Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണം പിരിച്ച് വാർഷികാഘോഷം, അനധികൃത മദ്യവിൽപന: ജിഎൻപിസി അഡ്മിനെതിരെ കൂടുതൽ കേസ്

GNPC-Logo

തിരുവനന്തപുരം∙ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി) എന്ന ഫെയ്സ്ബുക് കൂട്ടായ്മയുടെ അഡ്മിനിസ്ട്രേറ്റർ നേമം കാരയ്ക്കാമണ്ഡപം സരസിൽ ടി.എൽ.അജിത് കുമാറിനെതിരെ അനധികൃത മദ്യവിൽപനയ്ക്ക് എക്‌സൈസ് കേസെടുത്തു. കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിനു തലസ്ഥാനത്തെ ബാർ ഹോട്ടലിൽ നടത്തിയ പാർട്ടിയിലാണ് ‌പണം വാങ്ങി മദ്യം വിറ്റതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്‌സൈസ് ഇൻസ്‌പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിൽ അജിത്കുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പണം വാങ്ങിയതിന്റെ രസീതുകൾ, റജിസ്റ്റർ, പാർട്ടിക്കുവേണ്ടി തയാറാക്കിയ ലഘുലേഖകൾ, ക്ഷണക്കത്തുകൾ എന്നിവ കണ്ടെടുത്തു.

മേയ് 26നു സംഘടിപ്പിച്ച പാർട്ടിക്കെത്തിയവരിൽനിന്നു ഭക്ഷണത്തിനും മദ്യത്തിനുമായി 1399 രൂപ വീതമാണ് ഇൗടാക്കിയത്. ആഘോഷ വിവരം അറിയിച്ച് അജിത്കുമാർ അംഗങ്ങൾക്ക് അയച്ച ക്ഷണക്കത്തിൽ ഭക്ഷണത്തിനും മദ്യത്തിനുമാണു ഫീസെന്നു വ്യക്തമാക്കിയിരുന്നു. ഓൺലൈനായും പണം കൈപ്പറ്റി. പണം നൽകിയവരുടെ വിശദാംശങ്ങൾ എക്‌സൈസ് കണ്ടെടുത്തു. പണം വാങ്ങി മദ്യം വിൽക്കാൻ എക്‌സൈസ് ലൈസൻസുള്ളവർക്കു മാത്രമേ അനുമതിയുള്ളൂ. പാർട്ടി നടന്ന ഹോട്ടലിന് മദ്യം വിളമ്പാനുള്ള ബാർ ലൈസൻസ് ഉണ്ടെങ്കിലും മറ്റൊരാൾ പണം പിരിച്ചു പാർട്ടി നടത്തുന്നതു നിയമവിരുദ്ധമാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. അനധികൃതമായി മദ്യവിൽപന നടത്തിയതിന് അബ്കാരി നിയമപ്രകാരം 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയത്.

ഇരുനൂറിലേറെപ്പേർ പാർട്ടിയിൽ പങ്കെടുത്തിരുന്നു. മദ്യ ഉപയോഗം പ്രോത്സാഹിപ്പിച്ചതിനാണ് ജിഎൻപിസി നടത്തിപ്പുകാർക്കെതിരെ എക്‌സൈസ് ആദ്യം കേസെടുത്തത്. തുടർന്ന് ഒളിവിൽ പോയ അജിത് കുമാറും ഭാര്യ വിനിതയും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജിഎൻപിസി എന്ന പേരിലുള്ള മറ്റു ഗ്രൂപ്പുകളിലാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചുള്ള ചിത്രങ്ങളും സന്ദേശങ്ങളും എത്തിയതെന്നാണ് ഇവരുടെ വാദം. എന്നാൽ അജിത്കുമാർ അഡ്മിനായ ഫെയ്സ്ബുക് അക്കൗണ്ടിൽനിന്നുള്ള വിവരങ്ങൾ സൈബർ വിദഗ്ധന്റെ സഹായത്തോടെയാണു ശേഖരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്നര മാസമായി ഈ ഗ്രൂപ്പ് നിരീക്ഷണത്തിലായിരുന്നു. അംഗങ്ങൾ തന്നെ നിർണായക തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. 

രണ്ടു പൊലീസ് കേസുകളും

തിരുവനന്തപുരം∙ ജിഎൻപിസി അഡ്മിനിസ്ട്രേറ്റർക്കെതിരെ പൊലീസ് കേസും. കുട്ടികളുടെ സാന്നിധ്യത്തിൽ മുതിർന്നവർ മദ്യപിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനു ബാലനീതി നിയമപ്രകാരവും ശവക്കല്ലറയുടെ പശ്ചാത്തലത്തിലുള്ള ചിത്രമിട്ടതിനും മതസ്പർധ വളർത്താൻ ശ്രമിച്ചതിനുമാണു പൊലീസ് കേസെടുക്കാൻ തീരുമാനിച്ചത്. നർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ ഷീൻ തറയിൽ നൽകിയ റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യാൻ നേമം പൊലീസിനു സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകി.