Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ ആചാരങ്ങൾ ദൈവികം; സംരക്ഷിക്കണം: അമിക്കസ് ക്യൂറി ‌

sabarimala

ന്യൂഡൽഹി ∙ മതാചാരങ്ങൾ സമൂഹത്തിന്റെ രീതികളായി മാറുമെന്നും ശബരിമലയിൽ‍ സ്ത്രീകളെ വിലക്കുന്നതു പുരോഗമന സ്വഭാവമുള്ള ഭരണഘടനയ്ക്കു നിരക്കുന്നതല്ലെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. സ്ത്രീപ്രവേശന വിഷയത്തിൽ ഭരണഘടനാ ബെഞ്ച് മുൻപാകെ വാദം പൂർത്തിയായി, കേസ് വിധി പറയാൻ മാറ്റി.

സമൂഹത്തിനു ദോഷകരമായ രീതിയാണു ശബരിമലയിലേതെങ്കിൽ‍ നിയമത്തിലൂടെ പരിഹരിക്കാനാണു സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടതെന്നും പകരം, ഹർജിക്കാരെ പിന്തുണച്ചു തടിതപ്പുകയെന്ന അമ്പരപ്പിക്കുന്ന മാർഗമാണു സർക്കാർ സ്വീകരിച്ചതെന്നും അമിക്കസ് ക്യൂറി കെ.രാമമൂർത്തി വാദിച്ചു. നിശ്ചിത പ്രായഗണത്തിലുള്ള സ്ത്രീകളെ ശബരിമലയിൽ വിലക്കുന്ന സമ്പ്രദായത്തിന്റെ ഭരണഘടനാ സാധുതയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുന്നത്. വാദം എട്ടുദിവസം നീണ്ടു.

ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷന്റെ ഹർജിയെ എതിർക്കുന്നവരുടെ പക്ഷത്തു കെ.രാമമൂർത്തിക്കായിരുന്നു അവസാന അവസരം. തുടർന്നു സംസ്ഥാന സർക്കാരിനും ഹർജിക്കാർക്കും മറുപടി വാദങ്ങൾ‍ അവതരിപ്പിക്കാൻ അവസരം നൽകി. ഹർജിയെ എതിർത്തു വാദങ്ങൾ ഉന്നയിക്കാൻ നേരിട്ടു ഹാജരായ രണ്ടുപേരെ ഒരു മിനിറ്റ് വീതം സംസാരിക്കാൻ കോടതി അനുവദിച്ചു. അതിനുശേഷവും വാദം തുടർന്ന ഇരുവരെയും കോടതിയിൽനിന്നു പുറത്താക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

കെ.രാമമൂർ‍ത്തിയുടെ വാദങ്ങൾ‍:

∙ ശബരിമല ക്ഷേത്രത്തിൽ വിശ്വാസികൾ പാലിക്കുന്ന സമ്പ്രദായം കാലാകാലങ്ങളായുള്ളതാണ്. അതിനു ഭരണഘടനയുടെ 25 (1) വകുപ്പിന്റെ സംരക്ഷണമുണ്ട്. 25–ാം വകുപ്പിന്റെ സംരക്ഷണമുള്ളപ്പോൾ 14, 15 വകുപ്പുകളുടെ ലംഘനം ആരോപിക്കാനാവില്ല.
∙ പ്രതിഷ്ഠയുടെ സ്വഭാവമനുസരിച്ചുള്ളതാണു സമ്പ്രദായം. ദൈവികമായതു കോടതിയുടെ പരിശോധനയ്ക്ക് അതീതമാണ്.
∙ 1950ലെ തിരുവിതാംകൂർ–കൊച്ചി മതസ്ഥാപന നിയമപ്രകാരം ക്ഷേത്രത്തെ സർക്കാർ ഏറ്റെടുത്തു ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാക്കിയതാണ്. അതു ക്ഷേത്രനടത്തിപ്പ് ഉദ്ദേശിച്ചുള്ള നടപടിയാണ്. ആചാരങ്ങൾ പാലിക്കാൻ ബോർഡിനും സർക്കാരിനും ഉത്തരവാദിത്തമുണ്ട്.
∙ കേരളം രാഷ്ട്രപതി ഭരണത്തിലായിരുന്നപ്പോഴാണു കേരള ഹൈന്ദവ പൊതു ആരാധനാസ്ഥല നിയമം (1965) പാസാക്കിയത്. ആചാരം നിർത്തലാക്കാൻ ഭരണഘടനയുടെ 363–ാം വകുപ്പുപ്രകാരം സംസ്ഥാന സർക്കാരിനു നടപടിയെടുക്കാമായിരുന്നു. നിയമം ശബരിമലയ്ക്കു പ്രത്യേകമായുള്ളതല്ല. അതു ശബരിമലയിൽ കാലാകാലങ്ങളായുള്ള രീതിയെ ഏതെങ്കിലും വിധത്തിൽ ബാധിക്കുന്നതല്ല.

സർക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്ത:

∙ ശബരിമല തീർഥാടകർ പ്രത്യേക സമുദായമല്ല. ക്ഷേത്രത്തെ സമുദായമായി കണക്കാക്കാനാവില്ല. സമുദായത്തിന്റേതെന്ന പേരിലുള്ള സംരക്ഷണം അവകാശപ്പെടാനാവില്ല.
∙ പ്രതിഷ്ഠയുടെ ബ്രഹ്മചര്യസ്വഭാവം സ്ത്രീകളെ വിലക്കാൻ മതിയായ കാരണല്ല. ആദിശങ്കരനും സ്ത്രീകളായ ഭക്തരുണ്ടായിരുന്നു. ഹിന്ദുമത വിശ്വാസത്തിൽ രൂപത്തിനു പ്രാധാന്യമുണ്ട്. രൂപത്തെ ദർശിക്കാതെ ആരാധന സാധ്യമല്ല. ദർശനാനുമതിയാണു ശബരിമലയിൽ വിലക്കിയിരിക്കുന്നത്.
∙ ഭരണഘടന പുരോഗമന സ്വഭാവമുള്ളതാണ്. കാലാതീതമെന്നു പറഞ്ഞു പഴയ ആചാരങ്ങളിലേക്കു പോകുന്നത് ഭരണഘടനയുടെ സ്വഭാവത്തിനു വിരുദ്ധമാണ്.

ഇന്ദിര ജയ്സിങ് (ഹാപ്പി ടു ബ്ലീഡ് എന്ന സംഘടനയ്ക്കു വേണ്ടി):

∙ പുരുഷൻമാർക്കുള്ള അവകാശം സ്ത്രീകൾക്കും നൽകണമെന്നു മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. 10–50 പ്രായത്തിലുള്ള പുരുഷൻമാർക്കു വിലക്കില്ല, സ്ത്രീകളെ മാത്രമേ വിലക്കുന്നുള്ളൂ. അശുദ്ധിയാണ് ആരോപിക്കപ്പെടുന്നത്. ഫലത്തിലതു തൊട്ടുകൂടായ്മയാണ്.
∙ ഇടമുറിയാതെ തുടരുന്നവയെ മാത്രമേ ആചാരമായി അംഗീകരിക്കാനാവൂ. ശബരിമലയിലെ സമ്പ്രദായം ഇടമുറിയാതെയുള്ളതല്ല. ആചാരം അനുപേക്ഷണീയമോയെന്നു തീരുമാനിക്കേണ്ടതു കോടതിയാണ്.

‘പോകണോ വേണ്ടയോ എന്നു സ്ത്രീകൾ തീരുമാനിക്കട്ടെ’

ചലച്ചിത്രതാരം ജയമാല ശബരിമലയിൽ ചെന്നതിനെ തുടർന്നു ശുദ്ധികലശം നടന്ന പശ്ചാത്തലത്തിലാണു തങ്ങൾ സുപ്രീം കോടതിയിൽ ഹർജി നൽകിയതെന്ന് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷന്റെ നേതാക്കളായിരുന്ന പ്രേരണ കുമാരിയും ഭക്തി പസ്രീജ സേഥിയും പറഞ്ഞു. ‘ശബരിമലയിൽ പ്രവേശിക്കാൻ താൽപര്യമില്ലെന്നാണു സ്ത്രീകളുടെ നിലപാടെങ്കിൽ ഞങ്ങളുടെ പിന്തുണ അവർക്കുമുണ്ട്. പോകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും സ്ത്രീകൾക്കുണ്ടാവണം. എല്ലാ വശങ്ങളും കോടതി പരിഗണിച്ചിട്ടുണ്ട്. ഇനി കോടതിയുടെ തീരുമാനം അംഗീകരിക്കണം’– ഇരുവരും വ്യക്തമാക്കി.