Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതിനു കുരുക്കായി ചീഫ് വിപ്പ് പദവി; മാണി ആവശ്യപ്പെട്ടതു തന്നെ വാങ്ങി സിപിഐ

Kanam Rajendran

തിരുവനന്തപുരം∙ ചീഫ് വിപ്പ് പദവി അനാവശ്യമെന്ന സൂചനയോടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുൻപ് നടത്തിയ പ്രതികരണം പുറത്തുവരികയും പുതിയ പദവിനീക്കം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തതോടെ എൽഡിഎഫിനു പുലിവാലായി. യുഡിഎഫിന്റെ കാലത്ത് പി.സി.ജോർജിനു കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നൽകിയതിനെതിരെ അന്ന് ഇടതുമുന്നണി രംഗത്തു വന്നിരുന്നു.

സിപിഎം സ്വതന്ത്രനായി ലോക്സഭാംഗമായ സെബാസ്റ്റ്യൻ പോളാകട്ടെ ജോർജിന് ഇരട്ടപ്പദവിയാണ് എന്നതിനാൽ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടു ഗവർണർക്കു പരാതി നൽകി. ഇതു നിയമയുദ്ധത്തിനു വഴിമാറുകയും ഒടുവിൽ ജോർജിനു നിയമപരിരക്ഷ ഉറപ്പാക്കാൻ യുഡിഎഫ് സർക്കാർ പ്രത്യേക ഓർഡിനൻസ് കൊണ്ടുവരികയും ചെയ്തു. ഈ പശ്ചാത്തലത്തിൽ കൂടിയാണു പിണറായി സർക്കാർ രൂപീകരണവേളയിൽ ഈ സർക്കാരിൽ ചീഫ് വിപ്പ് ഉണ്ടായിരിക്കില്ലെന്നു കാനം വ്യക്തമാക്കിയത്.

‘‘ഓരോ പാർട്ടിക്കും വിപ്പുള്ളതിനാൽ പ്രത്യേകം ചീഫ് വിപ്പ് വേണ്ടെന്ന് ഇടതുമുന്നണി നേതൃയോഗം തീരുമാനിച്ചു. ദുർച്ചെലവു കുറയ്ക്കാനും ഇതു സഹായിക്കും’’– 2016 മേയ് 24ന്, സത്യപ്രതിജ്ഞാ ദിനത്തിന്റെ തലേന്നു കാനം പ്രതികരിച്ചു. ഇപ്പോൾ ഇ.പി.ജയരാജനെ മന്ത്രിയാക്കിയപ്പോൾ അന്നു വേണ്ടെന്നുവച്ച കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവി ഏറ്റെടുക്കുന്നതു സിപിഐ തന്നെ.

ജയരാജനു വേണ്ടി മന്ത്രിമാരുടെ എണ്ണം ഏകപക്ഷീയമായി കൂട്ടുന്നതിനെ സിപിഐ എതിർത്തിരുന്നു. ഒരു സിപിഎം മന്ത്രിയെ മാറ്റി പകരം ജയരാജനെ ഉൾപ്പെടുത്താം എന്നായിരുന്നു അവരുടെ നിർദേശം. അധികമായി ഒരാളെ സിപിഎം എടുക്കുന്നുവെങ്കിൽ 19 എംഎൽഎമാരുള്ള തങ്ങൾക്കും അവകാശവാദമുണ്ടെന്നും വ്യക്തമാക്കി. തർക്കം തീർക്കാൻ ഇരുകൂട്ടരും എത്തിച്ചേർന്നതു ചീഫ് വിപ്പ് പദവിയുടെ പുനഃസൃഷ്ടിയിലും.

പ്രഥമ കേരളനിയമസഭ മുതൽ ചീഫ് വിപ്പുമാർ ഉണ്ടായിരുന്നെങ്കിലും 1982ൽ ഡോ. കെ.സി.ജോസഫിനാണ് ആദ്യമായി കാബിനറ്റ് റാങ്ക് അനുവദിച്ചത്. 2001ലെ ആന്റണി സർക്കാർ ചീഫ് വിപ്പിനെ പാർലമെന്ററികാര്യ മന്ത്രിയാക്കി. വിഎസ് സർക്കാരും അതു തുടർന്നുവെങ്കിലും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കേരള കോൺഗ്രസ് (എം) അധിക മന്ത്രിസ്ഥാനത്തിനായി വാശി പിടിച്ചതിനൊടുവിലാണു ജോർജിന് ആ പദവി കൊടുക്കുന്നത്.

ഇപ്പോൾ കടുത്ത രാഷ്ട്രീയവൈരിയായ മാണിയുടെ സമാനമായ ആവശ്യം തങ്ങളും ഉന്നയിച്ചുവെന്ന ആക്ഷേപം സിപിഐ നേരിടുന്നു. ജോർജ് യുഡിഎഫിനോട് ഇടഞ്ഞപ്പോൾ ചീഫ് വിപ്പ് പദവി നിരന്തരം വിവാദങ്ങളിൽപെട്ടിരുന്നു. ഒടുവിൽ, ജോർജ് കേരള കോൺഗ്രസിനും മുന്നണിക്കും പുറത്തായപ്പോൾ തോമസ് ഉണ്ണിയാടൻ പകരം ചീഫ് വിപ്പായി.

എന്താണ് ചീഫ് വിപ്പ്?

നിയമസഭയിൽ ഭരണപക്ഷത്തിനു ഭൂരിപക്ഷം ഉണ്ടെന്ന് എല്ലാ ഘട്ടത്തിലും ഉറപ്പാക്കേണ്ട ജോലിയാണു ചീഫ് വിപ്പിനുള്ളത്. വോട്ടെടുപ്പു വേളയിൽ വിപ്പ് കൊടുക്കുന്നതും ചീഫ് വിപ്പാണ്. മന്ത്രിമാർക്കും സ്‌പീക്കർ, ഡപ്യൂട്ടി സ്‌പീക്കർ എന്നിവർക്കും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ചീഫ് വിപ്പിനു ലഭിക്കും. ശമ്പളം, കാർ, വസതി തുടങ്ങിയവ ഇതിൽപെടും. പഴ്സനൽ സ്റ്റാഫും അതുപോലെ. കഴിഞ്ഞ തവണ, ആദ്യം 25 പേരെ പഴ്സനൽ സ്റ്റാഫിലെടുത്ത ജോർജ് വിമർശനമുയർന്നപ്പോൾ കുറേപ്പേരെ ഒഴിവാക്കിയെന്ന് അവകാശപ്പെട്ടുവെങ്കിലും തിരിച്ചെടുത്തു.  

related stories