Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘‘ടെൻഷന്റെ അണക്കെട്ടായിരുന്നു മനസ്സിൽ’’

gopalakrishnan-dam കെ.ആർ. ഗോപാലകൃഷ്‌ണൻ

1992 ഒക്‌ടോബറിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയതിനെക്കുറിച്ച് അന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറായിരുന്ന കെ.ആർ. ഗോപാലകൃഷ്‌ണൻ

‘‘ടെൻഷന്റെ അണക്കെട്ടായിരുന്നു മനസ്സിൽ.   ചെറുതോണിപ്പുഴയിലൂടെ വെള്ളം കുതിച്ചൊഴുകിയാൽ പാലം തകരുമോയെന്ന ഭീതി ...’’

1992ലെ കനത്ത മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.7 അടിയിലെത്തി.  

ഇന്നത്തെപ്പോലെ അപ്പപ്പോഴുള്ള സ്‌ഥിതിഗതികൾ അറിയിക്കാൻ മൊബൈലൊന്നും അന്ന് ഇല്ലായിരുന്നു.  എസ്‌ടിഡി സൗകര്യമുള്ള ഫോൺ വിളിക്കണമെങ്കിൽ വാഴത്തോപ്പിലെ ഇൻസ്‌പെക്‌ഷൻ ബംഗ്ലാവിലെത്തണം. അല്ലെങ്കിൽ ഉന്നത ഉദ്യോഗസ്‌ഥരെ, അവർ താമസിക്കുന്ന സ്‌ഥലത്തെത്തി കണ്ട് വിവരം പറയണം.   

ഷട്ടറുകൾ ഉയർത്താൻ നിർദേശം കിട്ടി. ഷട്ടർ ഗേറ്റുകൾ ഉയർത്തേണ്ട ചുമതല എനിക്കായിരുന്നു. ജലനിരപ്പ് 2400.7 അടിയിലെത്തുന്നതിനു മുൻപേ ഷട്ടറുകൾ ഉയർത്തുന്നതിന്റെ ഒരുക്കം നടത്തി. 1992 ഒക്‌ടോബർ 12 നു രാവിലെ 9.15 നു ചെറുതോണി അണക്കെട്ടിലെ മധ്യഭാഗത്തുള്ള ഷട്ടർ ഉയർത്തി. ആദ്യം ഒരടി ഉയർത്തി. തൊട്ടു പിന്നാലെ, ഒഴുക്കിന്റെ നില അറിയാൻ ചെറുതോണി പാലത്തിനു സമീപം എത്തി നോക്കി, അപകടമില്ലെന്ന് ഉറപ്പാക്കി. 

പിന്നീട് രണ്ടടി വരെ ഉയർത്തി. അന്നു രാത്രിയിൽ രണ്ട്, നാല് എന്നീ ഷട്ടറുകൾ കൂടി 60 സെന്റിമീറ്റർ വീതം ഉയർത്തി. രാത്രി പത്തര മുതൽ പുലർച്ചെ അഞ്ചുവരെ ഷട്ടറുകളിലൂടെ ജലമൊഴുക്കി. അഞ്ചിനു രണ്ടു ഷട്ടറുകൾ താഴ്‌ത്തി, അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിച്ചു. അന്നനുഭവിച്ച ടെൻഷൻ ഒരിക്കലും മറക്കാനാകില്ല. ഏറ്റെടുത്ത ദൗത്യം അതീവജാഗ്രതയോടെ പൂർത്തിയാക്കിയതിൽ സന്തോഷമുണ്ട്.  

അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്.  ചെറുതോണി മേഖലയിൽ ഇപ്പോൾ ജനസംഖ്യ കൂടി. ഇപ്പോഴത്തെ ഒരുക്കങ്ങൾ മികച്ചതാണ്.’’  ഡാം സുരക്ഷാ ഡപ്യൂട്ടി ഡയറക്‌ടറായി 2006ൽ വിരമിച്ച ഗോപാലകൃഷ്‌ണൻ കോട്ടയം വയലാ സ്വദേശിയാണ്.  തിരുവനന്തപുരത്താണ്  താമസം.