Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ ആചാരം വിശ്വാസത്തിന്റെ അനുപേക്ഷണീയ ഘടകമെന്ന് വാദം

sabarimala

ന്യൂഡൽഹി∙ ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാരി സ്വഭാവത്തെയും അവിടത്തെ സമ്പ്രദായങ്ങളെയും ഭരണഘടനാ തത്വങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പരിശോധിക്കുന്നതു പിഴവാകുമെന്ന് സ്ത്രീപ്രവേശന ഹർജിയെ എതിർക്കുന്നവർ‍ സുപ്രീം കോടതി മുൻപാകെ വാദിച്ചു. ശബരിമലയിലെ സമ്പ്രദായം അയ്യപ്പ ഭക്തരുടെ വിശ്വാസത്തിന്റെ അനുപേക്ഷണീയ ഘടകമാണ്; സ്ത്രീകളും അത് അംഗീകരിക്കുന്നു.

എന്നാൽ, അനുപേക്ഷണീയ ഘടകമെന്നതിനെ ഭരണഘടനാ തത്വങ്ങൾ പ്രയോഗിക്കാൻ പറ്റാത്ത തലത്തിലേക്ക് ഉയർത്താനാവില്ലെന്നും ഭരണഘടന മാറ്റിവച്ച്, ൈദവശാസ്ത്രം പ്രയോഗിക്കണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വാക്കാൽ പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യവും ഭരണഘടനയിലൂടെയാണ് ഉറപ്പാക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത വിട്ടുപോകരുതെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുൻപാകെ ഇനി ഈ മാസം 31നു വാദം തുടരും.

തന്ത്രിക്കുവേണ്ടി വി.ഗിരി:

∙ വിഗ്രഹാരാധന ഹിന്ദുമതത്തിന്റെ അനുപേക്ഷണീയ ഘടകമാണ്; വിഗ്രഹം പ്രതിഷ്ഠിച്ചുകഴിഞ്ഞാൽ ഹൈന്ദവ ശാസ്ത്രങ്ങളനുസരിച്ചാണ് ആരാധന. പ്രതിഷ്ഠയ്ക്കു നിയമപരമായ വ്യക്തിത്വമുണ്ട്. ഓരോ പ്രതിഷ്ഠയ്ക്കും അതിന്റേതായ സ്വഭാവവിശേഷമുണ്ട്. നൈഷ്ഠിക ബ്രഹ്മചാരിയെന്നതു ശബരിമല അയ്യപ്പന്റെ സവിശേഷതയാണ്.

∙ ഭക്തൻ ക്ഷേത്രത്തിൽ പോകുന്നതു പ്രതിഷ്ഠയുടെ സ്വഭാവത്തിനു വിരുദ്ധമായ നിലപാടുമായല്ല, ആരാധനയ്ക്കാണ്. പ്രതിഷ്ഠയുടെ സ്വഭാവം ഭക്തൻ അംഗീകരിക്കേണ്ടതുണ്ട്.

∙ നൈഷ്ഠിക ബ്രഹ്മചര്യയ്ക്ക് അനുസൃതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ശബരിമലയിൽ അനുപേക്ഷണീയമാണ്.

പന്തളം രാജാവിനുവേണ്ടി കെ.രാധാകൃഷ്ണൻ:

∙ സവിശേഷ സ്വഭാവമുള്ളതാണു ക്ഷേത്രം. മലയാള മാസത്തിലെ അഞ്ചു ദിവസം തുറക്കുകയെന്ന രീതി ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും താൽപര്യപ്രകാരമാണ്, കൊട്ടാരം എതിർത്തതാണ്.

∙ ഈശ്വരവിധി അനുസരിച്ചാണു നിശ്ചിത പ്രായഗണത്തിലുള്ള സ്ത്രീകൾ ദർശനം ഒഴിവാക്കുന്നത്.

∙ ക്ഷേത്ര ദർശനം ആരാധനാരീതികളിൽ ഒന്നുമാത്രം. സ്ത്രീകൾക്കു ക്ഷേത്രത്തിൽ പോകാതെ അയ്യപ്പനെ ആരാധിക്കാൻ അവകാശമുണ്ട്.

∙ ചട്ടങ്ങളുണ്ടാക്കിയത് 1965 ലാണ്. ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്ന സമ്പ്രദായം ക്ഷേത്രം സ്ഥാപിച്ച കാലംമുതലുള്ളത്.

∙ തുല്യതയുടെ പേരിലുള്ള പിഴവ് സാമൂഹിക ക്രമത്തെ തകിടം മറിക്കാം. പേരെടുക്കാനുള്ള ശ്രമമാണു ഹർജിക്കാരുടേത്.

ബ്രാഹ്മണ ഫെഡറേഷനുവേണ്ടി എം.ആർ.അഭിലാഷ്:

∙ ശബരിമലയിലെ സമ്പ്രദായം പുരുഷാധിപത്യരീതിയെന്നു സാമാന്യവൽകരിക്കരുത്. കേരളത്തിലെ ആത്മീയ വൈവിധ്യത്തിന്റെ ഭാഗമാണു ശബരിമലയിലെ സമ്പ്രദായം. ആർത്തവത്തിന്റെ പേരിലാണു വിലക്കെന്ന് അവകാശവാദികൾ പറയുന്നു. എന്നാൽ, െചങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ദേവീപ്രതിഷ്ഠയുടെ ആർത്തവം ഉൽസവമായി ആഘോഷിക്കുന്നു. മണ്ണാറശാലയിൽ വിഗ്രഹം വഹിക്കുന്നതു സ്ത്രീയാണ്, മുഖ്യ പൂജാരിണിയും. ആറ്റുകാലിൽ പൊങ്കാലയ്ക്കുള്ള അവകാശം സ്ത്രീകൾക്കു മാത്രമാണ്.

∙ ക്ഷേത്രത്തിന്റെ നടത്തിപ്പു സർക്കാർ ചെലവിലല്ല. കഴിഞ്ഞ വർഷത്തെ വരുമാനം 255 കോടി രൂപയാണ്. ദേവസ്വം ബോർഡിനു കീഴിലുള്ള മറ്റു ക്ഷേത്രങ്ങളുടെ നടത്തിപ്പിനു ശബരിമലയിലെ വരുമാനം ഉപയോഗിക്കുന്നു.

ഡോ. കൈലാസനാഥപിള്ള: (അയ്യപ്പ സമാജം, മാതൃസമിതി)

∙ ഭരണഘടന പ്രാബല്യത്തിലാവും മുൻപുള്ള സമ്പ്രദായം. ഭരണഘടനാപരമായ സമീപനം മാത്രമേ സാധിക്കൂ എന്ന നിലപാടു തെറ്റ്.

∙ സംസ്ഥാന സർക്കാരിന്റെ നിലപാടിൽ ഒളിച്ചുകളിയുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ വിഷയത്തെ സമീപിക്കണം.

∙ ഇപ്പോഴത്തെ സമ്പ്രദായം അവസാനിപ്പിക്കുന്നതു കേരളത്തിൽ സാമൂഹിക പ്രശ്നങ്ങൾക്കു വഴിവയ്ക്കാം.

സായ് ദീപക്: (റെഡി ടു വെയ്റ്റ്, പീപ്പിൾ ഫോർ ധർമ)

∙ പ്രതിഷ്ഠയുടെ ധർമം സംരക്ഷിക്കാൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്. ശബരിമലയിലെ സമ്പ്രദായം ക്ഷേത്രത്തിന്റെ തനിമയാണ്.

∙ ജീവചൈതന്യമുള്ള, നിയമപരമായ വ്യക്തിത്വമുള്ള പ്രതിഷ്ഠയ്ക്ക് ഭരണഘടനയുടെ 21ാം വകുപ്പുപ്രകാരമുള്ള അവകാശങ്ങളുണ്ട്.

∙ അയ്യപ്പനുമായി നിരന്തര സമ്പർക്കത്തിലുള്ളതു തന്ത്രിയാണ്. തന്ത്രിയുടെ നിലപാടു പ്രധാനം.

∙ എല്ലാ വിലക്കുകളെയും വേർതിരിവെന്നു കരുതാനാവില്ല. സമ്പ്രദായങ്ങളെ മനസിലാക്കിവേണം ഭരണഘടനാ തത്വങ്ങൾ പ്രയോഗിക്കാൻ.