Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല സ്ത്രീപ്രവേശം: പ്രതികരണങ്ങൾ

പ്രതികരിക്കാനില്ല: എൻഎസ്എസ്
ശബരിമലയിൽ സ്ത്രീപ്രവേശനം ആകാമെന്ന സുപ്രീം കോടതി വിധി സംബന്ധിച്ചു പ്രതികരിക്കാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഇനി എന്തുവേണമെന്നു തീരുമാനിക്കേണ്ടതു വിശ്വാസികളാണെന്നും അദ്ദേഹം പറഞ്ഞു.

വിധി നിരാശാജനകം: എസ്എൻഡിപി
വിധി നിരാശാജനകമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രായോഗിക തലത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിലും സുപ്രീംകോടതി വിധിയായതിനാൽ അംഗീകരിച്ചേ മതിയാവൂ. വിശ്വാസികളായ യുവതികൾ വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പോവില്ല. യുവതികൾ പോകില്ലെന്നു തീരുമാനിച്ചാൽ വിധി അപ്രസക്തമാകും.

വിശ്വാസം കണക്കിലെടുത്തില്ല: പന്തളം കൊട്ടാരം
വിധി നിരാശാജനകവും ഭക്തർക്കു വേദനാജനകവുമാണെന്നു പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ, സെക്രട്ടറി പി.എൻ.നാരായണ വർമ എന്നിവർ പറഞ്ഞു. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും അവഗണിച്ച്, അവിശ്വാസികളായ ഏതാനും പേരുടെ അപേക്ഷയിൽ വിധി പ്രസ്താവിച്ചതിൽ ഖേദമുണ്ട്.

ആചാരങ്ങൾ തുടരണം: പന്തളം വലിയതമ്പുരാട്ടി
ശബരിമലയിലെ ആചാരങ്ങൾ പഴയപടി തുടരുന്നതാണ് അഭികാമ്യമെന്നു പന്തളം വലിയകോയിക്കൽ കൊട്ടാരം വലിയ തമ്പുരാട്ടി മകംനാൾ തന്വംഗി തമ്പുരാട്ടി (99). പഴയ ആചാരാനുഷ്ഠനങ്ങളോടെ തന്നെ വേണം അയ്യപ്പനെ കാണാൻ പോകുന്നത്. അയ്യപ്പനെ കാണാൻ സ്ത്രീകൾക്കു ശബരിമലയ്ക്കു പോകേണ്ടതില്ല. അതിനാണു വലിയകോയിക്കൽ ക്ഷേത്രം. അവിടെ അയ്യപ്പന്റെ നിറസാന്നിധ്യമുണ്ട്.

ദർശനത്തിന്റെ പ്രാധാന്യം നഷ്ടപ്പെടും: അക്കീരമൺ
വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷൻ ദേശീയ ഉപാധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്. അടിസ്ഥാന സങ്കൽപം മാറിയാൽ ദർശനത്തിന്റെ പ്രാധാന്യം നഷ്ടപ്പെടും. ആചാരങ്ങളുടെ മൂല്യവും ഇല്ലാതാകും.

മുന്നൊരുക്കത്തോടെ വിധി നടപ്പാക്കും: കോടിയേരി
സുപ്രീം കോടതി വിധി എല്ലാ മേഖലയിലും സ്ത്രീവിവേചനം അവസാനിപ്പിക്കുന്നതിനു സഹായകമാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേവസ്വം ബോർഡ് മുന്നൊരുക്കങ്ങളോടെ വിധി നടപ്പാക്കും.

വിധി അംഗീകരിക്കാൻ ബാധ്യസ്ഥർ: ചെന്നിത്തല
സുപ്രീ കോടതി വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാരങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീപ്രവേശനം വേണ്ട എന്ന നിലപാടായിരുന്നു യുഡിഎഫ് സർക്കാരിന്റേത്. ഇടതു സർക്കാരിനു കീഴിലുള്ള ദേവസ്വം ബോർഡിന്റെ നിലപാടും ഇതുതന്നെയാണ്. എന്നാൽ സർക്കാരിന്റെ നിലപാടാകട്ടെ അതിനു നേരെവിരുദ്ധവും. പൊതുജനത്തെ കബളിപ്പിക്കുന്നതിനുള്ള ഭരണമുന്നണിയുടെ ഈ ഇരട്ട നിലപാട് കേസിൽ പ്രശ്‌നമായിരുന്നു.

ആചാരങ്ങൾ മാനിക്കണം: ഉമ്മൻ ചാണ്ടി
വിധിക്കു കീഴിൽനിന്നു കൊണ്ടു തന്നെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കാനാകുന്ന വിധത്തിലുള്ള സമന്വയം ഉണ്ടാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. കോടതി വിധിയുടെ അന്തഃസത്ത ഉൾക്കൊണ്ട് ആചാരങ്ങൾ പാലിക്കാനാകും. എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സുപ്രീം കോടതിക്കുണ്ട്. എന്നാൽ സമന്വയത്തിന്റെ മാർഗം സർക്കാരിനു സ്വീകരിക്കാനാകും.

പുനഃപരിശോധനാഹർജി നൽകും: രാഹുൽ ഈശ്വർ
വിധി ഏകപക്ഷീയമാണെന്ന് ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ. തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് വിഷയത്തിൽ ഉണ്ടായ പ്രതിഷേധങ്ങൾക്കു സമാനമായ സംഭവങ്ങൾക്കു സാധ്യതയുണ്ട്. പുനഃപരിശോധനാ ഹർജി നൽകും.

ബ്രഹ്മചാരീ സങ്കൽപം പ്രധാനം: ക്ഷത്രിയ ക്ഷേമസഭ
വിധി വിശ്വാസികളെ നിരാശപ്പെടുത്തിയെന്നു ക്ഷത്രിയ ക്ഷേമസഭ. വിശ്വാസവും യുക്തിയും കൂടി സുപ്രീം കോടതി പരിഗണിക്കണമായിരുന്നു. ശബരിമലയിലെ ബ്രഹ്മചാരീ സങ്കൽപം പ്രധാനമാണ്.

വിധി മാനിക്കുന്നു: ആർഎസ്എസ്
വിധി ആർഎസ്എസ് മാനിക്കുന്നുവെന്നു പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി. ജാതി, ലിംഗ വ്യത്യാസമില്ലാതെ ഭക്തജനങ്ങൾക്കെല്ലാം ക്ഷേത്രങ്ങളിൽ തുല്യ അവകാശമാണുള്ളത്. ആചാര പരിഷ്‌കരണം സമൂഹത്തെ ഭിന്നിപ്പിക്കരുത്. വിവിധ അഭിപ്രായങ്ങളെ സമന്വയിപ്പിക്കുന്നതിനാവശ്യമായ സാവകാശവും ബോധവൽക്കരണവും ഉണ്ടാകണം.

ശബരിമല സംഘർഷഭൂമി ആക്കരുത്: ശ്രീധരൻപിള്ള
ശബരിമലയെ സംഘർഷഭൂമിയാക്കാൻ അനുവദിക്കില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. വിധിപ്പകർപ്പ് കിട്ടിയശേഷം പാർട്ടി നിലപാട് വ്യക്തമാക്കും. സമന്വയത്തിന്റെ പാതയാണു സ്വീകരിക്കേണ്ടത്. ദൈവവിശ്വാസമില്ലാത്ത ഇടതു സർക്കാർ അവസരം മുതലെടുക്കാൻ ശ്രമിക്കരുത്.

വിശ്വാസികൾക്ക് ‌‍ആശങ്ക: വിഎച്ച്പി
വിധി ക്ഷേത്രവിശ്വാസികൾക്ക് ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ഇതു സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും വിഎച്ച്പി. വിഷയത്തിൽ ഹൈന്ദവസമൂഹത്തിന്റെയും വിശ്വാസികളുടെയും അഭിപ്രായത്തെ മാനിക്കാതെ ഏകപക്ഷീയമായ നിലപാടാണു സംസ്ഥാന സർക്കാർ സ്വീകരിച്ചത്.

എതിർക്കുന്നത് തമ്പ്രാന്റെ മനസ്സുള്ളവർ: മന്ത്രി സുധാകരൻ
മുൻപ് താൻ ദേവസ്വം മന്ത്രിയായിരിക്കെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണു സുപ്രീം കോടതി വിധിയെന്ന് മന്ത്രി ജി.സുധാകരൻ. തിരുവിതാംകൂറിലെ ചില സ്ത്രീകൾ 50 വയസ്സിനു മുൻപുതന്നെ ശബരിമലയിൽ ദർശനം നടത്തിയിരുന്നതായി കോടതിയെ അറിയിച്ചിരുന്നു. ഭാഷാപണ്ഡിതനായ പ്രഫ. അമ്പലപ്പുഴ രാമവർമയാണു വിവരങ്ങൾ നൽകിയത്. എതിർക്കുന്നത് ഫ്യൂഡൽ തമ്പ്രാക്കന്മാരുടെ മനസ്സുള്ളവരാണ്.

മറ്റു പ്രതികരണങ്ങൾ:

∙വിശ്വകർമ മഹാസഭ :വിധി ഭാരതത്തിന്റെ പൈതൃക സംസ്കാരത്തെ തകർക്കുമെന്ന് അഖിലകേരള വിശ്വകർമ മഹാസഭ ഡയറക്ടർ ബോർഡ് യോഗം. ഭാരതീയ സമൂഹത്തിന്റെ തകർച്ചയ്ക്കു വഴിവയ്ക്കും.

∙ കേരള ബ്രാഹ്മണ സഭ: വിധിയെ ബഹുമാനിക്കുന്നുവെന്നും എന്നാൽ, വിധിയുടെ ഉള്ളടക്കം വേദനാജനകമാണെന്നും കേരള ബ്രാഹ്മണസഭ. വിധി എന്തായാലും ബ്രാഹ്മണ സ്ത്രീകൾ ശബരിമല ചവിട്ടില്ല.

∙ശബരിമല അയ്യപ്പ സേവാ സമാജം (എസ്എഎസ്എസ്) ദേശീയ ചെയർമാൻ ടി.ബി.ശേഖർ – ഉത്തരവ് ദുഃഖകരം. ഡൽഹിയിൽ ഇന്നും നാളെയും നടക്കുന്ന സംഘടനയുടെ ദേശീയ നിർവാഹക സമിതി യോഗം ഉത്തരവ് വിശദമായി ചർച്ച ചെയ്യും.

∙ രൺദീപ് സിങ് സുർജേവാല (കോൺഗ്രസ് വക്താവ്) – സ്ത്രീകളുടെ അവകാശത്തിനു പുതിയ മാനം നൽകുന്നതാണ് ഉത്തരവ്. മതപരമായ ആരാധനയിൽ ലിംഗ വിവേചനം പാടില്ല.

∙ കേന്ദ്ര മന്ത്രി മേനക ഗാന്ധി – ഹിന്ദുത്വത്തിനു കൂടുതൽ പേരെ ഉൾകൊള്ളാൻ കോടതി വിധി വഴിയൊരുക്കും. ഒരു ജാതിയുടെയോ ലിംഗത്തിന്റെയോ സ്വത്തല്ല ഹിന്ദുത്വം.

∙ രേഖാ ശർമ (ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ) – ഉത്തരവ് സ്വാഗതം ചെയ്യുന്നു. തുല്യതയ്ക്കും മതത്തിനുമുള്ള അവകാശം പരിഗണിക്കപ്പെടുമ്പോൾ തുല്യതയ്ക്കുള്ള അവകാശം വിജയിക്കണം.