Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തണ്ണീർത്തട നിയമ ഭേദഗതി പദ്ധതികൾ യഥാസമയം പൂർത്തിയാക്കാൻ: മന്ത്രി

E. Chandrasekharan

തിരുവനന്തപുരം∙ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തതു വഴി സംസ്ഥാന വികസനത്തിന് അത്യന്താപേക്ഷിതമായ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ. സംസ്ഥാനത്തിന്റെ പൊതു നന്മ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കു ഭൂമി കണ്ടെത്തുക വലിയ വെല്ലുവിളിയാണ്. ഗെയിൽ പോലെയുള്ള വൻകിട പദ്ധതികൾ സംസ്ഥാനത്തിനു നഷ്ടപ്പെടരുത്.

പൊതു ആവശ്യം എന്ന നിർവചനത്തിൽ പദ്ധതികൾ എന്ന വാക്കിനോടൊപ്പം പ്രോജക്ടുകൾ എന്നുകൂടി ചേർത്തു പ്രാദേശിക നിരീക്ഷണസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അത്യന്താപേക്ഷിതമായ പദ്ധതികൾക്കായി നെൽവയൽ തരംമാറ്റുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി. ഇതു കാലാനുസൃതവും വികസന താൽപര്യങ്ങൾ മുൻനിർത്തിയുള്ളതുമായ ഭേദഗതിയാണ്. നെൽകൃഷിക്ക് ഉപയോഗിക്കാൻ കഴിയുന്ന മുഴുവൻ പാടങ്ങളിലും കൃഷിയിറക്കി ആകെ നെൽകൃഷി മൂന്നു ലക്ഷം ഹെക്ടറാക്കും. 2015-16ൽ 1.96 ലക്ഷം ഹെക്ടർ നെൽകൃഷിയാണു സംസ്ഥാനത്തുണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇതു 2.2 ലക്ഷം ഹെക്ടറാക്കി.

തരിശിട്ടിരിക്കുന്ന നെൽവയലുകൾ ഉടമസ്ഥന്റെ അനുമതി ഇല്ലെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, പാടശേഖര സമിതികൾ എന്നിവയെക്കൊണ്ടു കൃഷി ചെയ്യിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി. ഭൂവുടമയുടെ ഉടമസ്ഥാവകാശം നിലനിർത്തി കൃഷിയുടെ ലാഭത്തിന്റെ 25% നൽകും. ഭൂരേഖകളിൽ നിലം എന്നു രേഖപ്പെടുത്തിയതും ഡേറ്റാബാങ്കിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതുമായ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥയും കൊണ്ടുവന്നു. മറ്റെവിടെയും ഭൂമിയില്ലാത്തവർക്ക് ഇവിടെ വീടുവച്ചു താമസിക്കാൻ അനുവാദം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.