Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസ്റ്റഡി മരണം: മുൻ സർക്കാരിന്റെ കാലത്തേത് മാത്രം പറഞ്ഞു മുഖ്യമന്ത്രി

തിരുവനന്തപുരം∙ സ്വന്തം സർക്കാരിന്റെ കാലത്തെ കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു നിയമസഭയിൽ മറുപടി നൽകാതിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കസ്റ്റഡി മരണങ്ങളുടെ വിവരങ്ങൾ സഭയിൽ പങ്കുവച്ചു. എട്ടു കസ്റ്റഡി മരണങ്ങളാണു യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്നതെന്ന് അദ്ദേഹം അറിയിച്ചു.

ഈ കേസുകളിൽ അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ, കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം, ധനസഹായം എന്നിവ സംബന്ധിച്ച ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയുണ്ട്. എട്ടു കേസുകളിലും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ കുടുംബാംഗങ്ങൾക്ക് ആർക്കും സർക്കാർ ജോലി നൽകിയിട്ടില്ലെന്നും മൂന്നു കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അലക്സ് പീറ്റർ (പുനലൂർ), ദീപു (കുണ്ടറ), സജി ജോൺ (പൊൻകുന്നം), അഖിലേഷ് (പുന്നപ്ര), സെബാസ്റ്റ്യൻ (ഗുരുവായൂർ), ഗോപാലൻ (പൊന്നാനി), ഫനീഫ (ചങ്ങരംകുളം), അശോക് (ആന്റി പൈറസി സെൽ) എന്നിവരാണ് അതത് സ്റ്റേഷനുകളിലെ കസ്റ്റഡിയിൽ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ രണ്ടു വർഷത്തിനിടെ നടന്ന കസ്റ്റഡി മരണങ്ങൾ, നടന്ന സ്റ്റേഷനുകളുടെ വിവരം, മരിച്ചവരുടെ വിവരങ്ങൾ, നടപടി എടുത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കു വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നൽകിയത്.