Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.ജെ. അക്ബറിനെതിരെ കൂടുതൽ പരാതികൾ; ബിജെപി മൗനത്തിൽ

metoo

ന്യൂഡൽഹി ∙ തൊഴിൽ സ്ഥലത്തെ ലൈംഗിക അതിക്രമങ്ങൾ വെളിപ്പെടുത്തുന്ന ‘മീ ടൂ’ മുന്നേറ്റത്തിന്റെ ഭാഗമായി, കൂടുതൽ പീഡനാരോപണങ്ങൾ ഉയർന്നതോടെ മുഖം നഷ്ടപ്പെട്ട് കേന്ദ്രമന്ത്രി എം.ജെ. അക്ബർ. ‘ഏഷ്യൻ ഏജ്’ പത്രത്തിന്റെ എഡിറ്ററായിരിക്കെ, അക്ബർ തന്റെ അനുമതിയില്ലാതെ ദേഹത്തു സ്പർശിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് ഏഷ്യൻ ഏജ് റസിഡന്റ് എഡിറ്റർ സുപർണ ശർമ ഇന്നലെ വെളിപ്പെടുത്തി.

അക്ബർ എഡിറ്ററായിരുന്ന കാലത്ത് ‘ഏഷ്യൻ ഏജ്’ ജീവിതം നരകമായിരുന്നെന്നും ശാരീരിക കടന്നാക്രമണശ്രമങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു എന്നും മാധ്യമപ്രവർത്തക ഘസാല വഹാബും വെളിപ്പെടുത്തി.

ഇതുവരെ 6 വനിതാ മാധ്യമപ്രവർത്തകർ തങ്ങൾക്കു നേരിട്ടോ സുഹൃത്തുക്കൾക്കോ അക്ബറിൽനിന്നു നേരിട്ട അപമാനത്തെക്കുറിച്ചു പ്രതികരിച്ചുകഴിഞ്ഞു.

ഇതേസമയം, അക്ബറും ബിജെപിയും മൗനം തുടരുന്നു. ‌വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയൊഴികെ മന്ത്രിമാരാരും പ്ര‌ശ്നത്തോടു ‌പ്രതികരിച്ചില്ല. ഗൗരവപൂർവം അന്വേഷണമുണ്ടാവണമെന്ന് മേനക ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സംഭവത്തെക്കുറിച്ചു പ്രതികരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയിരുന്നു. വിദേശകാര്യ വകുപ്പിൽ സുഷമയുടെ സഹമന്ത്രിയാണ് അക്ബർ.

വിശ്വസനീയമായ വിശദീകരണം നൽകാൻ എം.ജെ. അക്ബറിനു കഴിയുന്നില്ലെങ്കിൽ രാജിവയ്ക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.