Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമ്പാവൂരിൽ കാർ ബസുമായി കൂട്ടിയിടിച്ച് 5 യുവാക്കൾ മരിച്ചു

perumbavoor-accident പെരുമ്പാവൂരിൽ എംസി റോഡിൽ കാരിക്കോട് അപകടത്തിൽപ്പെട്ട ബസ്, കാർ.

പെരുമ്പാവൂർ∙ മസ്കത്തിൽ ജോലിക്കു പോകുന്ന യുവാവിനെ യാത്ര അയയ്ക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു പോയ സുഹൃത്തുക്കളും ബന്ധുക്കളും സഞ്ചരിച്ച കാർ ശബരിമല തീർഥാടകരുടെ ബസുമായി കൂട്ടിയിടിച്ച് അ‍ഞ്ചു പേർ മരിച്ചു. രണ്ടു പേർക്കു ഗുരുതര പരുക്കേറ്റു.

ഇടുക്കി ഏലപ്പാറ തണ്ണിക്കാനം ജെനീഷ് ഭവനിൽ സ്റ്റീഫന്റെയും സൂസാ മേരിയുടെയും മകൻ ജെനീഷ് (22), ഏലപ്പാറ വാകക്കാട് ചെമ്മണ്ണ് പുത്തൻപുരയ്ക്കൽ യേശുദാസിന്റെയും ആപ്പിയുടെയും മകൻ ജെറിൻ (20), ഏലപ്പാറ ചെമ്മണ്ണ് ടീ എസ്റ്റേറ്റ് ലയത്തിൽ പരേതനായ റോയിയുടെയും പ്രമീളയുടെയും മകൻ ഉണ്ണി (20), ഏലപ്പാറ താമരശേരിയിൽ വീട്ടിൽ ഹരിദാസിന്റെയും സുധയുടെയും (ലാലി) മകൻ ഹിരൺ (21), ഏലപ്പാറ മൂലയിൽ വിൽസണിന്റെയും ജയയുടെയും മകൻ വിജയ് (25) എന്നിവരാണ് മരിച്ചത്. ജെറിന്റെ സഹോദരൻ ജിബിൻ (22), ചെമ്മനം എസ്റ്റേറ്റിൽ കാട്ടുമുറി സോമരാജന്റെ മകൻ അപ്പു (20) എന്നിവർക്കാണ് പരുക്ക്.

മസ്കത്തിലേക്കു പോകുന്ന ജിബിനെ യാത്രയാക്കാൻ പോയവർ സഞ്ചരിച്ച കാർ ആന്ധ്രയിൽ നിന്നു ശബരിമലയിലേക്കു പോയ തീർഥാടകരുടെ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. എംസി റോഡിൽ ചേലാമറ്റം കാരിക്കോട് വളവിൽ ഇന്നലെ പുലർച്ചെ 12.45 നായിരുന്നു അപകടം. പെരുമ്പാവൂർ ഭാഗത്തു നിന്നു വന്ന കാറും എതിർ ദിശയിൽ വന്ന ബസുമാണു കൂട്ടിയിടിച്ചത്. അഞ്ചു പേരും തൽക്ഷണം മരിച്ചു. മൂന്നു പേരെ നാട്ടുകാർക്ക് ഉടൻ പുറത്തെടുക്കാൻ കഴിഞ്ഞെങ്കിലും നാലുപേരെ വാഹനം വെട്ടിപ്പൊളിച്ച് അഗ്നിരക്ഷാസേനയാണു പുറത്തെടുത്തത്.

Accident-death മരിച്ച ജെനീഷ്, ജെറിൻ, ഉണ്ണി, ഹിരൺ, വിജയ്.

ഗുരുതരമായി പരുക്കേറ്റ അപ്പുവിനെ ആലുവ രാജഗിരി ആശുപത്രിയിലും ജിബിനെ പെരുമ്പാവൂരിലെ സാൻജോ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മസ്കത്തിലേക്കു പോകുന്ന ഏലപ്പാറ സ്വദേശികളായ വിഷ്ണു, തോമസ്, ജിബിൻ എന്നിരെ യാത്ര അയയ്ക്കാൻ ബന്ധുക്കളും സുഹൃത്തുകളും അഞ്ചു കാറുകളിലും ഓട്ടോറിക്ഷയിലുമാണ് പുറപ്പെട്ടത്. ആദ്യ നാലു വാഹനങ്ങളും കടന്നുപോയ ശേഷമെത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്. വിജയനാണ് കാർ ഓടിച്ചിരുന്നത്. വിഷ്ണുവും തോമസും അപകട വിവരമറിയാതെ മസ്കത്തിലേക്കു പോയി.

അപകടത്തിൽപ്പെട്ട ബസിലെ തീർഥാടകരായ 45 പേരെ മറ്റൊരു വാഹനത്തിൽ കയറ്റി വിട്ടു. തീർഥാടകരുടെ സാധന സാമഗ്രികൾ പെരുമ്പാവൂർ ധർമശാസ്താ ക്ഷേത്രത്തിലെ ഇടത്താവളത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിന്റെ അമിത വേഗവും ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചെറിയ കാറിൽ ഏഴു പേർ യാത്ര ചെയ്തതും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചു.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. പിക് അപ് വാൻ ഡ്രൈവറായിരുന്നു മരിച്ച ജെനീഷ്. സഹോദരി: ജെനീഷ. ചെന്നൈയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ജെറിൻ. മരിച്ച ഉണ്ണിയുടെ സഹോദരൻ: പ്രവീൺ. ഹിരണിന്റെ സഹോദരങ്ങൾ: സുജിത്, ഹരിത. മരിച്ച വിജയ്‌യുടെ ഭാര്യ: അശ്വതി.