Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ ദലിത് യുവാവിനെ ചുട്ടുകൊന്ന കേസ്: 11 പ്രതികൾക്കും ജീവപര്യന്തം

lalaji-gujarat-murder ലാൽജി സർവയ്യ

അഹമ്മദാബാദ് ∙ 6 വർഷം മുൻപ് ദലിത് യുവാവിനെ ചുട്ടുകൊന്ന കേസിലെ 11 പ്രതികൾക്കും ജീവപര്യന്തം. ഗുജറാത്തിൽ ഗിർ സോമനാഥ് ജില്ലയിലെ ഉന താലൂക്കിൽ അൻകലാലി ഗ്രാമത്തിലാണു അഞ്ഞൂറോളം മേൽജാതിക്കാർ വീടിനു തീയിട്ടു ലാൽജി സർവയ്യയെ കൊന്നത്. തങ്ങളുടെ ജാതിയിൽ പെട്ട യുവതിയെ വീട്ടിനകത്ത് ഒളിപ്പിച്ചിരിക്കുകയാണെന്നു മന്ത്രവാദി പറഞ്ഞതിനെ തുടർന്നായിരുന്നു ആക്രമണം.

പശുവിനെ കൊന്നു തൊലിയുരിച്ചുവെന്നാരോപിച്ചു ദലിത് യുവാക്കളെ തല്ലിച്ചതച്ചതും ഉനയിലായിരുന്നു. കോലി വിഭാഗത്തിൽ പെട്ട യുവതിയെ സംഭവത്തിനു 2 നാൾ മുമ്പു ഗ്രാമത്തിൽ നിന്നു കാണാതായിരുന്നു. പട്ടേൽ, കോലി, ക്ഷത്രിയ വിഭാഗങ്ങളിൽ പെട്ട ഇരുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിൽ ലാൽജിയുടേതു മാത്രമായിരുന്നു ദലിത് കുടുംബം. കൃഷിയിലൂടെ ഇവർ മെച്ചപ്പെട്ട നിലയിലായിരുന്നു. ലാൽജി പാറമടയിലെ ജോലിക്കാരനും.

കൂടുതൽ ആക്രമണം ഭയന്നു ലാൽജിയുടെ 14 അംഗ കുടുംബം ഗ്രാമം ഉപേക്ഷിച്ചുപോയി. തങ്ങളെ പുനരധിവസിപ്പിക്കണമെന്ന് അവർ നിരന്തരം നിവേദനം നൽകിയിട്ടും പറ്റിയ സ്ഥലം കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിനു കഴിഞ്ഞില്ല. ഓരോ ഗ്രാമത്തിലും സ്ഥലം കണ്ടെത്തുന്നതോടെ അവിടത്തെ മേൽജാതിക്കാർ പ്രതിഷേധിക്കും. തുടർന്ന് അധികൃതർ പിന്മാറും. ഒടുവിൽ ദേൽവാഡാ ഗ്രാമത്തിൽ 2016 ൽ അവർക്കു താമസിക്കാനും കൃഷി ചെയ്യാനുമായി അഞ്ചേക്കറോളം ഭൂമി നൽകി.

എന്നാൽ അവിടെ വൈദ്യുതിയോ വെള്ളമോ ലഭ്യമല്ലെന്നും ഗ്രാമീണർ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാത്തതിനാൽ തങ്ങളെ ആത്മഹത്യ ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം കുടുംബാംഗങ്ങൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം നൽകി. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ചു.

കാണാതായ യുവതി സംഭവത്തിനു 2 ദിവസത്തിനുശേഷം അൻകലാലി ഗ്രാമത്തിൽ തിരിച്ചെത്തിയെങ്കിലും ഭീഷണി ഭയന്നു ഭാവ്നഗറിലെ സർക്കാർ അഗതി മന്ദിരത്തിൽ അഭയം തേടി. ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു യുവതി എഴുതിയ കത്തും പ്രോസിക്യൂഷൻ തെളിവായി കോടതിയിൽ ഹാജരാക്കി. എന്നാൽ കോടതിയിൽ യുവതി കൂറുമാറി.