Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനിക്കെതിരെ വൈറലായി പിആർഡിയുടെ ട്രോളുകൾ

troll

കോഴിക്കോട്∙ എലിപ്പനിക്ക് ട്രോളിങ് നിരോധനം! എലിപ്പനി തടയാൻ വ്യാപക ബോധവൽക്കരണത്തിന് പബ്ലിക് റിലേഷൻസ് വകുപ്പ് ട്രോളുകളെ കൂട്ടുപിടിച്ചത് വൻ ഹിറ്റായി മാറിക്കഴിഞ്ഞു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ കഴിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ട്രോളുകൾ ഇറങ്ങിയത്. പനി പ്രതിരോധിക്കാൻ‍ ഫലപ്രദമായ വിവരങ്ങൾ എങ്ങനെ ജനങ്ങളിലേക്കെത്തിക്കും എന്നതായിരുന്നു വകുപ്പിനു മുന്നിലെ പ്രധാന വെല്ലുവിളി.

സന്ദേശം ലളിതമായി എല്ലാവർക്കും മനസ്സി‍ലാവുന്ന രീതിയിൽ അവതരിപ്പിക്കണം. ആളുകളുടെ മനസ്സിൽ തങ്ങിനിൽക്കണം എന്നതായിരുന്നു വെല്ലുവിളി. തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസർ എ.അരുൺകുമാറിന്റെ തലയിലാണ് ട്രോളുകൾ പരീക്ഷിക്കാമെന്ന ആശയം ഉടലെടുത്തത്. അരുണിനൊപ്പം അസി. ഇൻഫർമേഷൻ ഓഫിസർ എ.സി.ജിപ്സൺ, അസിസ്റ്റന്റ് എഡിറ്റർമാരായ ജി.ബിൻസിലാൽ, മോത്തി രാജേഷ് എന്നിവരടങ്ങുന്ന പിആർ‍ഡി ടീം ചേർന്നപ്പോൾ നല്ല കിടിലൻ ട്രോളുകൾ പിറന്നുവീണു.

troll-team-iprd ട്രോളുകൾക്കു പിന്നിൽ പ്രവർത്തിച്ച അസിസ്റ്റന്റ് എഡിറ്റർ മോത്തി രാജേഷ്, തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസർ എ.അരുൺകുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ എ.സി.ജിപ്സൺ, അസിസ്റ്റന്റ് എഡിറ്റർ ജി.ബിൻസിലാൽ എന്നിവർ.

ഇപ്പോൾ വാട്സാപ്പിലും ഫെയ്സ്ബുക്കിലും ചീറിപ്പാഞ്ഞു നടക്കുകയാണ് ട്രോളുകൾ. ആരോഗ്യവകുപ്പിന്റെ കൺട്രോൾറൂം നമ്പർ അവതരിപ്പിക്കാൻ ‘രാജാവിന്റെ മകൻ’ എന്ന സിനിമയിലെ മോഹൻലാലിന്റെ രംഗവും, ‘ബ ബ്ബ ബ്ബയല്ല.., ഡോക്സി സൈക്ലിൻ’ എന്ന് സ്ഫടികത്തിലെ തിലകന്റെ ഡയലോഗുമൊക്കെയാണ് ട്രോളുകളായത്.