Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐ വഴങ്ങി; ജയരാജന് വഴിയൊരുങ്ങി

cpi-cpm-logo

തിരുവനന്തപുരം∙ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് എന്ന നിർദേശത്തിന് ഒടുവിൽ സിപിഐ വഴങ്ങിയതോടെയാണ് ഇ.പി.ജയരാജനു മന്ത്രിസഭാ പുനഃപ്രവേശനമായത്. സിപിഐയുടെ നോമിനിയെ 20നു സംസ്ഥാന നിർവാഹകസമിതി യോഗം തീരുമാനിക്കും. 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ചൊവ്വാഴ്ച നടത്തിയ ചർച്ചയാണു വഴിതുറന്നത്. 

സിപിഎമ്മിന്റെയും സിപിഐയുടെയും പാർട്ടി കോൺഗ്രസുകൾ ഏപ്രിലിൽ കഴിഞ്ഞതോടെ ജയരാജന്റെ പുനഃപ്രവേശന സാധ്യത സിപിഎം ആലോചിച്ചുതുടങ്ങിയെങ്കിലും സിപിഐ ഉടക്കി. നിലവിലെ സിപിഎം മന്ത്രിമാരിൽ ആരെയെങ്കിലും ഒഴിവാക്കി മറ്റൊരാളെ എടുക്കണമെന്ന നിർദേശമായിരുന്നു അവരുടേത്. മറിച്ചു തീരുമാനിച്ചാൽ തങ്ങൾക്കും ഒരു മന്ത്രിസ്ഥാനം വേണമെന്നും ശഠിച്ചു. സിപിഐയുടെ എതിർപ്പു തള്ളി ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള ആലോചന സിപിഎമ്മിലുണ്ടായെങ്കിലും അതു മുന്നണിയിലെ അന്തരീക്ഷം വഷളാക്കുമെന്നു കരുതി ഉപേക്ഷിച്ചു. കോടിയേരിയും കാനവും തമ്മിൽ നിരന്തരമായി നടന്ന കൂടിയാലോചനകൾക്കൊടുവിലാണു ചീഫ് വിപ്പ് പദവിയെന്ന ധാരണയിലെത്തിയത്. 

നിലവിൽ എൽഡിഎഫ് നിയമസഭാകക്ഷി സെക്രട്ടറിയായ മുല്ലക്കര രത്നാകരൻ, ഇ.എസ്.ബിജിമോൾ, ചിറ്റയം ഗോപകുമാർ എന്നിവർ സിപിഐയുടെ പരിഗണനയിലുണ്ട്. ജനങ്ങൾക്കു കാര്യമായ പ്രയോജനമില്ലാത്ത പദവി സർക്കാർ ഖജനാവിനു കൂടുതൽ നഷ്ടം വരുത്തിക്കൊണ്ടു പാർട്ടി പിടിച്ചുവാങ്ങുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുന്ന ഒരു വിഭാഗവും സിപിഐയിലുണ്ട്.