Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണം സർക്കാർ എടുക്കുന്നില്ല; കഴിഞ്ഞ വർഷം ക്ഷേത്രങ്ങൾക്ക് നൽകിയത് 70 കോടി: മന്ത്രി

Kadakampally Surendran കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം∙ ക്ഷേത്രങ്ങൾക്കായി കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ നൽകിയത് 70 കോടി രൂപയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിനു പ്രതിവർഷം നൽകുന്ന 80 ലക്ഷം രൂപയ്ക്കു പുറമെ ശബരിമല തീർഥാടനത്തിനു ചെലവഴിക്കുന്ന തുക ഉൾപ്പെടെ 35 കോടി രൂപയാണു കഴി‍ഞ്ഞ വർഷം മാത്രം നൽകിയത്. റോഡ് നിർമാണം, ഗതാഗത സൗകര്യമൊരുക്കൽ, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവർത്തനം എന്നിവയ്ക്കായി അതതു വകുപ്പുകൾ മുടക്കുന്ന തുക ഇതിനു പുറമെയാണ്.

ശബരിമല ഇടത്താവള സമുച്ചയ നിർമാണത്തിനായി ഈ വർഷം 150 കോടി രൂപ അനുവദിച്ചു. നടപ്പുവർഷം 210 കോടിയോളം രൂപയാണു ശബരിമല ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിലെ കാവുകളും കുളങ്ങളും സംരക്ഷിക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി രൂപ നൽകി. മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങൾക്കുള്ള ഗ്രാന്റ് അടക്കം 33 കോടി രൂപ കഴിഞ്ഞ വർഷം നൽകി. ദേവസ്വം ബോർഡിനു കീഴിൽ വരാത്ത തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു പ്രതിവർഷം 20 ലക്ഷം രൂപ നൽകുന്നുണ്ട്. കൂടാതെ മിത്രാനന്ദപുരം കുളം നവീകരണത്തിന് ഒരു കോടി രൂപയും വിദഗ്ധസമിതിയുടെ പ്രവർത്തനത്തിന് 5 ലക്ഷം രൂപയും ചെലവഴിച്ചു.

ശബരിമല ഉൾപ്പെടെ ഒരു ക്ഷേത്രത്തിൽനിന്നുള്ള പണവും സർക്കാർ എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കും ഇതെല്ലാം നന്നായി അറിയാമെങ്കിലും വിശ്വാസികളെ വർഗീയതയുടെ കൊടിക്കീഴിൽ കൊണ്ടുവരാനുള്ള നുണ പ്രചാരണമാണ് തുടരുന്നതെന്നു കടകംപള്ളി പറഞ്ഞു