Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുല്യമായി സബ്സിഡി: റബർ ബോർഡിന്റെ ശുപാർശ കേന്ദ്ര വാണിജ്യ മന്ത്രാലയം തള്ളി

rubber-latex

കോട്ടയം ∙ കേരളത്തിലെ പരമ്പരാഗത റബർ കർഷകർക്കും മറ്റു സംസ്ഥാനങ്ങളിലെ പുതിയ കർഷകർക്കും തുല്യമായി സബ്സിഡി നൽകണമെന്ന റബർ ബോർഡിന്റെ ശുപാർശ കേന്ദ്ര വാണിജ്യമന്ത്രാലയം അംഗീകരിച്ചില്ല. ആവർത്തന കൃഷി ചെയ്യുന്ന പരമ്പരാഗത കർഷകരെ തഴഞ്ഞ് പുതിയ കർഷകർക്ക് കൂടുതൽ സഹായം നൽകാനാണ് വാണിജ്യമന്ത്രാലയത്തിന്റെ തീരുമാനം.

മുൻ വർഷങ്ങളിൽ ആവർത്തന കർഷകർക്കും പുതിയ കർഷകർക്കും തുല്യമായി സബ്സിഡി നൽകുന്നതായിരുന്നു റബർ ബോർഡിന്റെ രീതി. ഇത്തവണ സബ്സിഡി നൽകുന്ന തുകയുടെ 75 ശതമാനം പുതിയ കർഷകർക്കും 25 ശതമാനം ആവർത്തന കർഷകർക്കും എന്നാക്കി മാറ്റി. കേരളത്തിലെ 5000 ഹെക്ടർ തോട്ടങ്ങൾക്ക് സഹായം ആവശ്യപ്പെട്ടെങ്കിലും 3000 ഹെക്ടറിനു സഹായം നൽകാനേ ഇപ്പോൾ വാണിജ്യമന്ത്രാലയം അനുവദിച്ച 18 കോടി രൂപ തികയുകയുള്ളു.

റബർ കൃഷി പുതുതായി ആരംഭിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം ഏതാനും നാളുകളായി കേന്ദ്ര വാണിജ്യമന്ത്രാലയം തുടരുകയാണ്. ആ നയത്തിന്റെ തുടർ നടപടിയാണ് സബ്സിഡി ചട്ടങ്ങളിലെ മാറ്റം.