Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ശബരിമല അയ്യപ്പൻ ബ്രഹ്മചാരി; സ്ത്രീ സാന്നിധ്യം നിഷിദ്ധം’

Sabarimala Temple

ന്യൂഡൽഹി∙ പത്തു മുതൽ 50 വയസ്സു വരെ പ്രായഗണത്തിലുള്ള സ്ത്രീകളുടെ സാന്നിധ്യം നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പൻ താൽപര്യപ്പെടുന്നില്ലെന്ന് ഇടപെടൽ ഹർജിക്കാരായ നായർ സർവീസ് സൊസൈറ്റിക്കുവേണ്ടി (എൻഎസ്എസ്) സുപ്രീം കോടതിയിൽ വാദം. ഭക്തി മാത്രമല്ല, എന്തിനോടുള്ള ഭക്തിയെന്നതും പ്രധാനമാണ്. അതുകൊണ്ടുതന്നെ ബ്രഹ്മചാരീ സങ്കൽപം പ്രധാനമാണെന്ന് എൻഎസ്എസിനുവേണ്ടി കെ.പരാശരൻ വാദിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷന്റെ ഹർജിയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുൻപാകെ ഇന്നും വാദം തുടരും. ശബരിമല തന്ത്രി, പന്തളം രാജാവ് തുടങ്ങിയവരുടെ നിലപാടുകളാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നു പരിഗണിക്കുന്നത്. എതിർകക്ഷികളുടെ വാദം ഇന്നു പൂർത്തിയാക്കണമെന്നു ചീഫ് ജസ്റ്റിസ് നിർദേശിച്ചിട്ടുണ്ട്.

പരാശരന്റെ പ്രധാന വാദങ്ങൾ

∙ സവിശേഷ സ്വഭാവമുള്ള ക്ഷേത്രമാണു ശബരിമല; ജാതിമതഭേദമെന്യേ എല്ലാവർക്കും പ്രവേശനമുണ്ട്. 10–50 പ്രായഗണത്തിലുള്ള സ്ത്രീകൾക്കു പ്രവേശനമില്ലെന്നത് ആചാരവും ദീർഘകാല പാരമ്പര്യവുമാണ്.
∙ കോടതിയുടെ പരിഗണനയിലുള്ളതു സാമൂഹികപ്രശ്നമല്ല, മതപരമായ വിഷയമാണ്. ഭരണഘടനയുടെ 25(2) വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്കാരമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ശബരിമലയുടെ സ്വത്വം നഷ്ടപ്പെടും. ശബരിമലയിലെ വിലക്ക് ഒഴിവാക്കാൻ കോടതി തീരുമാനിച്ചാൽ, അതു ക്ഷേത്രത്തിന്റെ സ്വഭാവത്തെ തന്നെ ബാധിക്കും. അതു വിശ്വാസികൾക്ക് 25(1) പ്രകാരമുള്ള അവകാശത്തിന്റെ ലംഘനമാവും.
∙ ഹിന്ദുമതം എവിടെ നിന്നുള്ള വിജ്ഞാനത്തെയും സ്വീകരിക്കും. എന്നാൽ, ജനാധിപത്യങ്ങൾക്കു മതങ്ങളെയും അവയുടെ പാരമ്പര്യങ്ങളെയും സംരക്ഷിക്കാൻ ഉത്തരവാദിത്തമുണ്ട്. അവകാശപ്രവർത്തകരുടെ വാദങ്ങൾക്കു മാത്രമല്ല, പാരമ്പര്യവാദികൾക്കു പറയാനുള്ളതിനും കോടതി തുല്യപരിഗണന നൽകണം.
∙ ശിവന്റെ അർധനാരീശ്വര ഭാവം ഭരണഘടനയുടെ 14–ാം വകുപ്പുപോലെയാണ് – സ്ത്രീക്കും പുരുഷനും തുല്യപരിഗണന. പണ്ടുകാലത്തെ മനുഷ്യർക്ക് അറിവില്ലായിരുന്നു, നമുക്കാണു ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും അറിയാവുന്നത് എന്ന സമീപനം ശരിയല്ല.
∙ ഇന്ത്യൻ ഭരണഘടന അടിസ്ഥാനപരമായ മതനിരപേക്ഷ സ്വഭാവമുള്ളതാണ്. ജാതിഭേദമെന്യേ എല്ലാ ഹിന്ദുക്ഷേത്രങ്ങളിലും പ്രവേശനമുറപ്പാക്കിയ ഭരണഘടനാ വകുപ്പ് 25(2) (ബി), സാമൂഹിക പരിഷ്കാരമാണ്. അതു ഭരണകൂടത്തിന്റെ അധികാരം സംബന്ധിച്ചതാണ്; ഭരണഘടനയുടെ 26 (ബി) വകുപ്പിൽ പറയുന്ന മതപരമായ വിഷയങ്ങൾക്കു ബാധകമല്ല.
∙ 25(2) വകുപ്പു സ്ത്രീകളെയും ഉൾപ്പെടുത്തിയുള്ളതാണ്; മതപരമായല്ല, സാമൂഹികപരമായി. 25(2) (ബി) വകുപ്പ് മതത്തിന്റെ അനുപേക്ഷണീയ ആചാരങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരം നൽകുന്നില്ല.
∙ പുരുഷാധിപത്യ രീതിയുടെ ഭാഗമാണു ശബരിമലയിലെ വിലക്കെന്ന വിലയിരുത്തൽ ശരിയല്ല. താവഴി സമ്പ്രദായമാണ് 1956 വരെ ഉണ്ടായിരുന്നത്.