Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില: കെഎസ്ആർടിസിക്ക് ഏഴരക്കോടിയുടെ അധിക ചെലവ്

KSRTC-Bus Representative Image

പത്തനംതിട്ട ∙ കെഎസ്ആർടിസി ഇന്ധനവില വർധനയോടെ വീണ്ടും പ്രതിസന്ധിയിൽ. സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളുടെ സൗജന്യയാത്രകൂടി വരുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയും. 

ഇന്ധനവില വർധിച്ചപ്പോൾ ദിവസം 27.40 ലക്ഷം രൂപയാണ് കെഎസ്ആർടിസിക്ക് അധികം ചെലവ്. മാസം ഏതാണ്ട് ഏഴരക്കോടിയുടെ രൂപയുടെ അധിക ചെലവ്. ദിവസം 6.3 കോടി രൂപയാണ് ശരാശരി വരുമാനം. വരുമാന വർധനയ്ക്കു വഴി തേടുകയാണെന്ന് എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു. 

ഇൗ മാസം 28 മുതൽ സർവീസിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പിലാകും. ഓർഡിനറി സർവീസിൽ ലഭിക്കുന്ന വരുമാനം എണ്ണായിരം രൂപയിൽ താഴെയും ഫാസ്റ്റ് പാസഞ്ചറിൽ 16,000 രൂപയിൽ താഴെയാണെങ്കിൽ അതും സിംഗിൾ ഡ്യൂട്ടിയായി പരിഗണിക്കും. നേരത്തേ എല്ലാം ഡബിൾ ഡ്യൂട്ടിയായതിനാൽ ജോലി ചെയ്യുന്നതിന്റെ അടുത്ത ദിവസം കണ്ടക്ടർക്കും ഡ്രൈവർക്കും വേതനത്തോടെ അവധിയായിരുന്നു. 

സിംഗിൾ ഡ്യൂട്ടിയാകുമ്പോൾ അടുത്ത ദിവസം ജോലിക്ക് വരണം. നിലവിലുള്ള ഡ്രൈവർമാരുടെ കുറവിനും ഇതൊരു പരിഹാരമാണ്. കലക്‌ഷൻ കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ വാഹനങ്ങൾ ക്രമീകരിക്കും. ട്രാഫിക് ബ്ലോക്ക്, അപകടം, വഴിമാറ്റിവിടൽ എന്നിവ മൂലം വരുമാനം കുറയുന്ന റൂട്ടുകളിൽ നിന്നു വാഹനം വരുമാനം കൂടുന്ന റൂട്ടുകളിലേക്കു ക്രമീകരിക്കും. 

അവധി ദിവസങ്ങളിൽ ബസുകൾ റദ്ദാക്കുന്നതിന് പകരം നോൺ – നോട്ടിഫൈഡ് റൂട്ടുകളിലടക്കം ഓടിച്ചു വരുമാനമുണ്ടാക്കണം. അടുത്ത മാസം അവധി വെട്ടിക്കുറച്ചായാലും സർവീസുകൾ മുടങ്ങാതെ നോക്കാനും നിർദേശം നൽകി. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവുള്ള ഡിപ്പോകളിലേക്കു താൽക്കാലികമായി വർക്കിങ് അറേഞ്ച്മെന്റിൽ സ്ഥലം മാറ്റാനും എംഡി നിർദേശം നൽകി. എല്ലാ ഡിപ്പോകളിലും എല്ലാ മാസവും യൂണിയൻ നേതാക്കൾ ചേരുന്ന അവലോകന യോഗം ഇനി വേണ്ടെന്ന് ഉത്തരവിറക്കി. ഇവർക്ക് ആ ദിവസം ശമ്പളം നൽകില്ല. വർഷം 14 ലക്ഷത്തോളമാണ് ഇതിൽ നിന്നു ലാഭം. കട്ടപ്പുറത്തിരുന്ന മുന്നൂറ് ബസുകളാണ് നിരത്തിലിറക്കിയത്. ഇതിനെ തുടർന്നു 30 ലക്ഷം രൂപയുടെ വർധന ദിവസവും വന്നെങ്കിലും റംസാൻ വ്രതം ആരംഭിച്ചതോടെ വരുമാനമിടിഞ്ഞു – എംഡി പറഞ്ഞു. ടയർ ക്ഷാമവും സർവീസിനെ ബാധിച്ചു. 

പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കു സൗജന്യയാത്രയാണ് കെഎസ്ആർടിസിയിൽ. വിദ്യാർഥികൾ സ്വകാര്യബസുകളെ കയ്യൊഴിഞ്ഞ് കെഎസ്ആർടിസിയെ കൂടുതൽ ആശ്രയിക്കും. ഇതോടെ മറ്റു യാത്രക്കാരുടെ കുറവ് വരും. വിദ്യാർഥികൾക്കു സൗജന്യയാത്ര നൽകുന്ന മറ്റു സംസ്ഥാനങ്ങളിൽ ട്രാൻസ്പോർട്ട് കോർപറേഷന് സർക്കാർ ടിക്കറ്റിന് 12,000 രൂപ വർഷം സബ്സിഡി നൽകുന്നുണ്ടെന്നും കെഎസ്ആർടിസിക്കും അത് പോലെ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും സർക്കാർ അംഗീകരിച്ചിട്ടില്ല.

related stories