Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി: സുശീൽ ഖന്ന ചർച്ചയ്ക്ക്

ksrtc-logo

തിരുവനന്തപുരം ∙ കെ എസ്ആർടിസിയെ സാമ്പത്തികപ്രതിസന്ധിയിൽ നിന്നു രക്ഷിക്കാനുള്ള പാക്കേജ് തയാറാക്കുന്നതിന്റെ ഭാഗമായി സർക്കാർ നിയോഗിച്ച പ്രഫ.സുശീൽ ഖന്ന ഇന്നും നാളെയും മാനേജ്മെന്റ് പ്രതിനിധികളുമായും തൊഴിലാളികളുമായും സർക്കാർ വകുപ്പ് മേധാവികളുമായും ചർച്ച നടത്തും.

കെഎസ്ആർടിസി പുനഃസംഘടന സംബന്ധിച്ചു വിശദ പഠനം നടത്തി റിപ്പോർട്ട് നൽകാൻ സർക്കാർ 2016 ഒക്ടോബറിലാണു കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അധ്യാപകനായ സുശീൽ ഖന്നയെ ചുമതലപ്പെടുത്തിയത്. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. 2017 ഫെബ്രുവരിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഒന്നര വർഷത്തോളം നീണ്ടു.

കടത്തിൽ നിന്നു രക്ഷപ്പെടണമെങ്കിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഒരു ബസിന് 7.2 ജീവനക്കാർ എന്ന അനുപാതം ദേശീയ ശരാശരിയായ 5.2 ആയി കുറയ്ക്കണമെന്നാണു നിർദേശിച്ചത്. കെഎസ്ആർടിസിയെ മൂന്നു മേഖലകളായി വിഭജിക്കണം. യാത്രക്കാരുടെ ആവശ്യകത സർവേയിലൂടെ പഠിച്ചു  സർവീസുകൾ പുനഃക്രമീകരിക്കണം. പ്രഫഷനൽ യോഗ്യതയുള്ളവരെ എക്സിക്യുട്ടീവ് ഡയറക്ടർമാരായി നിയമിക്കണം.  വർക്‌ഷോപ്പുകൾ നവീകരിക്കണം. ബസുകളുടെ അറ്റകുറ്റപ്പണിക്കു പരമാവധി ഒരുദിവസം തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം സമർപ്പിച്ചിരുന്നു.

തച്ചങ്കരിക്കെതിരെ വാളെടുത്ത് സിഐ‌ടിയു

കെഎസ്ആർടിസി എംഡി: ടോമിൻ തച്ചങ്കരിക്കെതിരെ പരസ്യ പോരിനു ഭരണകക്ഷി യൂണിയനായ സിഐടിയു. തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും പരസ്യമായി അധിക്ഷേപിക്കുന്ന എംഡി ധിക്കാരിയാണെന്നും നാട്ടുപ്രമാണിയുടെ ശൈലിയിൽ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സിഐടിയു സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ട്രേഡ് യൂണിയനുകൾക്കെതിരെ മുഖം നോക്കാതെ കർശന നടപടിയെടുത്തതും തൊഴിലാളികളുടെ അനുമതിയില്ലാതെ മാസവരി പിരിക്കുന്നതു നിയന്ത്രിച്ചതും ഉൾപ്പെടെ നടപടികളാണ് മുഖ്യമന്ത്രി പിണറായി വിജയനടക്കം  സിപിഎം നേതാക്കളുടെ വിശ്വസ്തനായ തച്ചങ്കരിക്കെതിരെ രംഗത്തുവരാൻ സിഐടിയുവിനെ പ്രേരിപ്പിച്ചത്.  നേരത്തേ ഐഎൻടിയുസിയും എഐടിയുസിയും തച്ചങ്കരിക്കെതിരെ രംഗത്തെത്തിയിരുന്നു.

related stories