Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധത്തിനു വഴിമരുന്നിട്ട് 4 യുവതികൾ; എല്ലാവരെയും ഭക്തർ തടഞ്ഞ് മടക്കിയയച്ചു

Sabarimala Women Entry

പമ്പ∙ കഴിഞ്ഞ 2 ദിവസത്തിൽ 4 യുവതികൾ പമ്പയിലെത്തി. 3 പേർ മല ചവിട്ടിയെങ്കിലും പ്രതിഷേധത്തെ തുടർന്നു പിൻവാങ്ങി. നാലാമത്തെ സ്ത്രീയെ പമ്പയിൽനിന്നു തന്നെ മടക്കി അയച്ചു. അത്യന്തം നാടകീയ രംഗങ്ങൾക്കാണു പമ്പയും ശബരിമല പാതയും 2 ദിവസം സാക്ഷ്യം വഹിച്ചത്. വ്യാഴാഴ്ച രാവിലെ മല കയറാൻ ഒരുങ്ങിയ ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനു പ്രതിഷേധത്തെ തുടർന്നു മടങ്ങേണ്ടി വന്നു. പൊലീസ് സുരക്ഷയോടെ മുന്നോട്ടു നീങ്ങിയ സുഹാസിനിക്കു മുന്നിൽ അയ്യപ്പഭക്തർ ശരണം വിളികളുമായി മതിൽ തീർത്തപ്പോൾ, പ്രശ്നങ്ങൾ ഒഴിവാക്കാനായി ഇവർ മലയിറങ്ങി. ലക്നൗ സ്വദേശിനിയായ സുഹാസിനി ന്യൂയോർക്ക് ടൈംസിന്റെ ദക്ഷിണേഷ്യൻ ലേഖികയാണ്.

തനിക്കെതിരെ കല്ലേറുണ്ടായെന്നും ഭക്തരുടെ പ്രതിഷേധം ശക്തമായിരുന്നുവെന്നുമായിരുന്നു സുഹാസിനിയുടെ പ്രതികരണം. ഇന്നലെ അതിരാവിലെയാണു ഹൈദരാബാദിലെ മോജോ ടിവി ലേഖിക കവിതയും കൊച്ചി സ്വദേശിനി രഹനാ ഫാത്തിമയും മലയകയാറാൻ എത്തിയത്. ഫാത്തിമയും ഭർത്താവ് മനോജ് കെ. ശ്രീജിത്തും മക്കളും ഒന്നിച്ചാണു പമ്പയിലെത്തിയത്. ഫാത്തിമയുടെ കൈയ്യിൽ ഇരുമുടിക്കെട്ടുണ്ടായിരുന്നു. ഇരുമുടിക്കെട്ടിൽ പേരയ്ക്കയും ഓറഞ്ചും ആയിരുന്നെന്നു പൊലീസ് പിന്നീട് അറിയിച്ചു. സുരക്ഷയുടെ ഭാഗമായി കവിതയ്ക്കു പൊലീസിന്റെ ജാക്കറ്റും ഹെൽമറ്റും നൽകിയിരുന്നു. ഫാത്തിമയും ഹെൽമെറ്റ് ഉപയോഗിച്ചു. കാനനപാതയിൽ ഒരിടത്ത് ഒരു അയ്യപ്പ ഭക്തൻ കയ്യിൽ കരുതിയ തേങ്ങ ഇരുവർക്കും നേരെ എറിഞ്ഞു.

പൊലീസുകാർക്കിടയിലേക്ക് ഇടിച്ചു കയറിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റി. മറ്റു സ്ഥലങ്ങളിലൊന്നും പ്രശ്നം ഉണ്ടായില്ല. ഭക്തർ ശരണം വിളിച്ചു പ്രതിഷേധിക്കുകയേ ചെയ്തുള്ളൂ. നടപ്പന്തലിനു സമീപം ഭക്തർ കുത്തിയിരുന്നു. 2 റിപ്പോർട്ടർമാരും 2 ക്യാമറമാന്മാരും കവിതയ്ക്കൊപ്പം ഉണ്ടായിരുന്നു. കവിതയുടെ ഹൈദരബാദിലെ വീടിനു നേരെ ആക്രമണം ഉണ്ടായതായും വിവരമുണ്ട്. പമ്പയിൽനിന്നു മലകയറിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയെ (46) തടഞ്ഞതും ഭക്തർ തന്നെ. പമ്പയിൽനിന്ന് പൊലീസ് വനിതാ ഗാർഡ് റൂമിനു മുന്നിലൂടെ നടന്നുനീങ്ങിയ മേരീ സ്വീറ്റിയെ 100 മീറ്റർ നടന്നപ്പോഴേക്കും ഭക്തർ തടഞ്ഞു.

പൊലീസ് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട മേരി സ്വീറ്റി താൻ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നയാളാണെന്നും പറഞ്ഞു. ഇരുമുടിക്കെട്ട് കൊണ്ടുകയറാൻ ഭാരമായതിനാൽ സന്നിധാനത്തു ചെന്നു സംഘടിപ്പിക്കാമെന്നുമായിരുന്നു മറുപടി. ഒടുവിൽ ഡിവൈഎസ്പി സ്ഥലത്തെത്തി സുരക്ഷ നൽകാനാകില്ലെന്ന് അറിയിച്ചതോടെയാണ് അവർ തിരിച്ചു നടന്നത്. ശരണം വിളികളും കൂക്കുവിളികളുമായി ഭക്തർ പിന്നാലെ കൂടി. പൊലീസ് ഇവരെ ഗാർഡ് റൂമിലേക്കു മാറ്റുകയായിരുന്നു.