Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: കേന്ദ്ര–സംസ്ഥാന സർക്കാരുകളെ വിമർശിച്ച് കേരള വർമ

ന്യൂഡൽഹി∙ ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാരിനും നിയമനിർമാണം നടത്താമെന്നു പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിലെ കേരളവർമ രാജ. ഇരു സർക്കാരുകൾക്കും ഇക്കാര്യത്തിൽ ഇടപെടാൻ  സാധിക്കും. പുനഃപരിശോധനാ ഹർജിയിൽ തീർപ്പായ ശേഷം നിയമനിർമാണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാരിനു പലതും ചെയ്യാമായിരുന്നു. പക്ഷേ, ഒന്നും ചെയ്തില്ല– അദ്ദേഹം വിമർശിച്ചു.

ശബരിമലയിൽ മുഴുവൻ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി ചർച്ച കൂടാതെ നടപ്പാക്കാനാണു സംസ്ഥാന സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങളുടെ ലംഘനമാണു ശബരിമലയിൽ നടക്കാൻ പോകുന്നത്. ഇത് അനുവദിക്കാനാവില്ല. ക്ഷേത്രത്തിലെ ആചാരം എങ്ങനെ വേണമെന്നു തന്ത്രിമാരും ക്ഷേത്രജ്ഞരും ചേർന്നാണു തീരുമാനിക്കേണ്ടതെന്നും കേരളവർമ പറഞ്ഞു.

ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദിനു നിവേദനം കൈമാറും. ഒരു വിധത്തിലുള്ള ഹിംസാ സമരങ്ങൾക്കും പന്തളം കൊട്ടാരം മുന്നിട്ടിറങ്ങില്ല. ദേവസ്വം ബോർഡ് വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ടോയെന്നു രാജകുടുംബം  യോഗം ചേർന്നു മാത്രമെ തീരുമാനിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.