Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാർ 142 അടിയാക്കുന്നതിന് നടപടിയുമായി മുന്നോട്ട്: പനീർസെൽവം

mulla-paneerselvam മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലെ കൃഷിക്ക് വെള്ളം തുറന്നു വിടുന്നതിനു മുന്നോടിയായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം പൂജകൾക്ക് ശേഷം ഷട്ടറിൽ തീർഥം തളിക്കുന്നു.

ചെന്നൈ / കുമളി ∙ കേരളത്തിൽ കാലവർഷം കനത്ത സാഹചര്യത്തിൽ തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമെന്നു തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം. 

മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു കാർഷിക ആവശ്യത്തിനായി തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്നതിനു തുടക്കമിടുന്ന ചടങ്ങ് തേക്കടി ചെക് പോസ്റ്റിനു സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാവേരി വിഷയത്തിലെ സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജലനിരപ്പ് 152 അടിയാക്കുന്ന കാര്യത്തിൽ കേരള സർക്കാരുമായി ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കും. 

സുപ്രീം കോടതി നിർദേശപ്രകാരം ബേബി ഡാമിന്റെ ബലപ്പെടുത്തൽ ജോലികൾ പൂർത്തീകരിച്ചാലുടൻ ജലനിരപ്പ് ഉയർത്താനുള്ള നടപടികളെടുക്കും. അണക്കെട്ടിൽ വൈദ്യുതി എത്തിക്കാനുള്ള ജോലികളും വൈകാതെ നടത്തും. ഇതിനാവശ്യമായ പണം കേരളത്തിന്റെ വൈദ്യുതി വകുപ്പിനു കൈമാറിയിട്ടുണ്ട്. 

സർവമത പ്രാർഥനയ്ക്കു ശേഷമാണ് തേക്കടി ചെക് പോസ്റ്റിനു സമീപത്തുള്ള ഷട്ടർ ഉയർത്തി വെള്ളം തമിഴ്നാട്ടിലേക്കു തുറന്നുവിട്ടത്. സെക്കൻഡിൽ 300 ഘനയടിയാണ് ഇന്നലെ തുറന്നുവിട്ടത്. ശുദ്ധജല ആവശ്യത്തിനായി നിലവിൽ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിനു പുറമേയാണിത്. ഇന്നു രാവിലെമുതൽ കൂടുതൽ വെള്ളം തുറന്നുവിടും. വൈദ്യുതി ഉൽപാദനവും ഇന്ന് ആരംഭിക്കും. 

 തേനി ജില്ലാ പൊലീസ് സൂപ്രണ്ട് വി.ഭാസ്കരൻ, ജില്ലാ കലക്ടർ പല്ലവി ബൽദേവ്, തേനി എംപി പാർഥിപൻ, കമ്പം എംഎൽഎ എസ്.ടി.കെ.ജക്കയ്യൻ, കർഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

ഒരാഴ്ചയ്ക്കിടെ അണക്കെട്ടിലെ ജലനിരപ്പ് 11 അടിയോളം ഉയർന്ന് 127.6 അടിയിൽ എത്തിയിരുന്നു. ഇന്നുമുതൽ നാലു മാസത്തേക്കു ജലം തുറന്നുവിടുമെന്നു തമിഴ്നാട് സർക്കാർ അറിയിച്ചു.

related stories