Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹനാനെ അപമാനിച്ച കേസ്: 24 പേരെ െസെബർ സെൽ കണ്ടെത്തി

hanan-live

കൊച്ചി ∙ ഉപജീവനത്തിനായി  മീൻ വിറ്റ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച 24 പേരുടെ വിവരങ്ങൾ സൈബർ സെൽ കണ്ടെത്തി. ഇവരിൽ പത്തുപേർ വളരെ മോശം ഭാഷയിൽ വിദ്യാർഥിനിയെ അപമാനിച്ചു പോസ്റ്റുകളിട്ടവരാണ്. മറ്റു 14 പേർ കൂടുതൽ പേരിലേക്ക് ഇത്തരം പോസ്റ്റുകൾ എത്തിച്ചവരും. 

കേസിൽ അറസ്റ്റിലായ ഗുരുവായൂർ സ്വദേശി വിശ്വനാഥൻ, കൊല്ലം സ്വദേശി സിയാദ് എന്നിവർക്കു പുറമെ നാലു പേരെക്കൂടി ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. 

ഇവരെ പിന്നീടു വിട്ടയച്ചു. സ്ഥിരമായി ഇത്തരം വ്യാജപ്രചാരണങ്ങളിൽ പങ്കാളികളായ നാലു വിദേശ മലയാളികളുടെ വിവരങ്ങളും സൈബർ സെല്ലിനു ലഭിച്ചു. ഹനാനെ അപമാനിച്ച കൂട്ടത്തിലും ഇവരുണ്ടായിരുന്നു. 

സമൂഹമാധ്യമരംഗത്തു കുറ്റവാസന പ്രകടമാക്കുന്ന സൈബർ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്കൽ പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ തിരുവനന്തപുരത്തെ സൈബർ ഡോമിന്റെ സഹായവും ലോക്കൽ പൊലീസിനു ലഭ്യമാക്കും. 

സംസ്ഥാനത്തെ സബ് ഇൻസ്പെക്ടർ, സിവിൽ പൊലീസ് തസ്തികകളിൽ ജോലി ചെയ്യുന്ന ഇലക്ട്രോണിക്സ് ബിടെക്, എംടെക് ബിരുദധാരികളുടെ പ്രത്യേക പട്ടിക സംസ്ഥാന പൊലീസ് ആസ്ഥാനത്തു തയാറാക്കുന്നുണ്ട്. സൈബർ കുറ്റാന്വേഷണത്തിൽ ഇവർക്കു പ്രത്യേക പരിശീലനം നൽകി ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ നിയോഗിക്കും.

കേരളത്തിൽ താമസിക്കുന്നവരെ വേട്ടയാടുന്ന വിദേശ മലയാളികളായ സൈബർ ക്രിമിനലുകളെ പ്രോസിക്യൂഷൻ നടപടികൾക്കു വേണ്ടി നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ കേരളത്തിലെ നോഡൽ ഏജൻസിയായ ക്രൈംബ്രാഞ്ചിന്റെ സേവനവും തേടും. കേരളത്തിൽ ഇപ്പോൾ സ്വകാര്യ സൈബർ കുറ്റാന്വേഷകരുടെ സേവനമാണ് ഇരയാകുന്നവർ തെളിവു ശേഖരണത്തിനായി തേടുന്നത്. തെളിവു ശേഖരണം ലോക്കൽ പൊലീസിനുതന്നെ സാധ്യമാവുന്ന തരത്തിൽ സേനയെ സാങ്കേതികമായി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഹനാന് കിയോസ്ക് അനുവദിക്കും

തൊടുപുഴ ∙ ഉപജീവനത്തിനായി മീൻ വിറ്റതിനെ തുടർന്നു സമൂഹമാധ്യമങ്ങളിൽ ആക്രമണത്തിനിരയായ ഹനാനെ പി.ജെ.ജോസഫ് എംഎൽഎയും കൊച്ചി മേയർ സൗമിനി ജെയിനും തൊടുപുഴ അൽ അസ്ഹർ കോളജിൽ സന്ദർശിച്ചു. 

കൊച്ചി കോർപറേഷൻ വക, തമ്മനത്തു മീൻ വിൽപന നടത്തുന്ന സ്റ്റാൾ (കിയോസ്ക്) അനുവദിച്ചുനൽകുമെന്നു മേയർ വ്യക്തമാക്കി. 

ചെറിയ കച്ചവടം വിപുലീകരിക്കുന്നതിനു വേണ്ട സൗകര്യം കോർപറേഷന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നു ഹനാൻ മേയറോട് ആവശ്യപ്പെട്ടു. തനിക്കെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനും തന്റെ പേരിൽ വ്യാജ ഫെയ്സ്ബുക് പ്രൊഫൈലുകൾ ഉണ്ടാകാതിരിക്കാനും വേണ്ട നടപടികൾ വേണമെന്നു ഹനാൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കാര്യങ്ങൾ കോളജ് അധികൃതർ ഏറ്റെടുത്തിട്ടുണ്ട്.