത പ്രക്ഷോഭത്തിന് കോൺഗ്രസ്

Parliament of India

ന്യൂഡൽഹി ∙ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികൾക്കൊപ്പം സംയുക്ത പ്രക്ഷോഭത്തിനു കരുക്കൾ നീക്കി കോൺഗ്രസ്. റഫാൽ, സിബിഐ, റിസർവ് ബാങ്ക് വിഷയങ്ങളിൽ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തി കേന്ദ്രത്തെ പ്രതിരോധത്തിലാക്കുകയാണു ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മോദിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാൻ സംയുക്ത പ്രതിഷേധത്തിലൂടെ സാധിക്കുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്ന്, ഡിസംബർ 10നു പ്രതിപക്ഷ കക്ഷികളുടെ യോഗം ഡൽഹിയിൽ സംഘടിപ്പിക്കാൻ പാർട്ടി മുൻകയ്യെടുക്കും.

പ്രതിപക്ഷ കക്ഷികളെ കോർത്തിണക്കാനുള്ള നീക്കങ്ങൾക്ക് 5 സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിനു ശേഷം കോൺഗ്രസ് വേഗം കൂട്ടും. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ എതിർ ചേരിയിലുള്ള ബിഎസ്പിയെ ഒപ്പം നിർത്തുക എളുപ്പമാവില്ല. ഛത്തീസ്ഗഡിൽ തങ്ങളുടെ സാധ്യത ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന ആരോപണമുന്നയിച്ച് എസ്പി നേതാവ് അഖിലേഷ് യാദവും പരിഭവ സൂചനകൾ നൽകിയിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട് എന്നിവർ പ്രതിപക്ഷ കക്ഷികളുമായുള്ള ചർച്ചകൾക്കു മുൻകയ്യെടുക്കും. മായാവതി (ബിഎസ്പി), മമതാ ബാനർജി (തൃണമൂൽ) എന്നിവരുമായി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള ബന്ധവും കോൺഗ്രസ് പ്രയോജനപ്പെടുത്തും.