Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികൾക്കു വിമാന നിരക്കിൽ ഇളവുമായി നോർക്ക

തിരുവനന്തപുരം∙ പ്രവാസി മലയാളികൾക്കു വിമാന നിരക്കിൽ ഇളവുമായി നോർക്ക. ഒമാൻ എയർ ആണ് പദ്ധതിയിലെ ആദ്യ പങ്കാളി. നോർക്ക തിരിച്ചറിയൽ കാർഡ് ഉടമകൾക്കും കുടുംബാംഗങ്ങൾക്കും ഇന്ത്യയിൽനിന്നും തിരിച്ച് ഇന്ത്യയിലേക്കുമുള്ള വിമാന നിരക്കിൽ ഏഴു ശതമാനം ആണ് ഇളവു ലഭിക്കുക. പദ്ധതിയുടെ ധാരണാപത്രം ഒമാൻ എയർ അധികൃതർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നായി ഗൾഫ് രാജ്യങ്ങളിലേക്ക് ഒമാൻ എയറിന്റെ ആറു പ്രതിദിന സർവീസുകളിലെ ഇക്കോണമി, പ്രീമിയം ക്ലാസുകളിൽ ഇളവു ലഭിക്കും. ഉൽസവ സീസണുകളിലും ഇളവു ലഭിക്കുമെന്ന് ഒമാൻ എയർ ഇന്ത്യൻ വൈസ് പ്രസിഡന്റ് വി.എ.സുനിൽ പറഞ്ഞു. നിലവിൽ നോർക്ക കാർഡ് ഉള്ള നാലു ലക്ഷം മലയാളികളുണ്ടെന്നും കേരളത്തിനു പുറത്തു ജോലി ചെയ്യുന്നവർക്കു നോർക്കയിൽ റജിസ്റ്റർ ചെയ്താൽ കാർഡ് ലഭിക്കുമെന്നും നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ, സിഇഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ പറഞ്ഞു.