Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഖിലകക്ഷി സംഘത്തിലേക്കു കണ്ണന്താനത്തെ വിളിക്കേണ്ടതാര്?

Alphons Kannanthanam

തിരുവനന്തപുരം∙ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ അഖിലകക്ഷി സംഘത്തിൽ എങ്ങനെ ഉൾപ്പെടുത്തുമായിരുന്നുവെന്ന് ഒരേ സ്വരത്തിൽ സർക്കാരും പ്രതിപക്ഷവും. അതു സർക്കാർ നിർദേശിക്കേണ്ടതായിരുന്നുവെന്നു ബിജെപിയും. ഡൽഹിയിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച അഖിലകക്ഷി സംഘത്തിൽ കേരളത്തിൽ നിന്നുള്ള ഒരേയൊരു കേന്ദ്രമന്ത്രി ഇല്ലാതെ പോയതു വിവാദമായിരുന്നു. പ്രധാനമന്ത്രി ഇക്കാര്യം തന്നോടു ചോദിച്ചുവെന്നു കണ്ണന്താനം വെളിപ്പെടുത്തിയതോടെയാണ് ഇതിന്റെ ഉത്തരവാദിത്തം ആർക്കെന്ന ചോദ്യം ശക്തമായത്. 

എന്നാൽ ബിജെപിയുടേതടക്കം ഏതെങ്കിലും എംപിയെ സർവകക്ഷി സംഘത്തിന്റെ ഭാഗമാക്കുന്നതുപോലെയല്ല, കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുന്നതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി പ്രധാനമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്നയാളാണ്. സാങ്കേതികമായി അദ്ദേഹം രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗവുമാണ്. അങ്ങനെയിരിക്കേ പ്രധാനമന്ത്രിയോടു പരാതി പറയാനായി കേന്ദ്രമന്ത്രിയെയും കൂട്ടി എങ്ങനെ പോകാൻ കഴിയുമെന്ന ചോദ്യമാണു സർക്കാരിന്റേത്. 

ഏതെങ്കിലും ഒരു ജില്ലയിൽ നിന്നുള്ളവർ മുഖ്യമന്ത്രിയുടെ അടുക്കൽ പരാതി പറയാൻ വരുന്നത് ആ ജില്ലയിലെ മന്ത്രിയെയും കൊണ്ടാണോ? മറിച്ചു ബന്ധപ്പെട്ട മന്ത്രിയെ മുഖ്യമന്ത്രി ക്ഷണിച്ചു കൂടെ നിർത്തുന്നതാണു രീതി. ചർച്ചയ്ക്കുശേഷം എന്തുകൊണ്ടു വന്നില്ലെന്നു പ്രധാനമന്ത്രി കണ്ണന്താനത്തോടു ചോദിച്ചതിൽ നിന്ന് അർഥമാക്കേണ്ടതു കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കണ്ണന്താനത്തിന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്നുവെന്നാണ്. ആ പ്രാധാന്യം അറിയാമെങ്കിൽ കണ്ണന്താനത്തെ ക്ഷണിക്കേണ്ടതും പ്രധാനമന്ത്രി തന്നെയല്ലേയെന്നു സർക്കാർ കേന്ദ്രങ്ങൾ ചോദിക്കുന്നു. 

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കഴിഞ്ഞാൽ ഓരോ പാർട്ടികളിൽ നിന്നുമുള്ള പ്രതിനിധികളെയാണു സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ബിജെപിയുടെ പ്രതിനിധിയെ ചോദിച്ചപ്പോൾ അവർ ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനെ നിർദേശിച്ചു. അദ്ദേഹം ഡൽഹിയിലെത്തുകയും ചെയ്തു. 

കണ്ണന്താനം ചർച്ചയിലുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചു സംസ്ഥാന ബിജെപി ഘടകവും മുൻകൂട്ടി ചിന്തിച്ചിരുന്നില്ലെന്നാണ് അറിയുന്നത്. പാർട്ടിയുടെ ഏക കേന്ദ്രമന്ത്രിയാണെങ്കിലും സംസ്ഥാനനേതൃത്വവുമായി അദ്ദേഹം അടുത്ത ബന്ധത്തിലൊന്നുമല്ല. കേരളനേതൃത്വത്തെ പൂർണമായും ഇരുട്ടിൽ നിർത്തിയാണു കണ്ണന്താനത്തെ മന്ത്രിയായി പ്രഖ്യാപിച്ചത്. അദ്ദേഹമടക്കം പാർട്ടിയുടെ മൂന്ന് എംപിമാർ ബിജെപിയുടെ നേതൃഘടകങ്ങളിൽ അംഗങ്ങളല്ല. സംസ്ഥാനസമിതി യോഗങ്ങളിൽ ക്ഷണിതാക്കളായി പങ്കെടുക്കാം. രാജ്യസഭാംഗമായ വി.മുരളീധരൻ മാത്രമാണു കോർകമ്മിറ്റിയടക്കമുള്ള നേതൃസമിതികളിലുള്ളത്. എങ്കിലും കണ്ണന്താനത്തിന്റെ കാര്യം സംസ്ഥാന സർക്കാർ ഓർമിക്കേണ്ടതായിരുന്നുവെന്നാണു ബിജെപിയുടെ നിലപാട്.

related stories